ഹജ്ജ് ക്യാമ്പിന് വിപുല ഒരുക്കം, ആദ്യ വിമാനം 30ന്

മലപ്പുറം: ഹജ്ജ് ക്യാമ്പിന് വിപുലമായ ഒരുക്കങ്ങളായതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആദ്യ വിമാനം ഈമാസം 30ന് കൊച്ചിയിൽ നിന്നായിരിക്കും. കേരളത്തിൽ നിന്നും ഇത്തവണയും മൂന്ന് എമ്പാർക്കേഷൻ പോയിന്റുകളാണുള്ളത്. കൊച്ചി, കോഴിക്കോട്, കണ്ണൂർ. കേരളത്തിൽ നിന്നും നിലവിൽ 13194 പേരാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇതിൽ 7943 പേർ കൊച്ചിയിൽനിന്നും 4279 പേർ കണ്ണുരിൽ നിന്നും 944 പേർ കോഴിക്കോട് നിന്നും യാത്രയാകും.

കേരളത്തിലെ 28 പേർ മറ്റു സംസ്ഥാനങ്ങളിലെ എംബാർക്കേഷൻ പോയിന്റിൽ നിന്നുമാണ് യാത്രയാകാൻ തെരഞ്ഞെടുത്തത്. ഇതു കൂടാതെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഹാജിമാർ കേരളത്തിലെ എംബാർക്കേഷൻ പോയിന്റിൽ നിന്നും യാത്രയാകുന്നുണ്ട്. ലക്ഷദ്വീപ് 107, പോണ്ടിച്ചേരി 39, തമിഴ്‌നാട് 263, കർണ്ണാടക 239, ഉത്തർപ്രദേശ് അഞ്ച്, മഹാരാഷ്ട്ര -രണ്ട്, തെലുങ്കാന രണ്ട് എന്നിങ്ങനെയാണിത്. ഹജ്ജ് ക്യാമ്പ് ഏപ്രിൽ 29 മുതൽ കൊച്ചിയിൽ ആരംഭിക്കും. ആദ്യ വിമാനം ഏപ്രിൽ 30ന് കൊച്ചിയിൽനിന്നും

ഉച്ചക്ക് 2.10 ന് 430 തീർഥാടകരുമായി ജിദ്ദയിലേക്ക് യാത്രയാകും. ഫ്‌ളൈനാസ് എയർലൈൻസാണ് കൊച്ചിയിൽനിന്നും സർവ്വീസ് നടത്തുന്നത്, 430 പേരുടെ 20 സർവീസുകളാണുള്ളത്. ഇതിൽ ഏപ്രിൽ 30 മുതൽ മേയ് എട്ട് വരെ 17 നോർമ്മൽ (40 മുതൽ 45 ദിവസം) സർവ്വീസുകളും, മേയ് 17 മുതൽ 19 വരെ മൂന്ന് ഷോർട്ട് ഹജ്ജ് (25 ദിവസം) സർവ്വീസുകളുമാണ്.

ഷോർട്ട് ഹജ്ജ്

ഈ വർഷം ഹജ്ജ് കമ്മിറ്റി പുതുതായി ആരംഭിച്ച പാക്കേജാണ് ഷോർട്ട് ഹജ്ജ്. സാധാരണയായി ശരാശരി 40/45 ദിവസങ്ങളാണ് നോർമ്മൽ ഹജ്ജിന് സൗദിയിൽ ഹാജിമാർക്ക് ലഭിക്കാറ്. പുതുതായി ആരംഭിച്ച ഷോർട്ട് ഹജ്ജിന് 25 ദിവസങ്ങളാണ് ഉള്ളത്. ഇതു കുറഞ്ഞ ദിവസം ആഗ്രഹിക്കുന്ന/ ലീവ് കുറഞ്ഞ തീർത്ഥാടകർക്ക് വളരെ സൗകര്യപ്രദമായ പാക്കേജ് ആണ്. ഇതിന് താൽപര്യമുള്ളവർ അപേക്ഷാ സമയത്ത് തന്നെ അപേക്ഷയിൽ ആയത് രേഖപ്പെടുത്തണം. ഇന്ത്യയിൽ ഏഴ് എമ്പാർക്കേഷനിൽ നിന്നുമാണ് ഷോർട്ട് ഹജ്ജ് സർവ്വീസുള്ളത്. അതിൽ കേരളത്തിൽ നിന്നും കൊച്ചി ഉൾപ്പെടുന്നു.

കണ്ണൂർ എംബാർക്കേഷനിൽ നിന്നും മേയ് ആറിനാണ് സർവ്വീസുകൾ ആരഭിക്കുന്നത്. ഫ്‌ളൈ അദീൽ എയർലൈൻസ് 350 പേരുടെ 13 സർവ്വീസുകളാണ് നടത്തുന്നത്. കോഴിക്കോട് നിന്നും ഇത്തവണ ആകാശ എയർലൈൻസാണ് സർവ്വീസ് നടത്തുന്നത്. മേയ് 14 മുതൽ 17 വരെ 145 പേരുടെ ഏഴ് സർവ്വീസുകളാണുള്ളത്. കൊച്ചി സിയാൽ അക്കാദമിയിൽ പന്തലും മറ്റു സവിധാനങ്ങളുടെയും പ്രവർത്തനം അവസാന ഘട്ടിലാണ്. കൊച്ചിയിൽ കൊച്ചിൻ എയർപോർട്ട് അധികൃതരാണ് പന്തലും മറ്റു പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതും.

