കോഴിക്കോട്: ഗ്രാമങ്ങളിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കെ.എസ്.ആർ.ടി.സി സംസ്ഥാനതലത്തിൽ തുടങ്ങിയ ഗ്രാമവണ്ടി പദ്ധതി ജില്ലയിലും കാത്തിരിക്കുകയാണ് യാത്രക്കാർ. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഗ്രാമവണ്ടിയുടെ സർവിസ്. ജില്ലയിൽ പൊതുഗതാഗത സംവിധാനങ്ങളില്ലാത്ത നിരവധി പ്രദേശങ്ങളുണ്ട്. ഇവിടേക്കും ഗ്രാമവണ്ടികൾ ഉപകാരപ്രദമാകുമെന്നാണ് പ്രതീക്ഷ.
നഷ്ടവും കെ.എസ്.ആർ.ടി.സിയുടെ അനാസ്ഥയും കാരണം ബസ് സർവിസുകൾ പലതും നിർത്തിയിരുന്നു. പഞ്ചായത്തുകൾക്ക് മാത്രമല്ല, നഗരസഭകൾക്കും കോർപറേഷനും ഗ്രാമവണ്ടി പദ്ധതിയുമായി സഹകരിക്കാം.
നിലവിൽ ചാത്തമംഗലം പഞ്ചായത്ത് മാത്രമാണ് ജനങ്ങൾക്ക് ഉപകാരപ്രദമായ ഗ്രാമവണ്ടി നടപ്പാക്കാൻ തയാറായത്. ഇതുസംബന്ധിച്ച കരാറായതായി പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ആശുപത്രികളിലേക്കും പോകുന്നവർക്കുള്ള സൗകര്യം കൂടിയാണ് ഉദ്ദേശിക്കുന്നത്. ചാത്തമംഗലം പഞ്ചായത്തിലെ നിരവധി ഉൾപ്രദേശങ്ങളിൽ ബസ് റൂട്ടില്ല.
ഈ സ്ഥലങ്ങളിലുള്ളവർക്ക് ആശ്വാസമാകുന്നതാണ് ഗ്രാമവണ്ടി. കോഴിക്കോട് നിന്ന് പുറപ്പെടുന്ന വണ്ടി ചാത്തമംഗലം പഞ്ചായത്തിന്റെ സമീപ പ്രദേശങ്ങളായ മാവൂർ, എടവണ്ണപ്പാറ, ഓമശ്ശേരി എന്നിവിടങ്ങളിലേക്കും സർവിസ് നടത്തും. ഈ മാസം പകുതിയോടുകൂടി വണ്ടി ഓടി തുടങ്ങും. മാസം ഒരു ലക്ഷം രൂപ ഡീസലിനായി കെ.എസ്.ആർ.ടി.സിക്ക് നൽകണം. ചാത്തമംഗലം സർവിസ് സഹകരണ ബാങ്കാണ് ആദ്യ മാസത്തേക്കുള്ള തുക സംഭാവന നൽകിയത്. ഒരു മാസം പരീക്ഷണ ഓട്ടം നടത്തിയ ശേഷമാണ് അന്തിമ റൂട്ടുകളും മറ്റും തീരുമാനിക്കുക.
ജില്ലയിൽ മലയോരമേഖലയിലടക്കം നേരത്തേ നിരവധി കെ.എസ്.ആർ.ടി.സി ബസുകൾ ഓടിയിരുന്നു. ഇവയിൽ പകുതിയിലേറെയും സർവിസ് നിലച്ചിരിക്കുകയാണ്. പ്രധാന പട്ടണങ്ങളിലേക്കും ബസുകളുടെ എണ്ണം തീരേ കുറവാണ്. ഗ്രാമവണ്ടി പദ്ധതിയുമായി തദ്ദേശസ്ഥാപനങ്ങൾ സഹകരിച്ചാൽ യാത്രദുരിതത്തിന് പരിഹാരമാകും. എം.എൽ.എമാരും എം.പിമാരും നിർദേശിക്കുന്ന റൂട്ടുകളിൽ പണ്ട് ഓടിയിരുന്നവയും കട്ടപ്പുറത്താണ്.
എം.എൽ.എമാരും എം.പിമാരും ഇടപെട്ടാൽ ഗ്രാമവണ്ടി വൻവിജയമാക്കാൻ കഴിയുമെന്നാണ് കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരുടെയും പ്രതീക്ഷ.
ഗ്രാമവണ്ടി എന്നാൽ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഡീസല്‍ അടിച്ച് കൊടുക്കുകയും ബാക്കി മുഴുവന്‍ ചെലവും കെ.എസ്.ആർ.ടി.സി വഹിക്കുന്നതുമായ പദ്ധതിയാണ് 'ഗ്രാമവണ്ടി. തിരുവനന്തപുരം പാറശാലക്കടുത്ത് കൊല്ലയിൽ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം ആദ്യ ഗ്രാമവണ്ടി സർവിസ് തുടങ്ങി.
ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും പരസ്യത്തിനായും സ്ഥാപനങ്ങള്‍ക്കും ജന്മദിനം, ചരമവാര്‍ഷികം പോലുള്ള ദിനങ്ങളിലുള്‍പ്പെടെ വ്യക്തികള്‍ക്കും ഗ്രാമവണ്ടി സ്പോണ്സര് ചെയ്യാം. പ്രത്യേക കാരണങ്ങൾ ഇല്ലാതെയും നാട്ടുകാർക്കുവേണ്ടി ഗ്രാമവണ്ടി സ്പോൺസർ ചെയ്യാം.
സ്പോൺസർഷിപ് തുക ഡീസലിനു വേണ്ടി ചെലവഴിക്കുന്നതിനാൽ തദ്ദേശസ്ഥാപനങ്ങൾക്ക് സാമ്പത്തികഭാരം കുറയും. പല പഞ്ചായത്തുകള്‍ ചേര്‍ന്ന് ഇന്ധനെച്ചലവ് പങ്കിടുന്ന തരത്തില്‍ സര്‍വിസ് ക്രമീകരിക്കാനും സൗകര്യമുണ്ട്. യാത്രക്കാരുടെ എണ്ണം അനുസരിച്ച് വാഹനങ്ങളുടെ എണ്ണം കൂട്ടാം. യാത്രാ നിരക്കിൽ മാറ്റമുണ്ടാകില്ല. എല്ലാ ഇളവുകളും ഗ്രാമവണ്ടിയിലും അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.