മലയാള സർവകലാശാല വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ് heading ഫ്രറ്റേണിറ്റി പ്രവർത്തകർ വി.സിയെ ഉപരോധിച്ചു തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെയാണ് നാടകീയ സംഭവങ്ങൾ തിരൂർ: മലയാള സർവകലാശാല വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടത്തിയതായി ആരോപിച്ച് ഫ്രറ്റേണിറ്റിയുടെയും എസ്.എഫ്.ഐ ഇതര സംഘടനകളുടെയും നേതൃത്വത്തിൽ സർവകലാശാല വൈസ് ചാൻസലറെ ഉപരോധിച്ചു. ബുധനാഴ്ചയായിരുന്നു ഉപരോധ സമരം. തുടർന്ന് തിരൂർ എസ്.ഐയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ സമരക്കാർ ഉപരോധം പിൻവലിച്ചു. വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കാനിരിക്കെയാണ് ക്രമക്കേട് ആരോപണം ഉയർന്നത്. തിങ്കളാഴ്ച നടന്ന സൂക്ഷ്മ പരിശോധനയിൽ ഫ്രറ്റേണിറ്റി മൂവ്മെന്‍റ്, വിദ്യാർഥി പ്രതികരണ കൂട്ടായ്മ പ്രതിനിധികൾ സമർപ്പിച്ച മുഴുവൻ നാമനിർദേശ പത്രികകളും എസ്.എഫ്.ഐ പ്രതിനിധികളുടെ നിർബന്ധത്തിന് വഴങ്ങി മുഖ്യ തെരഞ്ഞെടുപ്പ് വരണാധികാരി തള്ളിയെന്നാണ് ആരോപണം. തുടർന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ തള്ളിയ പത്രിക പുനഃപരിശോധിക്കുകയും രണ്ട് പത്രികകൾ സ്വീകരിക്കുകയും ചെയ്തു. എന്നാൽ, മറ്റു പത്രികകൾ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയപ്പോൾ വ്യാപക ക്രമക്കേട് കണ്ടെത്തി. ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പ്രതിനിധികൾ സമർപ്പിച്ച നാമനിർദേശ പത്രികകൾ വികലമാക്കിയ രീതിയിലായിരുന്നുവെന്ന് നേതാക്കൾ പറഞ്ഞു. തിങ്കളാഴ്ച നടന്ന സൂക്ഷ്മപരിശോധന സമയത്ത് ഇല്ലാതിരുന്ന പല തിരുത്തലുകളും പുനഃപരിശോധന സമയത്ത് കണ്ടെത്തിയെന്നും വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇത്തരത്തിലുള്ള വ്യാപക ക്രമക്കേട് കണ്ടെത്തിയതെന്നും ഫ്രറ്റേണിറ്റി നേതാക്കൾ ചൂണ്ടിക്കാട്ടി. എസ്.എഫ്.ഐയും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയുടെ തുടർച്ചയാണിതെന്ന ആരോപണമാണ് ഉന്നയിക്കുന്നത്. അകാരണമായി പത്രിക തള്ളിയതിനെതിരെയും വ്യാപകമായി തിരുത്തൽ വരുത്തിയതിനെതിരെയും ഉദ്യോഗസ്ഥർക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് കോടതിയെ സമീപിച്ചിട്ടുണ്ട്. 'വിദ്യാർഥി പ്രതികരണ കൂട്ടായ്മ'യുടെ വാദങ്ങളെ തള്ളിക്കളയണം -എസ്.എഫ്.ഐ മലപ്പുറം: മലയാള സർവകലാശാല വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ് പത്രിക സമർപ്പണവുമായി ബന്ധപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്, ഡി.എസ്.എ, എ.ഐ.എസ്.എ, എം.എസ്.എഫ്, കെ.എസ്.യു എന്നീ സംഘടനകളുടെ അവിശുദ്ധ കൂട്ടായ്മയാണ് 'വിദ്യാർഥി പ്രതികരണ കൂട്ടായ്മ'യെന്നും ഇവർ നടത്തിക്കൊണ്ടിരിക്കുന്ന വ്യാജ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു. സർവകലാശാല വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നോമിനേഷൻ പ്രക്രിയയിൽ ഗുരുതര ക്രമക്കേട് എന്ന പരാതിയുമായി ഹൈകോടതിയെ സമീപിക്കുകയും ഹൈകോടതി ഹരജി തള്ളുകയും ചെയ്തെന്ന് എസ്.എഫ്.ഐ അറിയിച്ചു. ആഗസ്റ്റ് ഒന്നിന് മൂന്നിന് വരണാധികാരിയുടെയും ഉപവരണാധികാരിയുടെയും അധ്യക്ഷതയിൽ സർവകലാശാല കോൺഫറൻസ് ഹാളിൽ വിളിച്ചുചേർക്കപ്പെട്ട സ്ഥാനാർഥി പ്രതിനിധികളുടെ ഒപ്പുവെച്ച യോഗത്തിൽ വരണാധികാരി മുന്നോട്ടുവെച്ച നോമിനേഷൻ പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സർവ നിർദേശങ്ങൾക്കും സമ്മതം നൽകിയവരാണ് വിദ്യാർഥി പ്രതികരണ കൂട്ടായ്മ. തുടർന്ന് നടന്ന സർവകക്ഷികളുടെയും പ്രതിനിധികൾ പങ്കെടുത്ത സൂക്ഷ്മ പരിശോധനയിൽ എസ്.എഫ്.ഐയുടെ മുഴുവൻ നോമിനേഷൻ അംഗീകരിക്കുകയും എതിർകക്ഷികളുടെ ജനറൽ സീറ്റിലേക്കുള്ള രണ്ട് നോമിനേഷനും ഫിലിം സ്റ്റഡീസ്, സാഹിത്യ രചന എന്നീ അസോസിയേഷൻ സെക്രട്ടറിമാരുടെ നോമിനേഷനും സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ഈ തീരുമാനം അംഗീകരിച്ചുകൊണ്ട് മിനിറ്റ്സിൽ ഒപ്പുവെക്കുകയും ചെയ്തു. വസ്തുത ഇതാണെന്നിരിക്കെ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കാനാണ് വിദ്യാർഥി പ്രതികരണ കൂട്ടായ്മ ശ്രമിക്കുന്നതെന്നും എസ്.എഫ്.ഐ ആരോപിച്ചു. നോമിനേഷൻ പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട യൂനിവേഴ്സിറ്റി ചട്ടങ്ങളെക്കുറിച്ച് അറിവില്ലാത്തതാണ് നോമിനേഷൻ തള്ളുന്നതുമായി ബന്ധപ്പെട്ട നിലയിലേക്ക് എത്തിയത്. നോമിനേഷൻ തള്ളിയതും യൂനിവേഴ്സിറ്റി ചട്ടങ്ങൾക്കനുസരിച്ചാണ്. കാമ്പസിൽ സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സർവകലാശാല ചട്ടങ്ങൾക്കനുസരിച്ചുള്ള സാങ്കേതിക നടപടികൾ മാത്രമാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളത്. വസ്തുതകൾ മനസ്സിലാക്കി വിദ്യാർഥികൾ എസ്.എഫ്.ഐയുടെ കൂടെ നിൽക്കണമെന്ന് ജില്ല പ്രസിഡന്‍റ് എൻ. ആദിൽ, സെക്രട്ടറി എം. സജാദ് എന്നിവർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.