കണ്ണൂരിൽ ഇന്റർ നാഷണൽ എയർപോർട്ടിന് സമീപം പ്രത്യേകം തയ്യാറാക്കുന്ന പന്തലിലാണ് ഹജ്ജ് ക്യമ്പ് സൗകര്യപ്പെടുത്തുന്നത്. കണ്ണൂരിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റിയാണ് പന്തൽ നിർമ്മിക്കുന്നത്. ഇതിന് ടെണ്ടർ വിളീച്ച് നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിച്ചു. കണ്ണൂർ ഹജ്ജ് കമ്മറ്റി പന്തൽ, മറ്റു സംവിധാനങ്ങൾ തുടങ്ങി ഹജ്ജ് ക്യാമ്പിന് ഒരു കോടി രൂപ സംസ്ഥാന സർക്കാർ വകയിരുത്തിയിട്ടുണ്ട്. 

കണ്ണൂർ ഹജ്ജ് ക്യമ്പിനും, ഹജ്ജ് ഹൗസിനുള്ള പ്രവർത്തനങ്ങൾ ഹജ്ജ് മന്ത്രി വി. അബ്ദുറഹിമാൻ നേരിട്ടുള്ള മേൽനോട്ടത്തിൽ വിലയിരുത്തി. ഹജ്ജ് ഹൗസ് നിർമ്മാണത്തിന് സംസ്ഥാന സർക്കാർ അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ വാർത്തസമ്മേളനത്തിൽ ഹജ്ജ് കമ്മിറ്റി മെമ്പർമാരായ അഡ്വ. പി മൊയ്തീൻകുട്ടി, അഷ്‌കർ കോറാട്, പി. അബ്ദുറഹിമാൻ ഇണ്ണി, നോഡൽ ഓഫിസർ പി.കെ. അസ്സയിൻ എന്നിവരും പ​ങ്കെടുത്തു. 

ക്യാമ്പുകളിൽ വിപുലമായ കാന്റീൻ സൗകര്യം

മൂന്ന് എംബാർക്കേഷനിലേയും ക്യാമ്പുകളിലെ ഹാജിമാർക്ക് ഭക്ഷണം നൽകുന്നതിന്നായി വിപുലമായ കാന്റീൻ സൗകര്യം ഒരുക്കിയിട്ടു​ണ്ടെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു. മൂന്ന് എംബാർക്കേഷനുകളിലും ഹജ്ജ് ക്യാമ്പ് പ്രവർത്തനങ്ങൾക്കും, രേഖകൾ കൈമാറുന്നതിനുമായി സർക്കാർ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. കോഴിക്കോട് ഹജ്ജ് സെൽ ഓഫിസർ കെ.കെ. മൊയ്തീൻകുട്ടി, കൊച്ചി സെൽ ഓഫിസർ വൈ. ഷമീർഖാൻ, കണ്ണൂർ സെൽ ഓഫിസർ നജീബ് എന്നിവരെയാണ് ചുമതലപ്പെടുത്തിയത്. റിട്ട എസ്.പി യു. അബ്ദുൽ കരീമിനെ ഹജ്ജ് ക്യാമ്പ് സ്‌പെഷൽ ഓഫിസറായി ചുമതലപ്പെടുത്തി.

കേന്ദ്ര ഹജജ്കമ്മിറ്റിയുടെ ഓഫിസ് പ്രതിനിധികൾ ഹജ്ജ് ക്യാമ്പിൽ രേഖകളുടെയും മറ്റും മേൽനോട്ടത്തിനായി ഹജ്ജ് ക്യാമ്പിൽ എത്തും. ഇത്തവണയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ മൂന്ന് ഘട്ടങ്ങളിലായുള്ള സാങ്കേതിക പരിശീലന ക്ലാസ്സുകൾ ഹാജിമാർക്കായി സംഘടിപ്പിച്ചിരുന്നു. പുതുതായി ഈ വർഷം മുതൽ നൽകുന്ന സ്മാർട്ട് വാച്ച്, ഹജ്ജ് സുവിധ അപ്ലിക്കേഷൻ ഉപയോഗം തുടങ്ങിയവയിൽ കൃത്യമായ പരിശീലനം ഹാജിമാർക്ക് നൽകി. ഓരോ 150 ഹാജിമാർക്ക് ഒരാൾ എന്ന തോതിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ജീവനക്കാരായ സ്‌റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർമാർ ഹാജിമാരെ അവരോടൊപ്പം വിമാനത്തിൽ അനുഗമിക്കും. ഇവർക്ക് സംസ്ഥാന ഹജ്ജ് കമ്മറ്റി പ്രത്യേക ദ്വിദിന പരിശീലനം നൽകിയിട്ടുണ്ട്.

Tags:    
News Summary - Extensive preparations for Hajj camp, first flight on the 30th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.