കരിപ്പൂർ: രണ്ട് വർഷത്തിന് ശേഷം രാജ്യത്ത് വിമാന സർവിസുകൾ പൂർവസ്ഥിതിയിലേക്ക്. കോവിഡിനെ തുടർന്ന് 2020 മാർച്ച് 23ന് നിർത്തിയ ഷെഡ്യൂൾ സർവിസുകളാണ് പുനരാരംഭിക്കുന്നത്. മാർച്ച് 27 മുതലാണ് അന്താരാഷ്ട്ര ഷെഡ്യൂൾ സർവിസുകൾ ആരംഭിക്കാൻ കേന്ദ്രം അനുമതി നൽകിയത്. കഴിഞ്ഞ ഡിസംബറിൽ അനുമതി നൽകിയിരുന്നെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് നീട്ടുകയായിരുന്നു. രണ്ട് വർഷമായി വന്ദേഭാരത്, ചാർട്ടർ സർവിസുകൾ, വിവിധ രാജ്യങ്ങളുമായി ഉണ്ടാക്കിയ എയർ ബബ്ൾ കരാർ പ്രകാരമുള്ള സർവിസുകൾ എന്നിവയാണ് ഉണ്ടായിരുന്നത്. വിമാന കമ്പനികൾ മാർച്ച് 27 മുതൽ ഒക്ടോബർ 29 വരെയുള്ള വേനൽക്കാല ഷെഡ്യൂളുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡിന്‍റെ ആഘാതം മറികടന്ന് പഴയ നിലയിലേക്ക് എത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോഴിക്കോട് വിമാനത്താവളവും. താൽക്കാലികമായി നിർത്തിയ സർവിസുകളെല്ലാം വിമാന കമ്പനികൾ പുനരാരംഭിക്കുന്നുണ്ട്. ഒമാൻ എയർ സർവിസ് ആരംഭിക്കുന്നതാണ് പ്രധാന നേട്ടം. രണ്ട് വർഷമായി മസ്കത് സെക്ടറിൽ എയർ ബബ്ൾ കരാർ പ്രകാരം സലാം എയറായിരുന്നു സർവിസ് നടത്തിയത്. ഒമാൻ എയർ വരുന്നതോടെ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കണക്ടിവിറ്റിയും ലഭ്യമാകും. കുറഞ്ഞ സർവിസുകളുണ്ടായിരുന്ന ഖത്തർ എയർവേസും ഗൾഫ് എയറും പ്രതിദിന സർവിസുകളാകുന്നുണ്ട്. കൂടാതെ, എയർ ഇന്ത്യ മുംബൈ, ദുബൈ, ഷാർജ സർവിസും തുടങ്ങും. ഡൽഹി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, തിരുവനന്തപുരം, കൊച്ചി, കണ്ണൂർ എന്നീ ആഭ്യന്തര സെക്ടറുകളിലും ജിദ്ദ, റിയാദ്, ദമ്മാം, ദുബൈ, അബൂദബി, ഷാർജ, അൽഐൻ, റാസൽഖൈമ, മസ്കത്, സലാല, ബഹ്റൈൻ, ദോഹ, കുവൈത്ത് എന്നീ അന്താരാഷ്ട്ര സെക്ടറുകളിലുമാണ് കരിപ്പൂരിൽനിന്ന് വിമാന സർവിസുള്ളത്. എയർഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഖത്തർ എയർവേസ്, ഒമാൻ എയർ, ഗൾഫ് എയർ, എയർ അറേബ്യ, ഫ്ലൈ ദുബൈ, ഫ്ലൈ നാസ് എന്നീ വിദേശ കമ്പനികളും സർവിസ് നടത്തും. കോവിഡിന് മുമ്പുണ്ടായിരുന്നതിൽ സൗദി എയർലൈൻസും ഇത്തിഹാദുമാണ് ഇനി തിരിച്ചെത്താനുള്ളത്. വലിയ വിമാനങ്ങൾക്കുള്ള നിയന്ത്രണമാണ് സൗദിയക്ക് തിരിച്ചടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.