പ്രവാചകനിന്ദ, ബുള്‍ഡോസര്‍ രാജ്​: വെൽഫെയർ പാർട്ടി വിമാനത്താവള മാർച്ചിനുനേരെ ലാത്തിച്ചാര്‍ജ്

സംസ്ഥാന സെക്രട്ടറിയടക്കം ഒമ്പതുപേര്‍ക്ക് പരിക്ക് കൊണ്ടോട്ടി: പ്രവാചകനിന്ദക്കെതിരായ പ്രതിഷേധങ്ങളെ ബുൾഡോസറുപയോഗിച്ച്​ അടിച്ചമര്‍ത്താനുള്ള ഭരണകൂട നീക്കത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി കോഴി​ക്കോട്​ വിമാനത്താവളത്തിലേക്ക്​ നടത്തിയ​ മാർച്ചിനുനേരെ ലാത്തിച്ചാർജ്​. കരിപ്പൂർ വിമാനത്താവള റോഡില്‍നിന്ന്​ ആരംഭിച്ച മാര്‍ച്ച് വിമാനത്താവള പരിസരത്ത് പൊലീസ് തടയുകയും പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തി വീശുകയുമായിരുന്നു. സംസ്ഥാന സെക്രട്ടറി കെ.വി. സഫീർഷാ ഉള്‍പ്പെടെ ഒമ്പതുപേര്‍ക്ക് പരിക്കേറ്റു. ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമാധാനപരമായി നടന്ന മാര്‍ച്ചിനുനേരെ കടുത്ത നടപടിയാണ്​ പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായത്. ബാരിക്കേഡ് കെട്ടി നിയന്ത്രണം ഏര്‍പ്പെടുത്തിയ മേഖലയിലേക്ക് മാര്‍ച്ച് എത്തുന്നതിനുമുമ്പ് ലാത്തിച്ചാർജ്​ തുടങ്ങിയതായി പാര്‍ട്ടി ഭാരവാഹികള്‍ പറഞ്ഞു. മാർച്ച്​ വെൽ​ഫെയർ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ്​ ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. പ്രവാചകനിന്ദക്കെതിരെയുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തി ഫാഷിസ്റ്റ് സര്‍ക്കാര്‍ ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തുകയാണെന്നും പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവരെ കൊന്നുതള്ളിയും ഭയപ്പെടുത്തിയും നിശ്ശബ്ദരാക്കാനുള്ള ശ്രമമാ​ണെന്നും അദ്ദേഹം പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രവര്‍ത്തകസമിതി അംഗം ജാവേദ് മുഹമ്മദിന്‍റെയും മകള്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്‍റ്​ ദേശീയ സെക്രട്ടറി അഫ്രീന്‍ ഫാത്തിമയുടെയും വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത പ്രതികാര നടപടി ഇതിന്‍റെ തുടര്‍ച്ചയാണെന്നും അദ്ദേഹം ആരോപിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മെന്‍റ്​ ദേശീയ സെക്രട്ടറി ആയിശ റെന്ന, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ്​ നഹാസ് മാള, മുസ്​ലിം ലീഗ് ജില്ല സെക്രട്ടറി പി.കെ.എസ്. അബ്ദുറഹ്മാന്‍, വെൽഫെയർ പാർട്ടി നേതാക്കളായ കെ.എ. ഷഫീഖ്, ജ്യോതിവാസ് പറവൂര്‍, ഇ.സി. ആയിശ, ജബീന ഇര്‍ഷാദ്, കെ.കെ. അഷ്‌റഫ്, മുനീബ് കാരക്കുന്ന്, അസ്​ലം ചെറുവാടി തുടങ്ങിയവര്‍ സംസാരിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സംസ്ഥാന-ജില്ല ഭാരവാഹികള്‍ സന്ദര്‍ശിച്ചു. mpg kdy 1welfare : കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ്​ നടത്തിയ ലാത്തിച്ചാർജ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.