കരുവാരകുണ്ട്: വന്യമൃഗ ആക്രമണത്തിൽ മരിച്ച തരിശിലെ ചിറ്റങ്ങോടൻ ജംഷീറിന്റെ (45) കുടുംബത്തിന് നൽകേണ്ട അടിയന്തര ധനസഹായം ലഭിച്ചില്ല. സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽ നിന്ന് ലഭിക്കേണ്ട നാലു ലക്ഷം രൂപയാണ് രണ്ടു ദിവസം കഴിഞ്ഞിട്ടും വൈകുന്നത്. മരണം സ്ഥിരീകരിച്ച് 24 മണിക്കൂറിനകം ലാൻഡ് റവന്യൂ വകുപ്പ് ധനസഹായം കുടുംബത്തിന് കൈമാറണമെന്ന് ഇതുസംബന്ധിച്ച മാനദണ്ഡങ്ങളിലുണ്ടായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയാണ് മണലിയാംപാടത്തുവെച്ച് ജംഷീർ വന്യമൃഗ ആക്രമണത്തിനിരയായത്.
രാവിലെ പത്തുമണിയോടെ ആശുപത്രിൽ വെച്ച് മരിക്കുകയും ചെയ്തു. മരണം സംബന്ധിച്ച റിപ്പോർട്ട് അന്നുതന്നെ നിലമ്പൂർ തഹസിൽദാർക്ക് നൽകിയതായി കരുവാരകുണ്ട് വില്ലേജ് ഓഫിസർ പറഞ്ഞു. എന്നാൽ, സഹായധനം വ്യാഴാഴ്ച വൈകുന്നേരം വരെയും കുടുംബത്തിന് കിട്ടിയിട്ടില്ല. മെയ്ദിനം, ഞായർ എന്നീ അവധികൾ മൂലം നഷ്ടപരിഹാരം ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരും.
ഇതിനു പുറമെ കാട്ടുമൃഗങ്ങളാൽ കൊല്ലപ്പെടുന്നവരുടെ കുടുംബാംഗങ്ങൾക്ക് വനംവകുപ്പ് ആറു ലക്ഷം രൂപയും നൽകണം. കൊല്ലപ്പെടുന്നത് വനത്തിനകത്തായാലും പുറത്തായാലും സഹായത്തിന് അർഹതയുണ്ടെന്നാണ് വ്യവസ്ഥ. ഇതിന്റെ നടപടിക്രമങ്ങളും എങ്ങുമെത്തിയിട്ടില്ല എന്നാണ് അറിയുന്നത്.
അതേസമയം, വനംവകുപ്പ് നൽകേണ്ട ആറു ലക്ഷം രൂപയുടെ ധനസഹായ കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. എ.പി. അനിൽകുമാർ എം.എൽ.എ, കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ. ഉണ്ണീൻകുട്ടി എന്നിവർ നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ ധനിക് ലാലുമായി ഇക്കാര്യം ചർച്ചചെയ്തിരുന്നു. നാലു ലക്ഷം ലഭ്യമാക്കുന്ന കാര്യത്തിൽ ഉറപ്പുനൽകിയ ഡി.എഫ്.ഒ, ആറു ലക്ഷത്തിന്റെ കാര്യത്തിൽ ഒന്നും പറഞ്ഞില്ലെന്നാണ് അറിയുന്നത്. ഭാര്യയും രണ്ടു മക്കളും മാതാവും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു മരിച്ച ജംഷീർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.