പെരിന്തൽമണ്ണ: നഗരസഭയിലെ പദ്ധതികൾ പാതിവഴിയിൽ നിലച്ചതിന്‍റെ കാരണം തേടി പ്രതിപക്ഷ അംഗങ്ങൾ. സാമ്പത്തിക പ്രതിസന്ധി കാരണം പദ്ധതികൾ മുടങ്ങുകയും നഗരസഭയുടെ ദൈനംദിന ചെലവുകൾ പോലും ബാധ്യതയാവുകയും ചെയ്തതോടെയാണ് ഇക്കാര്യം നഗരസഭ യോഗത്തിൽ ഉന്നയിച്ചത്. വരുമാനത്തിനനുസരിച്ചല്ലാതെ തുടങ്ങിവെച്ച പദ്ധതികളും അവക്കുവേണ്ടി എടുത്ത കോടികളുടെ വായ്പകളുമാണ് പുതുതായി ചുമതലയേറ്റ ഭരണസമിതിക്ക് ബാധ്യതയായത്. നിലവിലുണ്ടായിരുന്ന നഗരസഭ ടൗൺഹാൾ പൊളിച്ച് ഏഴു കോടി രൂപ ചെലവിൽ ആധുനിക ടൗൺഹാൾ നിർമാണത്തിന് മൂന്നു വർഷം മുമ്പാണ് തുടക്കമിട്ടത്. എന്നാൽ, പ്രവൃത്തി നിലച്ചിട്ട് രണ്ടു വർഷമായി. 40 കോടി രൂപ കണക്കാക്കിയാണ് ഇൻഡോർ മാർക്കറ്റ് നിർമാണം തുടങ്ങിയത്. ഇതിലും പണികൾ ശേഷിക്കുന്നു. 35 കോടിയുടെ മൂസക്കുട്ടി സ്മാരക ബസ്റ്റാൻഡിൽ ഷോപ്പിങ് കോംപ്ലക്സിന്‍റെ ഒരു നില മാത്രമേ പണിതിട്ടുള്ളൂ. ഇതിൽ പ്രാഥമിക സൗകര്യങ്ങൾ ഒരുക്കാൻ പോലും സാമ്പത്തിക പ്രതിസന്ധി തടസ്സമാണ്. കരാറുകാർക്ക് പണം നൽകാനില്ലാതെ പദ്ധതികൾ പലതും പാതിവഴിയിലാണ്. 400 ഭൂരഹിത കുടുംബങ്ങൾക്കായി 12 പാർപ്പിട സമുച്ചയങ്ങൾ വീതമുള്ള 34 അപ്പാർട്ട്മെന്‍റുകൾ പണിയുന്ന പ്രവൃത്തിയാണ് ഏറ്റവും പ്രതിസന്ധിയിലായത്. ഏകദേശം പൂർത്തിയായ പദ്ധതിയിൽ പ്രതീക്ഷിച്ച ഫണ്ടുകൾ ലഭിക്കാതെ 6.8 കോടിയുടെ ബാധ്യതയാണ് നഗരസഭക്ക് വന്നത്. ഇത് വായ്പയായി ലൈഫ് മിഷൻ അനുവദിച്ചെങ്കിലും തിരികെ നൽകണം. പാതി നിലച്ച പദ്ധതികളുടെ കാര്യത്തിലും കരാറുകാർക്ക് വൻതുക കുടിശ്ശികയുള്ള കാര്യത്തിലും കാരണം തേടിയെങ്കിലും സാങ്കേതിക തടസ്സങ്ങൾ മാത്രമാണെന്നാണ് ചെയർമാൻ പി. ഷാജി മറുപടി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.