കോഴിക്കോട് അബൂബക്കർ

ഖൽബിൽ അലിഞ്ഞ ഈണക്കടൽ: കോഴിക്കോട് അബൂബക്കറിന്റെ സംഗീതവഴി...

​'കരയാനും പറയാനും മനം തുറന്നിരക്കാനും...' മാപ്പിളപ്പാട്ട് ആസ്വാദകരുടെ ഖൽബിൽ ഇന്നും മായാതെ തെളിഞ്ഞുനിൽക്കുന്ന ഈ സുന്ദര വരികൾക്ക് ഈണം നൽകിയ അവുക്കാക്ക് ഇനി സ്വർഗ്ഗലോകത്തിരുന്ന് സംഗീതം ചിട്ടപ്പെടുത്താം. ദുനിയാവിലെ സംഗീത സാമ്രാജ്യത്തോട് അദ്ദേഹം വിടപറഞ്ഞിരിക്കുന്നു. ഭാരതത്തിന്റെ പ്രധാന ഭാഷകളിലെല്ലാം തന്റെ ശബ്ദമാധുര്യം കൊണ്ട് ലോകശ്രദ്ധ നേടിയ ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസിന്റെ ശബ്ദവും, ബാപ്പു വെള്ളിപ്പറമ്പിന്റെ വരികളും, കോഴിക്കോട് അബൂബക്കറുടെ മാസ്മരിക സംഗീതവും ഒന്നിച്ചപ്പോൾ പിറന്നത് മലയാളികൾ എന്നും മനസ്സിൽ സൂക്ഷിക്കുന്ന മാപ്പിളപ്പാട്ടിന്റെ അവിസ്മരണീയമായൊരു ചരിത്രമാണ്.

എം.എസ്. ബാബുരാജിന്റെയും ദേവരാജൻ മാസ്റ്ററുടെയും തബലിസ്റ്റായി സംഗീതയാത്ര ആരംഭിച്ച്, പിന്നീട് മാപ്പിളപ്പാട്ടിന്റെ അമരക്കാരനായി മാറിയ പ്രതിഭയായിരുന്നു കോഴിക്കോട് അബൂബക്കർ (അവുക്ക). എൺപതാമത്തെ വയസ്സിൽ ഈ ലോകത്തോട് വിടപറഞ്ഞെങ്കിലും, മൂവായിരത്തിലധികം മാപ്പിളപ്പാട്ടുകൾക്ക് ജീവൻ പകർന്ന് അദ്ദേഹം മലയാളികളുടെ ഖൽബിൽ മായാത്ത മുദ്ര പതിപ്പിച്ചു. 1985 മുതൽ 1991 വരെയുള്ള കാലഘട്ടത്തിൽ അദ്ദേഹം ഈണം നൽകിയ പാട്ടുകൾ മലയാളി മനസ്സുകളിൽ ഇന്നും നൊസ്റ്റാൾജിയയായി നിലകൊള്ളുന്നു. ബാപ്പു വെള്ളിപ്പറമ്പ്, മോയിൻകുട്ടി വൈദ്യർ തുടങ്ങിയ മികച്ച രചയിതാക്കളുടെ വരികളെ കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാർ, സുജാത, ജി. വേണുഗോപാൽ, കെ.എസ്. രഹന, കണ്ണൂർ ശരീഫ് തുടങ്ങിയ പ്രമുഖ ഗായകരുടെ ശബ്ദത്തിലൂടെ ജനഹൃദയങ്ങളിലേക്ക് എത്തിച്ചത് അബൂബക്കറിന്റെ സംഗീത മാസ്മരികതയായിരുന്നു.

