1. ദേശീയപാത വളാഞ്ചേരി ഓണിയിൽ പാലത്തിനു സമീപം അപകടത്തിൽ തകർന്ന കാർ 2. അപകടത്തിൽ തകർന്ന ഫാസ് ടാഗ് കേന്ദ്രം
വളാഞ്ചേരി: ദേശീയപാത 66ൽ വളാഞ്ചേരി ഓണിയിൽ പാലത്തിനു സമീപം കാറുകൾ കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം.
ഫാസ്ടാഗ് എടുക്കുന്നതിനായി ആറുവരിപ്പാതയോരത്ത് നിർത്തിയ കാറിന് പിന്നിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. ദേശീയപാതയോരത്ത് ഫാസ്ടാഗ് വിൽപനക്കായി സ്ഥാപിച്ച താൽക്കാലിക സ്റ്റാളിൽനിന്നും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി പുറപ്പെടാൻ തുടങ്ങിയ കാറിലേക്കാണ് പിന്നാലെ വന്ന വാഹനം നിയന്ത്രണംവിട്ട് ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഫാസ്ടാഗ് ജീവനക്കാരനും ഇരു കാറുകളിലുണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഫാസ്ടാഗ് ജീവനക്കാരനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അപകടത്തിൽപ്പെട്ട കാറിലെ എയർബാഗുകൾ കൃത്യസമയത്ത് പ്രവർത്തിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ഇവർക്ക് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി.
ദേശീയപാതയിൽ വാഹനങ്ങൾ നിർത്തിയിടാൻ അനുവാദമില്ലാത്ത ഇടങ്ങളിലാണ് പലപ്പോഴും ഇത്തരം ഫാസ്ടാഗ് സ്റ്റാളുകൾ പ്രവർത്തിക്കുന്നത്. ഇത് വലിയരീതിയിലുള്ള അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
ആറുവരിപ്പാതയിൽ വിവിധ സ്ഥലങ്ങളിലായി പ്രവർത്തിക്കുന്ന ഇത്തരം താൽക്കാലിക ഫാസ്ടാഗ് സ്റ്റാളുകൾ അപകടങ്ങൾക്കിടയാക്കാനുള്ള സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ ദേശീയപാതയിൽ പരിശോധന കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.