ഭിന്നശേഷി സൗഹൃദമല്ലാത്ത കെട്ടിടങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കാൻ നിർദേശം
കോഴിക്കോട്: ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ ഇല്ലാത്ത കെട്ടിടം കണ്ടെത്തി നടപടി സ്വീകരിക്കാൻ തദ്ദേശസ്ഥാപന മേലധികാരികൾക്ക് നിർദേശം. കെട്ടിട നിർമാണ പ്ലാനുകളിൽ ഭിന്നശേഷിക്കാർക്ക് ആവശ്യമായ റാംപ് , തടസ്സരഹിത പ്രവേശനം, ഭിന്നശേഷി സൗഹൃദ ശുചിമുറി, ലിഫ്റ്റ്, പാർക്കിങ് തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പുവരുത്തിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കെട്ടിടങ്ങൾക്ക് അംഗീകാരം നൽകുന്നതെങ്കിലും, നിർമാണം പൂർത്തിയായ ശേഷം ഈ സൗകര്യങ്ങൾ നിർമിക്കാതിരിക്കുകയോ പിന്നീട് പൊളിച്ചുമാറ്റി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്നത് വ്യാപകമായതിനാലാണ് പോസ്റ്റ് ഒക്യുപൻസി ഓഡിറ്റ് നടത്തുന്നതിന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്കും നിർദേശങ്ങൾ നൽകിയത്.
2016ലെ ഭിന്നശേഷി അവകാശ നിയമത്തിന് വിരുദ്ധമായാണ് കെട്ടിടങ്ങളിൽ മാറ്റം വരുത്തുന്നത്. ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് മുമ്പ് ഇത്തരം സൗകര്യങ്ങൾ യാഥാർഥ്യത്തിൽ ഉണ്ടോയെന്ന് ഫലപ്രദമായി പരിശോധിക്കപ്പെടുന്നില്ലെന്നും ആക്ഷേപമുയർന്നിരുന്നു. സൗകര്യങ്ങൾ നീക്കം ചെയ്താൽ കെട്ടിട ഉടമകൾക്കും ഉദ്യോഗസ്ഥർക്കും എതിരെ കർശന നടപടി സ്വീകരിക്കണമെന്നും എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും വ്യക്തമായ സർക്കുലർ പുറപ്പെടുവിച്ച് സംസ്ഥാന തലത്തിൽ സുതാര്യമായ ആക്സസബിലിറ്റി ഓഡിറ്റുകൾ നടത്തണമെന്നും ആവശ്യപ്പെട്ട് സുബൈർ ചേലേമ്പ്ര തദ്ദേശസ്വയംഭരണ മന്ത്രിക്ക് അപേക്ഷ സമർപ്പിച്ചിരുന്നു.
കെട്ടിടത്തിന് പ്രധാന കവാടത്തിലേക്ക് റാമ്പുകൾ ഇല്ലാത്തതും ഉള്ള റാമ്പുകൾ ചരിവ് കൂടുതലും വഴുതി വീഴുന്ന അവസ്ഥയിലും ഭിന്നശേഷിക്കാർക്കായി പ്രത്യേകത ശൗചാലയം ഇല്ലാത്തതും ഏറെ ദുരിതമാണ്. പാർക്കിങ് ഏരിയയുടെ മൂന്നു ശതമാനം ഭിന്നശേഷിക്കാർക്കായി കവാടത്തിനടുത്ത് മാറ്റിവെക്കാതെയുമാണ് പല കെട്ടിടങ്ങളും നിർമിച്ചിരിക്കുന്നത്.
ഈ പാർക്കിങ് സ്ഥലത്തിന് കുറഞ്ഞത് 3.6 മീറ്റർ വീതി ഉണ്ടായിരിക്കണം. ലോഡ്ജിങ് കെട്ടിടങ്ങൾ ഓരോ 25 മുറികളിലും ഒരെണ്ണം വീതം ഭിന്നശേഷിക്കാർക്കായി പ്രത്യേകം സജ്ജീകരിക്കണം. ഭിന്നശേഷിക്കാർക്കായുള്ള സൗകര്യങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാൻ കൃത്യമായ ദിശാസൂചകങ്ങളും ചിഹ്നങ്ങളും സ്ഥാപിക്കണം തുടങ്ങി കെട്ടിടനിർമാണ ചട്ടത്തിൽ പറയുന്നത് ഉറപ്പാക്കാനാണ് പോസ്റ്റ് ഒക്യുപെൻസി ഓഡിറ്റിന് നിർദേശം നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.