സാധനം കടത്തിയ വണ്ടി
കുറ്റ്യാടി: കായക്കൊടി, കരണ്ടോട് ഭാഗങ്ങളിൽനിന്ന് തമിഴ്നാട്ടുകാരി ശേഖരിച്ച ആക്രിസാധനങ്ങൾ കടത്തിക്കൊണ്ടുപോയ വാഹനം നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തി. അക്ക എന്ന യുവതി ഒരാഴ്ച കൊണ്ട് വിലയ്ക്ക് വാങ്ങി വിവിധ കേന്ദ്രങ്ങളിൽ സൂക്ഷിച്ച സാധനങ്ങളാണ് മോഷ്ടിച്ചുകൊണ്ടുപോയത്. യുവതി നാട്ടിലെ സാമൂഹികപ്രവർത്തകരോട് പരാതിപ്പെട്ടതിനെ തുടർന്ന് വി.സി. സാലിം തന്റെ വീട്ടിലെ സി.സി.ടി.വിയിൽ പരിശോധിച്ച് സാധനങ്ങൾ കടത്തിക്കൊണ്ടുപോയ വാഹനം കണ്ടെത്തി.
കുറ്റ്യാടിയിലെ ജനകീയ ദുരന്തസേന പ്രവർത്തകർ വണ്ടിയുടെ വിശദാംശങ്ങൾ വാട്സ് ആപ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. തുടർന്ന് വാഹനം ബാലുശ്ശേരിയിൽ വെച്ച് കണ്ടെത്തി. ആക്രിസാധനങ്ങൾ വിൽക്കുന്ന തമിഴ്നാട്ടുകാരന്റെ വണ്ടിതന്നെയായിരുന്നു അതും. ആദ്യം വണ്ടിയുടമ മോഷണകാര്യം നിഷേധിച്ചെങ്കിലും ഫോട്ടോ കാണിച്ചതോടെ കുറ്റം സമ്മതിക്കുകയും സാധനം വിറ്റ കട കാണിച്ചുകൊടുക്കുകയും ചെയ്തു. പൊലീസ് മുഖേന സാധനം വിറ്റ വില മുഴുവൻ യുവതിക്ക് വാങ്ങിക്കൊടുത്തു.
കുറേ കൊല്ലമായി കരണ്ടോട് ഭാഗത്ത് ആക്രിസാധനങ്ങൾ ശേഖരിച്ചുവിൽക്കുന്നയാളാണ് അക്ക. ബഷീർ നരയങ്കോടൻ, എ.കെ. ശംസീർ, തമിഴ്നാട്ടുകാരനായ മുരളി എന്നിവരുടെ ശ്രമമാണ് വണ്ടിയും മുതലും കണ്ടെത്തൽ എളുപ്പമാക്കിയത്. അക്കയുടെ സാധനത്തിന്റെ വില പൊലീസ് അപ്പോൾ തന്നെ വാങ്ങിക്കൊടുത്തു. തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.