മേപ്പാടി-ചൂരൽമല റോഡരികിൽ നവീകരണ പ്രവൃത്തിക്ക് തടസ്സമായിക്കിടക്കുന്ന കുടിവെള്ളപദ്ധതി പൈപ്പുകൾ
മേപ്പാടി: നവീകരണ പ്രവൃത്തി നടക്കുന്ന മേപ്പാടി-ചൂരൽമല റോഡരികിൽ മാസങ്ങൾക്ക് മുൻപ് കൊണ്ടു വന്ന് ഇറക്കിയിട്ടിരിക്കുന്ന കുടിവെള്ള പദ്ധതി പൈപ്പുകൾ റോഡ് നവീകരണ പ്രവൃത്തികൾ നടത്തുന്നതിന് തടസമായിരിക്കുകയാണ്.
മേപ്പാടി പഞ്ചായത്തിൽ വിവിധ വാർഡുകളിൽ ഇത്തരത്തിൽ പൈപ്പുകൾ ഇറക്കിയിട്ട് മാസങ്ങൾ പിന്നിട്ടിട്ടും അവ സ്ഥാപിച്ചിട്ടില്ല. കരാർ സംഖ്യ സംബന്ധിച്ച തർക്കമാണ് പ്രവൃത്തി നടക്കാത്തതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചൂരൽമല റോഡിലും ഇത്തരത്തിൽ പൈപ്പുകൾ ഇട്ടിട്ടുണ്ട്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി റോഡിന്റെ നവീകരണ പ്രവൃത്തി കരാർ ഏറ്റെടുത്ത് നടത്തിവരികയാണ്. റോഡ് വീതി കൂട്ടുന്നതിനും ഡ്രെയിനേജിന്റെ പ്രവൃത്തി നടത്തുന്നതിനും പൈപ്പുകൾ കിടക്കുന്നത് തടസമായപ്പോൾ സൊസൈറ്റി അധികൃതർക്ക് തന്നെ അവ ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റിയിടേണ്ടി വന്നു. ജല അതോറിറ്റിക്കാണ് കുടി വെള്ള പദ്ധതി നടത്തിപ്പിന്റെ ചുമതല. പൈപ്പുകൾ മുൻകൂട്ടി സ്ഥാപിച്ചാൽ ടാറിങ്ങിന് ശേഷം റോഡ് വെട്ടിപ്പൊളിക്കേണ്ടിവരുന്നത് ഒഴിവാക്കാൻ കഴിയുമായിരുന്നു.
2. റോഡ് നവീകരണ പ്രവൃത്തി പുരോഗമിക്കുന്നു
എന്നാൽ, പൈപ്പ് സ്ഥാപിക്കൽ അടുത്തൊന്നും നടക്കാനിടയില്ലെന്നാണ് വിവരം.
ടാറിങ്ങിനു ശേഷം റോഡ് പൊളിച്ച് പൈപ്പിടുന്നത് ജനകീയ പ്രതിഷേധം ക്ഷണിച്ചു വരുത്തുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു. റോഡ് പൊളിക്കുന്നതിനെ പ്രതിരോധിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. ടാറിങ് പ്രവൃത്തിക്ക് മുമ്പായി പൈപ്പുകൾ കുഴിച്ചിടാൻ ജല അതോറിറ്റി അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയർന്നിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.