പാതിവഴിയിലായ പദ്ധതികൾ പൂർത്തിയാക്കണം; നഗരസഭ സ്വന്തം ഓഫിസും പണയംവെക്കുന്നു

മുടങ്ങിക്കിടക്കുന്ന ഹഡ്‌കോ വായ്പക്കാണ് ഓഫിസ് പണയംവെക്കുന്നത് പെരിന്തൽമണ്ണ: നഗരസഭയിൽ മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പൂർത്തിയാക്കാൻ ഒടുവിൽ നഗരസഭയുടെ ഓഫിസ് സമുച്ചയവും പണയംവെക്കുന്നു. ഓഫിസും മനഴി ബസ്​സ്റ്റാൻഡ് കോംപ്ലക്സും ഉൾപ്പെടുന്ന രണ്ടേക്കർ (81 ആർ) ഭൂമിയാണ് ഹഡ്കോ വായ്പക്ക് വേണ്ടി പണയംവെക്കുന്നത്. ഹഡ്കോയിൽനിന്ന് 20 കോടി രൂപ വായ്പ ലഭിക്കാനായി നാലുവർഷമായി നടപടി തുടങ്ങിയിട്ട്. 4.75 കോടിയാണ് ഇതിനകം ലഭിച്ചത്. ബാക്കി 15.25 കോടി രൂപ ലഭിക്കുന്നതിന്​ വായ്പക്ക് ഈട് നൽകാൻ ഉദ്ദേശിച്ച ടൗണിലെ മാർക്കറ്റ് ഭൂമിയുടെ രേഖയായ ആധാരം വേണം. എന്നാൽ, ആധാരമില്ലാത്തതിനാൽ ഒരുകോടി മുടക്കി പണയാധാരം നടത്തണം. ഇതിന് കഴിയാത്തതിനാലാണ്​ നഗരസഭ ഓഫിസ്​ സമുച്ചയം ഈടുവെക്കാൻ തീരുമാനിച്ചത്​. 39.64 കോടി ചെലവ്​ കണക്കാക്കി 2019 ൽ നിർമാണം തുടങ്ങിയ മുനിസിപ്പൽ ഇൻഡോർ മാർക്കറ്റ് പൂർത്തിയാക്കാതെ കിടക്കുകയാണ്. എരവിമംഗലത്തെ മാലിന്യപ്ലാന്‍റ്​ നിൽക്കുന്ന 13.25 ഏക്കർ ഭൂമി ഈടുവെച്ചാണ് 20 കോടിയിൽ 4.75 കോടി ലഭിച്ചത്. ബാക്കി 15.25 കോടി ലഭിക്കാത്തതിനാൽ ഇൻഡോർ മാർക്കറ്റടക്കം വികസന പദ്ധതികൾ പാതിവഴിയിലാണ്. മാർക്കറ്റ് നിൽക്കുന്ന 2.73 ഏക്കറിന് ഒരു കോടി രൂപ മുടക്കി പണയാധാരം നടത്തി വായ്പ ലഭ്യമാക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. ആധാരമില്ലെങ്കിലും മാർക്കറ്റ് നിൽക്കുന്ന 2.73 ഏക്കറിന്‍റെ ഉടമസ്ഥാവകാശം നഗരസഭയിൽ നിക്ഷിപ്തമാക്കി ഉത്തരവ് ലഭിക്കാൻ 2017 ഒക്ടോബർ 27ന് തീരുമാനിച്ച് ശ്രമം തുടങ്ങിയതാണ്. പണയാധാരത്തിന് വായ്പത്തുകയുടെ അഞ്ചുശതമാനം സ്റ്റാമ്പ് ഡ്യൂട്ടി അടക്കേണ്ടി വരുന്നതിനാലാണ് ഒരു കോടി ചെലവ്​ വരുക. സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവ് ലഭിക്കാൻ 2019 ഒക്ടോബർ 25ന് തദ്ദേശ മന്ത്രിക്ക് അപേക്ഷ നൽകിയെങ്കിലും തള്ളിയിരുന്നു. ഇൻഡോർ മാർക്കറ്റ്, ആധുനിക ടൗൺഹാൾ, ലൈഫ് പാർപ്പിട സമുച്ചയങ്ങൾ, ആയുർവേദ ആശുപത്രി തുടങ്ങിയവയാണ് പണമില്ലാത്തതിനാൽ മുടങ്ങിക്കിടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.