ദേശീയപാതയിൽ യുവാക്കൾ മരിച്ച സംഭവം: കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ അറസ്റ്റിൽ

സർവിസിൽനിന്ന്​ സസ്പെൻഡ്​ ചെയ്തു കുഴൽമന്ദം: ദേശീയപാതയിൽ രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവർ തൃശൂർ പീച്ചി സ്വദേശി ഔസേപ്പിനെയാണ്​ (50) കുഴൽമന്ദം പൊലീസ് അറസ്റ്റ് ചെയ്​തത്. ദേശീയപാത ചിതലി വെള്ളപ്പാറയിൽ തിങ്കളാഴ്ച രാത്രിയാണ് കാവശ്ശേരി ഈടുവെടിയാൽ ഷീജാ നിവാസിൽ മോഹനന്‍റെ മകൻ ആദർശ് മോഹൻ (23), സുഹൃത്ത്​ കാസർകോട് ആഞ്ഞൂർ ആനന്ദാശ്രമം കാളിക്കടവ് ഉദയംകുന്നിൽ കെ. തമ്പാന്‍റെ മകൻ കെ. സാബിത്ത് (26) എന്നിവർ മരിച്ചത്. വലതുവശത്ത്​ കൂടി പോകുന്ന ലോറിയെ ബൈക്കിൽ മറികടക്കുന്നതിനിടെ പുറകെ വന്ന കെ.എസ്.ആർ.ടി.സി ബസിന്‍റെ പിറകുവശം ബൈക്കിൽ ഇടിക്കുകയായിരുന്നു. ലോറിക്കും ബസിനുമിടയിൽ കുടുങ്ങി ബൈക്ക് യാത്രികരായ യുവാക്കൾ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ചാണ് യുവാക്കൾ മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, അപകടത്തിൽപെട്ട വാഹനങ്ങൾക്ക് പിന്നിൽ വന്നിരുന്ന കാറിന്‍റെ മുൻ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വ്യക്തത ലഭിച്ചത്. തുടന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ബസ് ഡ്രൈവറുടെ അശ്രദ്ധ കാരണമാണ് യുവാക്കൾ മരിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. ഔസേപ്പിനെ സർവിസിൽനിന്ന്​ സസ്പെൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.