തൃശൂർ ഗവ. എൻജിനീയറിങ്​ കോളജിൽ രണ്ട്​ വിദ്യാർഥികൾക്ക്​ ഷിഗെല്ല

50ഓളം പേർക്ക്​ രോഗബാധയെന്ന്​ സംശയം തൃശൂർ: തൃശൂർ ഗവ. എൻജിനീയറിങ്​ കോളജിൽ രണ്ട്​ പേർക്ക്​ ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. 30-50 പേർക്ക്​ രോഗലക്ഷണമുണ്ടായതായി ആരോഗ്യവകുപ്പ്​ അധികൃതരുടെ പ്രാഥമിക വിലയിരുത്തലിൽ കണ്ടെത്തി. ഇതോടെ കോളജിൽ നടന്നുവന്ന കലോത്സവം മാറ്റിയതായി യൂനിയൻ ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ 15ന്​ കോളജ്​ ലേഡീസ്​ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട്​ ചെയ്തിരുന്നു. വയറിളക്കം ബാധിച്ച്​ ഏറെ പേർ ചികിത്സ തേടിയിരുന്നു. മറ്റ്​ കുട്ടികൾക്കും വയറിളക്ക ലക്ഷണങ്ങൾ പ്രകടമായി. തുടർന്നാണ്​ കോളജ്​ കോമ്പൗണ്ടിന്​ സമീപമുള്ള സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തി ചിലർ പരിശോധന നടത്തിയത്​. അതിന്‍റെ ഫലമാണ്​ ബുധനാഴ്ച പുറത്തുവന്നത്​. രണ്ട്​ പേരുടെ ഫലമാണ്​ പോസിറ്റിവായത്​. ആരോഗ്യവകുപ്പ്​ അധികൃതർ കോളജിലെത്തി പ്രിൻസിപ്പലുമായി സംസാരിച്ചു. ആർട്​സ്​ ഫെസ്റ്റിവൽ സംഘാടകരുമായും ചർച്ച നടത്തി. കോളജിൽ വയറിളക്ക സംബന്ധ ലക്ഷണങ്ങളുമായി ധാരാളം വിദ്യാർഥികളുണ്ടെങ്കിലും പലരും പരിശോധനക്ക്​ മടിക്കുകയാണ്​. രോഗലക്ഷണങ്ങളുള്ളവർ പരിശോധനക്ക്​ വിധേയമാകണമെന്നും ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ്​ അധികൃതർ അറിയിച്ചു. വയറിളക്കമാണ്​ രോഗത്തിന്‍റെ പ്രധാന ലക്ഷണം. സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാണ്. ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ്​ ഷിഗല്ലോസിസ്​ എന്ന ബാക്ടീരിയ പകരുന്നത്​. രോഗലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ച്​ വയസ്സിന്​ താഴെ രോഗം പിടിപെട്ട കുട്ടികളിൽ മരണസാധ്യതയുമുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.