മധു കേസ്: സ്പെഷൽ പ്രോസിക്യൂട്ടർ രാജിവെച്ചു, പകരം നിയമനം ഉടൻ

മണ്ണാർക്കാട്: വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെ അട്ടപ്പാടി മധു വധക്കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടർ സി. രാജേന്ദ്രന്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന്​ സാക്ഷി വിസ്താരത്തിൽ കാര്യക്ഷമമായ ഇടപെടൽ ഇല്ലെന്നു ആരോപിച്ച് ഇ​ദ്ദേഹത്തെ മാറ്റണമെന്നും പകരം അഡീഷനൽ പ്രോസിക്യൂട്ടർ രാജേഷ് എം. മേനോന് ചുമതല നൽകണമെന്നും മധുവിന്‍റെ അമ്മ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ സർക്കാർതലത്തിൽ തീരുമാനം ആയിട്ടില്ല. മധുവിന്‍റെ അമ്മയുടെ ഹരജിയെ തുടർന്ന് ഹൈകോടതി, മണ്ണാർക്കാട് ജില്ല സ്​പെഷൽ കോടതിയോട് വിചാരണ നിർത്തിവെക്കാൻ നിർദേശിച്ചിരിക്കുകയാണ്. വിചാരണക്കിടെ രണ്ടു പ്രധാന സാക്ഷികൾ കൂറ് മാറിയിരുന്നു. സി. രാജേന്ദ്രനെ പ്രോസിക്യൂട്ടറായി നിയമിച്ചത് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലായിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലാത്തതിനാലാണ് പ്രോസിക്യൂട്ടർ സ്ഥാനത്ത്നിന്ന് ഒഴിയുന്നതെന്ന് സി. രാജേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 18നാണ് സി. രാജേന്ദ്രൻ ചുമതലയേറ്റത്. ജൂൺ എട്ടിനാണ് വിചാരണ നടപടികൾ ആരംഭിച്ചത്. നേരത്തേ കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചിരുന്ന അഡ്വ. വി.ടി. രഘുനാഥും ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേസിൽനിന്നും ഒഴിഞ്ഞിരുന്നു. അതേസമയം, അഡീഷനൽ പ്രോസിക്യൂട്ടർ രാജേഷ് എം. മേനോന് സ്​പെഷൽ പ്രോസിക്യൂട്ടറുടെ ചുമതല നൽകാൻ സർക്കാർതലത്തിൽ ധാരണയായതായി സൂചനയുണ്ട്​. രണ്ടു ദിവസത്തിനുള്ളിൽ പ്രോസിക്യൂട്ടറെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ്​ ഇറങ്ങുമെന്ന്​ ഡി.ജി.പിയുടെ ഓഫിസ്​ സൂചന നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.