നാട്ടിലേക്ക് തിരികെ കൊണ്ടു പോകാൻ കാരുണ്യതീരത്തെത്തിയ സഹോദരൻ അജുൽ ഷെയ്ഖിന്റെ കൂടെ വീട്ടിലേക്ക് വിഡിയോ കോളിൽ സംസാരിക്കുന്ന യസീൻ ഷെയ്ഖ് (ഇടത് വശം)
യസിൻ ഷെയ്ഖ് ഇന്ന് ഝാർഖണ്ഡിലേക്ക്
പൂനൂർ: 10 വർഷത്തെ കാത്തിരിപ്പും കണ്ണീരും സോഷ്യൽ മീഡിയയിലെ ഒരു കൊച്ചു റീൽസിലൂടെ വഴിമാറിയപ്പോൾ, പൂനൂർ കാരുണ്യതീരം ക്യാമ്പസിലെ പ്രതീക്ഷാഭവനിൽ നിന്ന് ഝാർഖണ്ഡിലെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയാണ് യസിൻ ഷെയ്ഖ് എന്ന റഷീദ്. വിധി എല്ലാം കാത്തുവെച്ചെങ്കിലും മകനായുള്ള നീണ്ട കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞവർഷം വിടപറഞ്ഞ അവന്റെ ഉമ്മയുടെ അസാന്നിധ്യം മാത്രമാണ് ഈ സന്തോഷ നിമിഷത്തിലും നൊമ്പരമായി അവശേഷിക്കുന്നത്. 10 വർഷങ്ങൾക്ക് മുമ്പ് ഝാർഖണ്ഡിലെ സ്വന്തം വീട്ടിൽ നിന്ന് കാണാതാകുമ്പോൾ 17 വയസ്സായിരുന്നു യസിൻ ഷെയ്ഖിന്റെ പ്രായം. സംസാര വൈകല്യമുള്ള കുട്ടി എങ്ങനെയാണ് കേരളത്തിലെത്തിയതെന്ന് ആർക്കും അറിയില്ലായിരുന്നു. വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് ചെറുവാടിയിലെത്തി. തെരുവുകളിൽ അലഞ്ഞുതിരിയുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിൽ വിവരമറിയിക്കുന്നത്. തുടർന്ന് ചൈൽഡ് ലൈൻ മുഖേന കുട്ടിയെ കോഴിക്കോട് വെള്ളിമാടുകുന്നിലെ പുണ്യഭവൻ അനാഥാലയത്തിലേക്ക് മാറ്റി. ആറുവർഷത്തോളം കഴിഞ്ഞത് ആ അനാഥാലയത്തിന്റെ തണലിലായിരുന്നു.
പിന്നീട്, 2023 സെപ്റ്റംബറിലാണ് സാമൂഹികനീതി വകുപ്പിന്റെ സഹകരണത്തോടെ പൂനൂർ കാരുണ്യതീരം കാമ്പസിലെ പ്രതീക്ഷാഭവനിലേക്ക് യസിനെ മാറ്റുന്നത്. അവിടെയെത്തിയതോടെയാണ് പേര് പറയാൻ കഴിയാത്ത അവൻ എല്ലാവരുടെയും പ്രിയപ്പെട്ട റഷീദ് ആയി മാറിയത്. കഴിഞ്ഞ ആഗസ്റ്റ് 15നാണ് സോഷ്യൽ മീഡിയയിലൂടെ ലക്ഷക്കണക്കിന് ആളുകൾ കണ്ട സ്വാതന്ത്ര്യത്തിന്റെ ചിരി എന്ന ഒരു കൊച്ചു വീഡിയോ റീൽസ് രൂപത്തിൽ പുറത്തുവരുന്നത്.
ഹെൽത്ത് കെയർ ഫൗണ്ടേഷനും റോട്ടറി ക്ലബ് കാലിക്കറ്റ് സൈബർ സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിക്കിടെ, അവിടെയെത്തിയ താമരശ്ശേരിയിൽ ജോലിചെയ്യുന്ന കാളികാവ് പെവുന്തറ സ്വദേശി എം.കെ. മുഹമ്മദ് യാസിറാണ് യസിനും കൂട്ടുകാരനും പുഞ്ചിരിച്ച് നടന്നുനീങ്ങുന്ന ദൃശ്യം പകർത്തിയത്. ഈ വീഡിയോ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പ്രചരിച്ചതോടെ യാദൃശ്ചികമായി കാണാനിടയായ ഝാർഖണ്ഡിലുള്ള യസിന്റെ ഒരു ബന്ധുവിന് കുട്ടിയെ കണ്ട് സംശയം തോന്നി കമന്റിട്ടത്. തുടർന്ന് ലഭിച്ച ഫോൺ നമ്പറിലൂടെ അവർ കാരുണ്യതീരം അധികൃതരുമായി ബന്ധപ്പെട്ടു. കുടുംബം കൈമാറിയ വിവരങ്ങൾ വെച്ചാണ് 10 വർഷമായി കേരളം നെഞ്ചോട് ചേർത്ത റഷീദ് യഥാർത്ഥത്തിൽ യസിൻ ഷെയ്ഖ് തന്നെയെന്ന് ഉറപ്പിച്ചത്. മകനെ ഒരുനോക്ക് കാണാൻ കൊതിച്ച ഉമ്മ നൂർഫുൾ ദീദി 2023ൽ രോഗബാധിതയായി മരണത്തിന് കീഴടങ്ങി. തിരിച്ചറിഞ്ഞ ഉടൻ തന്നെ വീഡിയോ കോളിലൂടെ പിതാവ് സൊഹ്റബ് ഷെയ്ഖുമായും സഹോദരങ്ങളുമായും യസിൻ സംസാരിച്ചിരുന്നു. മകനെ തിരികെ കൊണ്ടുപോകാൻ സഹോദരൻ അജുൽ ഷെയ്ഖ് പൂനൂരിലെത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ നടക്കുന്ന യാത്രയയപ്പ് സംഗമത്തിന് ശേഷം കാരുണ്യതീരത്തെ കൂട്ടുകാരെയെല്ലാം കണ്ണീരണിയിച്ച് യസീൻ സ്വന്തം മണ്ണിലേക്ക് തീവണ്ടി കയറും. 10 വർഷം കേരളം നൽകിയ സ്നേഹവും കരുതലും ഒപ്പം റഷീദ് എന്ന പേരും ഹൃദയത്തിൽ സൂക്ഷിച്ചാകും യസീൻ ഷേഖിന്റെ മടക്കയാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.