പൊന്നാനി നഗരസഭയിൽ അനധികൃത നിയമനത്തെച്ചൊല്ലി പ്രതിപക്ഷ ബഹളം

പൊന്നാനി: സർക്കാർ ഉത്തരവുകൾ പാലിക്കാതെ പൊന്നാനി നഗരസഭയിൽ താൽക്കാലിക ജീവനക്കാർക്ക് പിൻവാതിൽ നിയമനമെന്നാരോപിച്ച് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം. കൗൺസിൽ അജണ്ടയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ കൗൺസിൽ യോഗം ബഹിഷ്കരിച്ചു. നഗരസഭയിൽ ഒഴിവുള്ള ബിൽ കലക്ടർ, എൽ.ഡി.സി തസ്തികയിൽ എംപ്ലോയ്മൻെറ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുന്നതിന് പകരം പാർട്ടിക്കാർക്ക് പിൻവാതിൽ നിയമനം നടത്തുന്നുവെന്നാരോപിച്ചാണ് യോഗം ബഹളമയമാവുകയും പ്രതിപക്ഷം കൗൺസിൽ ബഹിഷ്കരിക്കുകയും ചെയ്തത്. ബിൽ കലക്ടർ, എൽ.ഡി.സി തസ്തികയിൽ ആകെയുള്ള ആറ് ഒഴിവുകളിൽ രണ്ടെണ്ണം മാത്രം എംപ്ലോയ്‌മെന്‍റ്​ എക്സ്ചേഞ്ച് വഴി നടത്തുകയും മുൻ സെക്രട്ടറിയുടെ വിയോജനക്കുറിപ്പ് മറികടന്ന് നിയമിച്ച ജീവനക്കാരനെ വീണ്ടും നിലനിർത്താനുള്ള തീരുമാനത്തിലും പ്രതിഷേധിച്ചാണ് യു.ഡി.എഫ് കൗൺസിലർമാർ കൗൺസിലിൽനിന്ന് വാക്കൗട്ട് നടത്തിയത്. മുൻ സെക്രട്ടറി ഉൾപ്പെടെ നീക്കം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും പാർട്ടി അനുഭാവികളെ തിരുകി കയറ്റുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. ഈ നീക്കം അംഗീകരിക്കാനാവില്ലെന്നും നേരത്തെ നടന്ന നിയമനത്തിൽ കോടതിയിൽ കേസ് നിലനിൽക്കെ വീണ്ടും ഇത്തരം നീക്കവുമായി മുന്നോട്ട് പോകുന്നത് പൊതുജനത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം പറഞ്ഞു. എംപ്ലോയ്മൻെറ് ലിസ്റ്റ് പരിഗണിക്കാതെ സ്വന്തക്കാരെ നിയമിക്കാനുള്ള നീക്കത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷ തീരുമാനം. പ്രതിഷേധത്തിന് പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം, അനുപമ മുരളീധരൻ, മിനി ജയപ്രകാശ്, കെ. ഇസ്മായിൽ, റാഷിദ് നാലകത്ത്, ശ്രീകല ചന്ദ്രൻ, എം.പി. ഷബീറാബി, ശബ്ന ആസ്മി, പ്രിയങ്ക വേലായുധൻ എന്നിവർ നേതൃത്വം നൽകി. എന്നാൽ, അജണ്ട പോലും പഠിക്കാതെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് വന്നതെന്ന് ചെയർമാൻ ശിവദാസ് ആറ്റുപുറം പറഞ്ഞു. നിയമാനുസൃതവും സുതാര്യവുമായാണ് നിയമനം നടത്തിയതെന്ന്​ അദ്ദേഹം പറഞ്ഞു. പൊന്നാനി ഐ.ടി.ഐ പ്രവർത്തിക്കുന്നതിന് കൗൺസിൽ യോഗം അംഗീകാരം നൽകി. പൊന്നാനിയിൽ പരമാവധി സംരംഭങ്ങൾ ആരംഭിക്കുന്നതിന്‍റെ ഭാഗമായി ജില്ലതല ശില്പശാല 31ന് പൊന്നാനി മാസ് ഓഡിറ്റോറിയത്തിൽ നടത്താനും തീരുമാനിച്ചു. MP PNN1 പൊന്നാനി നഗരസഭയിൽ അനധികൃത നിയമനത്തെച്ചൊല്ലി പ്രതിപക്ഷ കൗൺസിലർമാർ യോഗം ബഹിഷ്കരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.