മലപ്പുറം: ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി), ജനതാദൾ-എസ് (ജെ.ഡി.എസ്) ലയന ചർച്ച വ്യാഴാഴ്ച വീണ്ടും നടക്കും. നേരത്തേ നടന്ന ചർച്ചകളുടെ തുടർച്ചയായാണ് വ്യാഴാഴ്ച വീണ്ടും എറണാകുളത്ത് രണ്ട് പാർട്ടിയുടെയും നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നത്. ഇരുപാർട്ടിയുടെയും പ്രസിഡന്‍റുമാരായ എം.വി. ശ്രേയാംസ് കുമാറിന്‍റെയും മാത്യു ടി. തോമസ് എം.എൽ.എയുടെയും നേതൃത്വത്തിൽ നേരത്തേ ചർച്ച നടന്നെങ്കിലും ഭാരവാഹിത്വങ്ങൾ നൽകുന്നത് സംബന്ധിച്ച് ജെ.ഡി.എസ് സംസ്ഥാന കമ്മിറ്റി കൂടിയ ശേഷമേ തീരുമാനം പറയാനാവൂ എന്ന നിലപാടാണ് മാത്യു ടി. തോമസ് സ്വീകരിച്ചത്. തുടർന്ന് കഴിഞ്ഞ ആറിന് തൃശൂരിൽ ചേർന്ന ജെ.ഡി.എസ് സംസ്ഥാന കമ്മിറ്റി ലയന ചർച്ചക്ക് മാത്യു ടി. തോമസ്, കെ. കൃഷ്ണൻകുട്ടി, നീലലോഹിതദാസൻ നാടാർ എന്നിവരെ ചുമതലപ്പെടുത്തി. ഇവർക്കൊപ്പം നേതാക്കളായ ജോസ് തെറ്റയിൽ, ടി.പി. ദിവാകരൻ, കെ.എസ്. പ്രദീപ്കുമാർ, സാബു ജോർജ് എന്നിവരും വ്യാഴാഴ്ചത്തെ ചർച്ചയിൽ പങ്കെടുക്കുമെന്നാണ് വിവരം. എൽ.ജെ.ഡിക്കായി എം.വി. ശ്രേയാംസ്‌കുമാർ, ഡോ. വർഗീസ് ജോർജ്, കെ.പി. മോഹനൻ എം.എൽ.എ, ചാരുപാറ രവി, വി. കുഞ്ഞാലി, എം.കെ. ഭാസ്കരൻ, സണ്ണി തോമസ് എന്നിവരടങ്ങുന്ന ഏഴംഗ സമിതിയാണുണ്ടാവുക. ദേശീയ നേതൃത്വം ആർ.ജെ.ഡിയിൽ ലയിച്ചപ്പോൾ ഇതിൽനിന്ന് വിട്ടുനിന്ന എൽ.ജെ.ഡി സംസ്ഥാന നേതൃത്വം പാർട്ടിയുടെ അസ്തിത്വംതന്നെ ചോദ്യം ചെയ്യപ്പെടുന്ന ഘട്ടം വന്നപ്പോഴാണ് സോഷ്യലിസ്റ്റ് പാർട്ടികളായ ആർ.ജെ.ഡി, ജെ.ഡി.എസ്, സമാജ്വാദി പാർട്ടി എന്നിവയിലൊന്നിൽ ലയിക്കാൻ തീരുമാനിച്ചത്. ലയിച്ചാലും സംസ്ഥാന പ്രസിഡന്‍റ്, മന്ത്രിപദവി എന്നിവ വിട്ടുനൽകാനാവില്ലെന്ന നിലപാടിലാണ് ജെ.ഡി.എസ്. സംഘടനാതെരഞ്ഞെടുപ്പ് പൂർത്തിയാക്കി അടുത്തിടെ പ്രഖ്യാപിച്ച ജില്ല പ്രസിഡന്‍റുമാരെ പിൻവലിക്കാനാവില്ലെന്നും നേരത്തേ പറഞ്ഞിരുന്നെങ്കിലും ഇതിലിപ്പോൾ വിട്ടുവീഴ്ചക്ക് തയാറായിട്ടുണ്ട്. അതേസമയം, പ്രസിഡന്‍റ് പദവി ലഭിച്ചില്ലെങ്കിൽ സെക്രട്ടറി ജനറൽ, സീനിയർ വൈസ് പ്രസിഡന്‍റ്, പാർലമെന്‍ററി ബോർഡ് ചെയർമാൻ പദവികൾ കിട്ടണമെന്നതാണ് എൽ.ജെ.ഡി നിലപാട്. ചർച്ചയിൽ തീരുമാനമായാൽ എം.പി. വീരേന്ദ്രകുമാറിന്‍റെ രണ്ടാം ചരമവാർഷിക ദിനമായ മേയ് 28ന് കോഴിക്കോട്ട് സമ്മേളനവും റാലിയും നടത്തി ലയനം പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.