കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തെ ഷീ ലോഡ്ജ്
വനിതാ ഹോസ്റ്റലും ഷീ ലോഡ്ജും രണ്ടാഴ്ചക്കകം തുറക്കും
കോഴിക്കോട്: പണിപൂർത്തിയായി ഏറെക്കാലം കഴിഞ്ഞിട്ടും പൂട്ടിയിട്ട കോർപറേഷൻ വനിതാ ഹോസ്റ്റലും ഷീ ലോഡ്ജും രണ്ടാഴ്ചക്കകം തുറക്കാൻ വഴിതെളിഞ്ഞു. നടത്തിപ്പിനായി കരാറുകാരെ കണ്ടെത്തിയതോടെയാണ് തുറക്കാനാവുമെന്ന പ്രതീക്ഷ വന്നത്.
ചുറ്റുമതിൽ ബലപ്പെടുത്തൽ കൂടി തീർന്ന് രണ്ടാഴ്ചക്കകം തുറക്കാനാവുമെന്ന് കോർപറേഷൻ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. ദിവാകരൻ അറിയിച്ചു. റെയിൽവേ സ്റ്റേഷന് സമീപത്തെ ഷീ ലോഡ്ജ്, മാങ്കാവിലെ വനിതാ ഹോസ്റ്റൽ എന്നിവക്ക് നടത്തിപ്പുകാരെ നിശ്ചയിച്ചുകൊണ്ട് കഴിഞ്ഞദിവസം അംഗീകാരം നൽകിയിരുന്നു.
നടത്തിപ്പിനായി ക്വട്ടേഷൻ ക്ഷണിച്ചതിൽ ഏറ്റവും അധികം തുകയായ വർഷംതോറും 9,00000 രൂപ ക്വാട്ട് ചെയ്തവർക്ക് മാങ്കാവ് വനിതാഹോസ്റ്റലും 11,11,500 രൂപക്ക് ഷീലോഡ്ജും നടത്തിപ്പിന് നൽകാനാണ് തീരുമാനം. മാങ്കാവ് ഹോസ്റ്റലിന് ആറ് ക്വട്ടേഷനുകളുമാണ് കിട്ടിയത്.
ഇതിൽ സാഫല്യം അയൽക്കൂട്ടത്തിന്റെ ക്വട്ടേഷൻ അംഗീകരിക്കുകയായിരുന്നു. ഷീ ഹോംസ് വനിത ഹോസ്റ്റൽ എന്ന സ്ഥാപനത്തിന് ഷീ ലോഡ്ജിന്റെ നടത്തിപ്പ് ഏൽപിക്കാനും തീരുമാനിച്ചു. പണി പൂർത്തിയായിട്ടും ലോഡ്ജ് നടത്തിപ്പിന് ആളെ കിട്ടാത്തതായിരുന്നു ഇതുവരെയുള്ള പ്രശ്നം. കോർപറേഷൻ ഇതിനായി പലതവണ ശ്രമംനടത്തിയിട്ടും എങ്ങുമെത്തിയില്ല.
വനിത ശിശുവകുപ്പിന് കീഴിന് നടത്തിപ്പു ചുമതലയേൽപിക്കാനാവുമോയെന്ന ശ്രമവും നടത്തിയിരുന്നു. തിരുവനന്തപുരത്ത് വനിത ശിശുക്ഷേമ വകുപ്പ് ലോഡ്ജ് നടത്തുന്നുണ്ട്. ലോഡ്ജ് നടത്തിപ്പിന് കുടുംബശ്രീ ഗ്രൂപ്പുകളിൽനിന്ന് ആദ്യഘട്ടത്തിൽ അപേക്ഷ ക്ഷണിച്ചതിൽ വിവിധ ഗ്രൂപ്പുകൾ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ, അന്ന് അനുയോജ്യരെ കണ്ടെത്താനായില്ല.
കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉദ്ഘാടനം ചെയ്തെങ്കിലും വെറുതെ കിടക്കുകയാണ് കെട്ടിടം. പഴയ നഗരം എൽ.പി സ്കൂൾ വളപ്പിൽ രണ്ട് കൊല്ലത്തിലേറെയായി കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഷീ ലോഡ്ജിൽ ഫർണിച്ചർ അടക്കം തയാറാക്കിയതാണ്.
മൊത്തം 27 സെന്റ് സ്ഥലത്ത് 4.7 കോടി ചെലവിൽ പണിതതാണ് കെട്ടിടം. റെയിൽവേ സ്റ്റേഷന് തൊട്ടടുത്ത് മൂന്ന് നിലകളിൽ 2000 ചതുരശ്ര അടിയിൽ 125 പേർക്ക് താമസിക്കാനാവും. തൃശൂർ ജില്ല ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കെട്ടിടം പണിതത്. പണിതുടങ്ങി 20 കൊല്ലത്തിലേറെ കാത്തിരിപ്പിനൊടുവിൽ ഉദ്ഘാടനം ചെയ്തതാണ് മാങ്കാവിലെ വനിത ഹോസ്റ്റൽ. ഇരുനില കെട്ടിടത്തിൽ 75 ലേറെ പേർക്ക് താമസസൗകര്യമുണ്ട്.
ആറ് കിടക്കകൾ ഇടാവുന്ന രണ്ട് വലിയ മുറികളും ഡോർമെട്രിയും താഴെയും മുകളിലും കിടപ്പുമുറികളുമുള്ളതാണ് ഹോസ്റ്റൽ. അതിഥികൾക്കുള്ള മുറി, വായനക്കുള്ള ഇടം, അടുക്കള, ഭക്ഷണമുറി തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. നാല് കോടിയുടേതാണ് പദ്ധതി. 1995ൽ നടപടി തുടങ്ങി 2019ൽ നിർമാണം ആരംഭിച്ച് ഇഴഞ്ഞുനീങ്ങി ഒടുവിൽ തുറന്ന കെട്ടിടത്തിനാണ് ഒടുവിൽ നടത്തിപ്പുകാരായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.