എംപ്ലോയ്​മെന്‍റ്​ വഴി നിയമിച്ച കൃഷി ഓഫിസർമാരുടെ കാലാവധി നീട്ടി

നിലമ്പൂർ: എംപ്ലോയ്​മെന്‍റ്​ എക്സ്ചേഞ്ച് വഴി നിയമിച്ച കൃഷി ഓഫിസർമാരുടെ കാലാവധി ദീർഘിപ്പിച്ചു ഉത്തരവായി. ഓഫിസർമാരുടെ അഭാവം വകുപ്പിന്‍റെ തനതു പദ്ധതി നിർവഹണ പ്രവർത്തനങ്ങളെ ബാധിക്കുന്നതായി കൃഷി വകുപ്പ് അണ്ടർ സെക്രട്ടറി നൽകിയ കത്തിനെ തുടർന്നാണ് കാർഷിക വികസന ക്ഷേമ വകുപ്പ് ഡയറക്ടർ സർക്കാറിന്‍റെ അനുമതിയോടെ കാലാവധി ദീർഘിപ്പിച്ച് ഉത്തരവിറക്കിയത്. ഇതുപ്രകാരം താൽക്കാലിക നിയമനം ലഭിച്ച് നിലവിൽ സേവനത്തിൽ തുടർന്നുവരുന്ന ഓഫിസർമാരുടെ 179 ദിവസത്തെ കാലാവധി തീരുന്ന മുറക്ക് മിനിമം ഒരു പ്രവൃത്തി ദിവസം ഇടവേള നൽകിയാണ് കാലാവധി നീട്ടി നൽകുന്നത്. കാലാവധി തീരുന്ന മുറക്ക് ഒരു പ്രവൃത്തി ദിവസം ബ്രേക്ക് നൽകി പരമാവധി 90 ദിവസം വരെ തുടരാൻ അനുമതി നൽകണം. എംപ്ലോയ്​മെന്‍റ്​ എക്സ്ചേഞ്ച് മുഖേന പുതിയ ബാച്ച്​ നിയമിക്കുന്നത് വരെയോ അല്ലെങ്കിൽ പി.എസ്.സി മുഖേന സ്ഥിരം നിയമനം നടത്തുന്നവരെയോ 90 ദിവസം പൂർത്തിയാകുന്നതോ ഏതാണോ ആദ‍്യം സംഭവിക്കുന്നത് അതുവരെയാണ് കാലാവധി നീട്ടി നൽകൽ. സർവിസ് ദീർഘിപ്പിച്ച് നൽകുന്ന ഉദ‍്യോഗാർഥികളുടെ വിവരം അടിയന്തരമായി പ്രിൻസിപ്പൽ കൃഷി ഓഫിസർ റിപ്പോർട്ട് ചെയ്യണം. അടിക്കടി ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങൾ മൂലം സംഭവിക്കുന്ന നാശനഷ്ടം തിട്ടപ്പെടുത്തി കർഷകർക്ക് നഷ്ടപരിഹാരം നൽകുന്ന പ്രവർത്തനങ്ങളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തനങ്ങളെയും കൃഷി ഓഫിസർമാരുടെ കുറവ് സാരമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി ഈ മാസം 22ന് കൃഷി വകുപ്പ് അണ്ടർ സെക്രട്ടറി കാർഷിക വികസന ക്ഷേമ വകുപ്പ് ഡയറക്ടർക്ക് നൽകിയ കത്തിൽ പറഞ്ഞിരുന്നു. മുഖ‍്യമന്ത്രിയുടെ രണ്ടാം നൂറുദിന പരിപാടികൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതനാലും പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലില്ലാത്തതിനാലും എംപ്ലോയ്​മെന്‍റ്​ മുഖേന നിയമിക്കപ്പെട്ട കൃഷി ഓഫിസർമാരുടെ കാലാവധി ദീർഘിപ്പിക്കണമെന്നായിരുന്നു ആവശ‍്യപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.