പ്രണയത്തിന്റെയും അനുരാഗത്തിന്റെയും വശ്യതയും അബൂബക്കറിന്റെ സംഗീതത്തിൽ നിറഞ്ഞുനിന്നു. 1985ൽ ബാപ്പു വെള്ളിപ്പറമ്പിന്റെ രചനയിൽ യേശുദാസ് പാടിയ 'കടക്കണ്ണിൻ മുനകൊണ്ട്' പെണ്ണിന്റെ മൊഞ്ചിൽ ഹൃദയം പിടച്ചവന്റെ പ്രണയാതുരമായ വികാരങ്ങളെ ആവിഷ്കരിക്കുന്നു. മോയിൻകുട്ടി വൈദ്യർ രചിച്ച 'ഹുസ്‌നുൽ ജമാൽ ബദറുൽ മുനീർ' എന്ന പവിത്ര പ്രണയകാവ്യത്തിലെ 'ഉടനെ ജുമൈലത്ത്...' എന്നു തുടങ്ങുന്ന വരികൾക്ക് ഇന്ദിരാ ജോയിയും പിന്നീട് കെ.എസ്. രഹനയും പാടി ജീവൻ നൽകിയപ്പോൾ, അത് പ്രണയത്തിന്റെ അനുഭൂതി പകരുന്ന അമരഗാനമായി മാറി. മണവാളന്റെയും മണവാട്ടിയുടെയും പ്രണയഭംഗി പറയുന്ന 'മനസ്സകമിൽ മുഹബ്ബത്ത് പെരുത്ത്' എന്ന പാട്ടാവട്ടെ, മലബാറിലെ കല്യാണവേദികളിൽ ഇന്നും കോൽക്കളിയുടെ ചുവടുകൾക്കും താളങ്ങൾക്കും ആവേശം പകർന്ന് തരംഗമായി തുടരുന്നു. കൂടാതെ 'മണ്ണിൽ ഞാൻ ജീവിച്ചിരുന്നതും', 'മൊഞ്ചിൽ മികന്തവളേ', 'എന്തിനാണ് നീലക്കണ്ണിൽ സുറുമ' തുടങ്ങിയ പാട്ടുകളും ഈ പ്രണയഭംഗിയുടെ മാറ്റ് കൂട്ടുന്നു.

സ്നേഹത്തോടൊപ്പം വിരഹത്തിന്റെ നോവും വേർപാടിന്റെ സങ്കടവും അദ്ദേഹത്തിന്റെ സംഗീതത്തിൽ ആഴത്തിൽ തൊട്ടറിയാൻ കഴിയും. 1989ൽ ബാപ്പു വെള്ളിപ്പറമ്പ് എഴുതി യേശുദാസും പിന്നീട് കെ.എസ്. രഹനയും പാടിയ 'ഉമ്മയെ ചോദിച്ചു പൊന്നും മോള് കരയല്ലേ' എന്ന ഗാനം മരണപ്പെട്ടുപോയ ഉമ്മയെ ഓർത്ത് കരയുന്ന മകളെ ആശ്വസിപ്പിക്കുന്ന വാപ്പയുടെ വേദന നിറച്ച ഒന്നാണ്. ഇതോടൊപ്പം ഉള്ളുലയ്ക്കുന്ന 'കരയാനും പറയാനും' എന്ന ഗാനവും, ജീവിതത്തിന്റെ അസ്ഥിരതയും പരലോക ചിന്തകളും ഓർമ്മിപ്പിക്കുന്ന 'മൗത്തും ഹയാത്തും', 'കബറാണ് മുന്നിൽ' എന്നീ വരികളും കേൾവിക്കാരുടെ മനസ്സിനെ ഈറനണിയിക്കുന്നു.

കാലവും തലമുറകളും മാറിയിട്ടും പുതിയ കാലത്തെ ഗായകർ പോലും ഇന്നും അതേ രീതിയും ആദരവും നിലനിർത്തി ഈ ഗാനങ്ങൾ പാടുന്നത് അദ്ദേഹത്തിന്റെ സംഗീത മഹിമക്കുള്ള തെളിവാണ്. മാപ്പിളപ്പാട്ടിനും നാടൻ സംഗീത പാരമ്പര്യത്തിനും നൽകിയ അപാരമായ സംഭാവനകളിലൂടെ, സാഹിത്യ ഭംഗിയും വികാരതീവ്രതയും ചോർന്നുപോകാതെ ജനഹൃദയങ്ങളിലേക്ക് എത്തിച്ച കോഴിക്കോട് അബൂബക്കർ എന്ന മഹാനായ സംഗീതജ്ഞൻ മലയാളിയുടെ ഈണ ഓർമ്മകളിൽ എന്നും ചിരപ്രതിഷ്ഠ നേടി ജീവിക്കും.

Tags:    
News Summary - Remembering lyricist Kozhikode Abu Backer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.