പൊന്നാനി: പൊന്നാനി മരക്കടവിലെ അയൽവാസികൾ ഫിഷർമെൻ ഭവനസമുച്ചയത്തിലും സമീപവാസികളായി എത്തിയപ്പോൾ മൊട്ടിട്ടതായിരുന്നു ഫാത്തിമയുടെയും മുഹമ്മദിന്റെയും പ്രണയം. വീട്ടുകാരുടെ എതിർപ്പുകൾക്കിടയിലാണ് ഒന്നര വർഷം മുമ്പ് ഇരുവരും വിവാഹിതരായത്. സ്നേഹത്തോടെ കഴിഞ്ഞിരുന്ന ദമ്പതികൾക്കിടയിൽ മാസങ്ങളായി കുടുംബപ്രശ്നങ്ങൾ ഉടലെത്തു. ഒടുവിൽ കഴുത്തിൽ ഷാളിട്ടുമുറുക്കി കൊന്ന് മുഹമ്മദ് ഫാത്തിമയുടെ അന്തകനായി. ഇവർ തമ്മിലുള്ള പ്രശ്നം ഒരാഴ്ച മുമ്പ് പരാതിയായി പൊന്നാനി പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരമുണ്ടാക്കി ഇരുവരെയും പറഞ്ഞയച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയിൽ ഫാത്തിമയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കടപ്പുറത്തേക്ക് കൊണ്ടുപോയ മുഹമ്മദ് കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഫാത്തിമയുടെ വീട്ടിൽനിന്ന് കുഞ്ഞിനെ തന്റെ വീട്ടിൽ കൊണ്ടുവന്ന് ഏൽപ്പിച്ചശേഷം മുഹമ്മദ് മുങ്ങി. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനു സമീപം ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കാനുള്ള ശ്രമത്തിനിടെയാണ് മുഹമ്മദ് പൊലീസ് പിടിയിലായത്.
പൊന്നാനി: രാവിലെ ബീച്ചിലെത്തിയ സ്ത്രീകളാണ് മൃതദേഹം തെരുവുനായ്ക്കൾ കടിച്ചുവലിക്കുന്നത് കണ്ടത്. ദൃശ്യം കണ്ട് ഇവർ ബഹളംവെച്ചതോടെ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഓടിയെത്തിയതോടെയാണ് കൊലപാതക വിവരം പൊലീസിൽ അറിയിച്ചത്. തുടക്കത്തിൽതന്നെ കൊലപാതകമെന്ന നിഗമനത്തിലാണ് അന്വേഷണം നടന്നത്. പൊന്നാനിയിലും സമീപ സ്റ്റേഷനുകളിലും മിസിങ് കേസുകൾ റിപ്പോർട്ട് ചെയ്യാതിരുന്നതിനാൽ ആരുടെ മൃതദേഹമെന്ന് തിരിച്ചറിയാനായില്ല.
ഉച്ചയോടെയാണ് ബന്ധുക്കൾ ഫാത്തിമയുടെ മൃതദേഹമെന്ന് സ്ഥിരീകരിച്ചത്. ഫാത്തിമയുടെ ഭർത്താവ് സ്ഥലത്തില്ലെന്ന് ബോധ്യമായതോടെ മുഹമ്മദിന്റെ കൊലപാതകത്തിലെ പങ്കിനെക്കുറിച്ച് സംശയം ഉയർന്നു. ഇതിനിടെ തിരൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തുതന്നെ ഇൻക്വസ്റ്റ് നടപടികളും പൂർത്തിയാക്കി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം പരപ്പനങ്ങാടിയിൽ നിന്ന് ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. താൻ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് മുഹമ്മദ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.