സ്വാതന്ത്ര്യസമര സേനാനി രൈരു നായർക്ക് അന്ത്യാഞ്ജലി

തലശ്ശേരി: സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്​റ്റ്​ സഹയാത്രികനുമായ പിണറായി സ്വദേശി ചാത്തോത്ത് രൈരു നായരുടെ (98) മൃതദേഹം മേലൂരിലെ ജഡ്​ജ് ബംഗ്ലാവിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്​കരിച്ചു. വെള്ളിയാഴ്​ച രാത്രി കോഴിക്കോട് ജില്ല സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. രാഷ്​ട്രീയ നേതാക്കൾ ഉൾപ്പെടെ നിരവധിയാളുകൾ ശനിയാഴ്​ച ഉച്ചക്ക് നടന്ന സംസ്​കാര ചടങ്ങിന് സാക്ഷികളായി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ. സുധാകരൻ എം.പി, എം.എൽ.എമാരായ എ.എൻ. ഷംസീർ, ജയിംസ് മാത്യു, പ്രദീപ് കുമാർ, വിവിധ രാഷ്​ട്രീയ പാർട്ടി നേതാക്കളായ എം.വി. ജയരാജൻ, പി. ജയരാജൻ, കാരായി രാജൻ, പി.കെ. കൃഷ്​ണദാസ്, സി.എൻ. ചന്ദ്രൻ, കെ.പി. സഹദേവൻ, എൻ. ഹരിദാസ്, കെ.കെ. രാജീവൻ, കെ. മനോഹരൻ, പി. ബാലൻ, കെ. ശശിധരൻ, സി.പി. ഷൈജൻ, പണിക്കൻ രാജൻ, ധർമടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.പി. ബേബി സരോജം തുടങ്ങിയവരും നാട്ടുകാരും പാർട്ടി പ്രവർത്തകരുമടക്കം ജീവിതത്തി‍ൻെറ നാനാതുറകളിൽ നിന്നുമായി നിരവധിപേർ ആദരാഞ്​ജലി അർപ്പിക്കാനെത്തിയിരുന്നു. പിണറായി, ധർമടം ഭാഗത്ത് രൈരു നായരെ അടുത്തറിയുന്നവരും വീട്ടിലെത്തി അന്ത്യാഞ്ജലികളർപ്പിച്ചു. മരണവിവരം അറിഞ്ഞയുടൻ മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ, മുൻ മന്ത്രി കെ.പി. മോഹനൻ തുടങ്ങിയവർ ബന്ധുക്കളെ ഫോണിൽ വിളിച്ച് അനുശോചനമറിയിച്ചു. സംസ്​കാരത്തിനുശേഷം അനുശോചന യോഗവും ഉണ്ടായി. 1922 ഫെബ്രുവരി 10ന് കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ ഇടത്തരം കര്‍ഷക കുടുംബത്തില്‍ ജനിച്ച രൈരു നായർ വിദ്യാഭ്യാസ കാലത്തുതന്നെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ ആകൃഷ്​ടനായിരുന്നു. ഗാന്ധിജി, നെഹ്റു, സുഭാഷ് ചന്ദ്രബോസ് ഉൾപ്പെടെയുള്ള ദേശീയ സ്വാതന്ത്ര്യസമര നേതാക്കളുമായി ഇടപഴകാൻ ഭാഗ്യം സിദ്ധിച്ചവരിലൊരാളാണ് രൈരു നായർ. കുറേ വർഷമായി ധർമടം ഗ്രാമപഞ്ചായത്തിലെ മേലൂരിൽ ചിരപുരാതന മാളിക വീടായ ​ജഡ്​ജ്​ ബംഗ്ലാവിലായിരുന്നു താമസം. ദേശീയ നേതാക്കൾക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയനടക്കം സംസ്ഥാനത്തെ വിവിധ രാഷ്​ട്രീയ പാർട്ടി നേതാക്കളുമായും രൈരു നായർ അടുത്ത ബന്ധം പുലർത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.