കോഴിക്കോട് കുന്ദമംഗലത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നടക്കുന്ന റെസിഡൻഷ്യൽ സ്ട്രാറ്റജിക് ലീഡർഷിപ്പ് റിട്രീറ്റായ ‘റീഇമാജിനിങ് കേരളം’ പരിപാടിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എ.എൻ. ഷംസുദ്ധീൻ, കെ.എ. തുളസി, പി.സി. വിഷ്ണുനാഥ് തുടങ്ങിയവർ
ഞങ്ങൾ വീണ്ടും വിദ്യാർഥികളാകുന്നുവെന്ന് വി.ഡി. സതീശൻ; ഐ.ഐ.എമ്മിൽ പഠിതാക്കളായി മന്ത്രിസഭ
കുന്ദമംഗലം (കോഴിക്കോട്): വർഷങ്ങൾക്ക് ശേഷം വീണ്ടും ക്ലാസ് മുറിയിൽ എത്തിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇന്നും നാളെയും കോഴിക്കോട് കുന്ദമംഗലത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (ഐ.ഐ.എം, കോഴിക്കോട്) നടക്കുന്ന റെസിഡൻഷ്യൽ സ്ട്രാറ്റജിക് ലീഡർഷിപ്പ് റിട്രീറ്റായ ‘റീഇമാജിനിങ് കേരളം’ പരിപാടിയിലാണ് മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും പഠിതാക്കളായി എത്തിയത്.
‘വർഷങ്ങൾക്ക് ശേഷം വീണ്ടും ക്ലാസ് മുറിയിലേക്ക്! ഭരണരംഗത്ത് കൂടുതൽ പ്രൊഫഷണലിസവും കാര്യക്ഷമതയും കൊണ്ടുവരാനായുള്ള 'റീ ഇമാജിനിങ് കേരളം' പ്രത്യേക പരിശീലന പരിപാടി ഇന്ന് കോഴിക്കോട് IIM-ൽ ആരംഭിച്ചു. എ.ഐ കാലത്തെ ഭരണനേതൃത്വം, കാലാവസ്ഥാ പ്രതിരോധം, ധനകാര്യ നവീകരണം തുടങ്ങി നാളെയുടെ പാഠങ്ങൾ പഠിക്കാൻ ഞങ്ങൾ വീണ്ടും വിദ്യാർത്ഥികളാകുന്നു’ -വി.ഡി. സതീശൻ ‘എക്സി’ൽ കുറിച്ചു.
സംസ്ഥാനത്തിന്റെ ദീർഘകാല വികസന പദ്ധതികളെക്കുറിച്ചുള്ള ചർച്ചക്കായി രാഷ്ട്രീയ നേതൃത്വത്തെയും ഐ.ഐ.എമ്മിലെ മുതിർന്ന ഫാക്കൽറ്റികളെയും അന്താരാഷ്ട്ര പണ്ഡിതരെയും ഒരുമിച്ചുകൂട്ടുന്ന പരിപാടിയാണിത്. കേരളത്തിൽ ഉയർന്നുവരുന്ന അവസരങ്ങളെയും വെല്ലുവിളികളെയും പരിശോധിക്കുന്നതിനൊപ്പം പുതിയ ആശയങ്ങൾ, ആഗോള അനുഭവങ്ങൾ, സുസ്ഥിരവും സമഗ്രവുമായ വളർച്ചയിലേക്കുള്ള വഴികൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്കും വേദിയാകും. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ യു. ഖേൽകർ എന്നിവരും പങ്കെടുക്കുന്നുണ്ട്.
ഇന്ന് രാവിലെ 8.45ന് തുടങ്ങിയ പരിപാടി നാളെ ഉച്ച 1.15 വരെ തുടരും. ഉച്ചഭക്ഷണത്തിനും മറ്റുമായി അൽപസമയം ഇടവേള ഉണ്ടാകുമെന്നത് ഒഴിച്ചാൽ മന്ത്രിമാരുടെ ഫോണുകൾ പോലും ഹാളിലേക്ക് കയറ്റുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
രണ്ടാമത്തെ തവണയാണ് കേരള മന്ത്രിസഭയുടെ പരിപാടിക്കായി ഐ.ഐ.എം ആതിഥേയത്വം വഹിക്കുന്നത്. 2011ൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള അന്നത്തെ മന്ത്രിമാരുടെ കൗൺസിൽ ഐ.ഐ.എമ്മിൽ ഒരു ദിവസം നീളുന്ന പരിപാടിയിൽ പങ്കെടുത്തിരുന്നു. ഐ.ഐ.എം ഡയറക്ടറായി മൂന്നാം തവണ സേവനമനുഷ്ഠിക്കുന്ന പ്രഫ. ദേബാഷിഷ് ചാറ്റർജി 2011ലും ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്തുണ്ടായിരുന്നു. ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഐ.ഐ.എം ഫാക്കൽറ്റി, ജപ്പാനിലെ കീയോ യൂനിവേഴ്സിറ്റി, ലണ്ടനിലെ കിങ്സ് കോളജ് എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധരുമായി കൈകോർത്ത് വൈവിധ്യമാർന്ന വിഷയങ്ങളിൽ സെഷനുകൾ ഉണ്ടാകും. ആരോഗ്യ സംരക്ഷണവും ക്ഷേമവും സംബന്ധിച്ച പ്രത്യേക സെഷൻ അരവിന്ദ് ഐ കെയർ സിസ്റ്റത്തിന്റെ ചീഫ് മെഡിക്കൽ ഓഫിസറും പ്രോജക്ട്സ് ഡയറക്ടറുമായ ഡോ. അരവിന്ദ് ശ്രീനിവാസൻ നയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.