നാട്ടുവൈദ‍്യന്‍റെ കൊലപാതകം: ഒളിവിൽ പോയ പ്രതികളുടെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും

കൂട്ടുപ്രതിയായ ഷമീമിന്‍റെ വീട്ടിലും പരിശോധന നിലമ്പൂർ: നാട്ടുവൈദ‍്യൻ ഷാബാ ശെരീഫിന്‍റെ കൊലപാതകത്തിൽ പങ്കാളികളായി കാണുന്ന, ഒളിവിൽ പോയ പ്രതികളുടെ ലൂക്ക്ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കും. മുഖ‍്യപ്രതി ഷൈബിൻ അഷ്​റഫിന്‍റെ ബന്ധു ഉൾപ്പെടുന്ന അഞ്ചുപേരാണ് ഒളിവിലുള്ളത്. എല്ലാവരും നിലമ്പൂർ സ്വദേശികളാണ്. ക്വട്ടേഷൻ സംഘത്തിൽപ്പെട്ടവരും വധശ്രമം ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരും ഒളിവിൽ കഴിയുന്നവരിലുണ്ട്. ഷാബാ ശെരീഫിന്‍റെ കൊലപാതകത്തിൽ ഇവർക്ക് പങ്കുള്ളതായി പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. ഷൈബിൻ അഷ്​റഫിന്‍റെ അടുത്ത ബന്ധുവും വിശ്വസ്തനുമായ നിലമ്പൂർ ഇയ്യംമടയിലെ കൈപ്പഞ്ചേരി ഫാസിലിന്‍റെ വീട്ടിൽ വെള്ളിയാഴ്ചയും നിലമ്പൂർ മുക്കട്ട പഴയ പോസ്റ്റ് ഓഫിസിന് സമീപമുള്ള ഷമീമിന്‍റെ വീട്ടിൽ ശനിയാഴ്ചയും പൊലീസ് മിന്നൽപരിശോധന നടത്തി. ഇരുവരും ഒളിവിൽപോയ സംഘത്തിൽപ്പെട്ടവരാണ്. കേസിൽ ഇതുവരെ ഒമ്പത്​ പ്രതികളാണുള്ളത്. ഇതിൽ നാലുപേരാണ് പിടിയിലായത്. ഷൈബിൻ അഷ്​റഫിന്‍റെ ഭാര‍്യയുടെ മൊഴിയെടുത്തെങ്കിലും പ്രതിയാക്കപ്പെട്ടിട്ടില്ല. കൊലപാതകത്തിന്‍റെ മുഖ‍്യ സൂത്രധാരനും പ്രവാസി വ‍്യവസായിയുമായ ഷൈബിൻ അഷ്​റഫിന്‍റെ സാമ്പത്തിക ഇടപാടുകാരനായ റിട്ട. പൊലീസ് ഉദ‍്യോഗസ്ഥനോട് അന്വേഷണസംഘത്തിന് മുമ്പാകെ ഹാജറാകാൻ ആവശ‍്യപ്പെട്ട് പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രതിയാക്കപ്പെട്ടിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.