നായാട്ടിനിടെ യുവാവ് വെടിയേറ്റ്​ മരിച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ

കോട്ടക്കൽ: നായാട്ടിനിടെ യുവാവ് വെടിയേറ്റ്​ മരിച്ച സംഭവത്തിൽ കൂടെയുണ്ടായിരുന്നവർ കോട്ടക്കൽ പൊലീസിന്‍റെ പിടിയിൽ. പെരിന്തൽമണ്ണ കുന്നപ്പള്ളി സ്വദേശി കൊല്ലത്ത് പറമ്പിൽ അലി അഷ്കർ (36), പാങ്ങ് ചെറുകുളമ്പ് സ്വദേശി നെരിങ്ങപറമ്പിൽ സുനീഷൻ (45) എന്നിവരെയാണ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജി അറസ്റ്റ് ചെയ്തത്. പൊൻമള പഞ്ചായത്തിലെ ചേങ്ങോട്ടൂർ ആക്കപ്പറമ്പ് സ്വദേശി കണക്കയിൽ അലവിയുടെ മകൻ ഷാനു എന്ന ഇൻഷാദാണ്​ (27) നായാട്ടിനിടെ വെടിയേറ്റ്​ മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ ചട്ടിപ്പറമ്പ് ചേങ്ങോട്ടൂർ റോഡിന്​ സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലായിരുന്നു​ സംഭവം. പ്രതികളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. കൊലപാതകകുറ്റമാണ് ഇരുവർക്കുമെതിരെ ചുമത്തിയത്. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. പന്നികൾ കൂട്ടമായി എത്തിയതോടെ ഒറ്റക്കുഴൽ തോക്കിൽ നിന്ന്​ വെടിയുതിർക്കുകയായിരുന്നെന്നാണ് പ്രതികൾ പൊലീസിന് മൊഴി നൽകിയതെന്നാണ് സൂചന. ചൊവ്വാഴ്ചയോടെ കൂടുതൽ വിവരങ്ങൾ വ്യക്തമാകും. ഇൻഷാദിന്‍റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും. മലപ്പുറം ഡിവൈ.എസ്.പി പ്രദീപിന്‍റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.