കെട്ടുങ്ങൽ വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കാരക്കോടൻ പുഴ ശുചീകരിക്കുന്നു
നിലമ്പൂർ: കടുത്ത വരൾച്ചയിൽ നീരൊഴുക്ക് കുറഞ്ഞ് മലിനമായ വഴിക്കടവിലെ കാരക്കോടൻ പുഴ കെട്ടുങ്ങൽ വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. പുഴയിൽ താൽക്കാലികമായി കെട്ടിയ തടയണകൾ പൊട്ടിച്ച ശേഷമാണ് ശുചീകരണ പ്രവൃത്തി നടത്തിയത്. വ‍്യാപാര സ്ഥാപനങ്ങളിൽനിന്ന് ഉൾപ്പെടെയുള്ള മാലിന‍്യം പുഴയോരത്ത് തള്ളുന്നത് മൂലം പ്ലാസ്റ്റിക് നിറഞ്ഞും മറ്റും പുഴ ഏറെ വൃത്തിഹീനമായിരുന്നു. വെള്ളക്കട്ട മുതൽ കെട്ടുങ്ങൽ വരെയുള്ള കിലോമീറ്ററുകളോളം കൂട്ടായ്മ ശുചീകരണം നടത്തി. പുഴയോരത്ത് നിരവധി കുടിവെള്ള പദ്ധതി കിണറുകളുണ്ട്.
കഴിഞ്ഞ വർഷം പ്രദേശത്ത് മഞ്ഞപ്പിത്ത രോഗം പടർന്നുപിടിച്ചിരുന്നു. പുഴയിൽ കുളിക്കുന്നവർക്ക് ചൊറിച്ചിൽ രോഗവും റിപ്പോർട്ട് ചെയ്തിരുന്നു. പുഴ ശുചീകരണത്തിൽ എസ്.വൈ.എസ്, റെഡ് ആൻഡ് ബ്ലാക്ക് വളന്‍റിയർമാരും പങ്കാളികളായി. സേവനപ്രവർത്തനങ്ങൾക്ക് കെട്ടുങ്ങൽ വാട്സ് ആപ്പ് കൂട്ടായ്മ ചെയർമാൻ സി. ചെറിയോൻ, കെ.പി. ബീരാൻകുട്ടി, ഷൗക്കത്ത് പൂഴിക്കുന്നൻ, ഇ.കെ. ജലാൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.