എടപ്പാൾ: ജില്ലയിൽ ബലാബല പോരാട്ടം നടന്ന മണ്ഡലമാണ് തവനൂർ. തെരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രമിരിക്കെ മണ്ഡലം ആരെ തുണക്കുമെന്ന ആശങ്കയിലാണ് ഇരു മുന്നണികളും. 77.8 ശതമാനമാണ് തവനൂർ മണ്ഡലത്തിലെ പോളിങ്. മണ്ഡലം രൂപീകൃതമായ ശേഷം ആദ്യമായാണ് മണ്ഡലത്തിൽ ഇത്രയും വലിയ പോളിങ് രേഖപ്പെടുത്തുന്നത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 74.40% ശതമാനമായിരുന്നു ഇവിടത്തെ പോളിങ്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ വെറും 2,564 വോട്ടുകൾക്കാണ് കെ.ടി. ജലീലിന് മണ്ഡലം പിടിച്ചുനിർത്തിയത്.
ഇത്തവണ ഏതെല്ലാം ഘടകങ്ങളാണ് തവനൂരിൽ പ്രവർത്തിച്ചതെന്ന് മുന്നണികൾക്ക് ഇതുവരെയും പിടികിട്ടിയില്ല. മണ്ഡലം കൈവിടില്ലെന്ന ശുഭ പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. ഇടതുസർക്കാറിന്റെ വികസനവും ക്ഷേമവും കരുതലും ജനങ്ങളെ നന്നായി സ്വാധീനിച്ചിട്ടുണ്ടെന്നും തവനൂരിൽ വിജയം ഉറപ്പാണെന്നും പതിനായിരത്തിൽ കുറയാത്ത ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും തവനൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ഡോ.കെ.ടി. ജലീൽ പറയുന്നു.
എന്നാൽ, പോളിങ് ശതമാനം നൽകുന്ന സൂചനകൾ എൽ.ഡി.എഫിന് അത്ര അനുകൂലമല്ല. ബൂത്തുതല കണക്കുകൾ വെച്ച്, പൊന്നാനിക്കൊപ്പം തവനൂരിലും ഭൂരിപക്ഷം കുറയുമെന്ന വിലയിരുത്തലിലാണ് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് എത്തിയത്. മണ്ഡലത്തിൽ സുരക്ഷിത ഭൂരിപക്ഷം സി.പി.എം പ്രതീക്ഷിക്കുന്നില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മണ്ഡലം നഷ്ടപ്പെടാനുള്ള സാധ്യതയും പാർട്ടി മുന്നിൽ കാണുന്നുണ്ട്.
പ്രതീക്ഷിച്ച എല്ലാ ഘടകങ്ങളും ഒത്തുവന്നാൽ 5,000 മുതൽ 8,000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തിന് മണ്ഡലം പിടിച്ചെടുക്കുമെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം. എൽ.ഡി.എഫ് സർക്കാറിനെതിരായ ഭരണവിരുദ്ധത വികാരവും മണ്ഡലത്തിൽ കെ.ടി. ജലീലിന് എതിരായ ഘടകങ്ങളും വി.എസ്. ജോയിക്ക് അനുകൂലമായതായി യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നു. തദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും ഭരണം ലഭിച്ചതിന്റെ ആത്മവിശ്വാസം യു.ഡി.എഫിനുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽനിന്ന് വ്യത്യസ്തമായി പ്രാദേശികമായി ലീഗിന്റെ സഹകരണം നന്നായി ലഭിച്ചതും വി.എസ്. ജോയിയുടെ ആത്മവിശ്വാസം ഉയർത്തുന്ന ഘടകമാണ്.
ബി.ജെ.പി പിടിക്കുന്ന വോട്ടുകളും ജലീലിന് നിർണായകമാവും. സി.പി.എമ്മിന് വിജയം ഉറപ്പുള്ള സംസ്ഥാനത്തെ 50 മണ്ഡലങ്ങളുടെ പട്ടികയിൽ തവനൂരില്ല എന്നതിൽതന്നെ എൽ.ഡി.എഫിന് ആശങ്കയുള്ള മണ്ഡലങ്ങളിൽ ഒന്നാണിതെന്ന് വ്യക്തം. അതേസമയം, കാന്തപുരം വിഭാഗത്തിന്റെയും സമസ്തയിലെ ലീഗ് വിരുദ്ധരുടെയും വോട്ടുകൾ എൽ.ഡി.എഫിന് അനുകൂലമായതായും തവനൂരിൽ വിജയം ഉറപ്പാണെന്നും കെ.ടി. ജലീൽ ആവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.