Representational Image
കടലുണ്ടി: തിങ്കളാഴ്ചത്തെ വാവുത്സവത്തോടനുബന്ധിച്ച് ജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാൻ നാലിടങ്ങളിൽ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തി. കോട്ടക്കടവ്, പേടിയാട്ടുകുന്ന്, കടലുണ്ടി ലെവൽക്രോസ്, വാക്കടവ് എന്നിവിടങ്ങളിലാണ് പിക്കറ്റ് ഏർപ്പെടുത്തിയത്. കൂടാതെ പട്രോളിങ്ങും ശക്തമാക്കി.
കോട്ടക്കടവ് മുതൽ കടലുണ്ടി വരെ രാവിലെ 10 മുതൽ ഗതാഗതം നിയന്ത്രിക്കും. ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ കോട്ടക്കടവിൽ യാത്ര അവസാനിപ്പിക്കണം. കോഴിക്കോട്ടേക്കുള്ള ബസുകൾ കോട്ടക്കടവിൽനിന്ന് യാത്ര തുടങ്ങുകയും ഇവിടെ അവസാനിപ്പിക്കുകയും വേണം.
റെയിൽവേ ലൈനിന്റെ പടിഞ്ഞാറും കിഴക്കും ഭാഗങ്ങളിൽ ഉത്സവാഘോഷവുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ ലെവൽ ക്രോസിലൂടെ നടന്നു പോകുന്ന ജനങ്ങളുടെ സുരക്ഷക്കായി ഇവിടെ കൂടുതൽ പൊലീസിനെ വിന്യസിക്കും. ഷൊർണൂർ, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകളിൽനിന്ന് ലോക്കോ പൈലറ്റുമാർക്ക് കടലുണ്ടി ലെവൽ ക്രോസിൽ ട്രെയിനുകൾക്ക് വേഗം കുറക്കാനുള്ള നിർദേശം നൽകും.
കഴിഞ്ഞ മൂന്നു ദിവസമായി ജനത്തിരക്ക് ഏറിവരുകയാണ്. അവസാന ദിവസമായ ഇന്ന് കടലുണ്ടി ജനത്തിരക്കിൽ വീർപ്പുമുട്ടും. ഫറോക്ക് അസി. കമീഷണർ എ.എം. സിദ്ദീഖിന്റെ നിർദേശാനുസരണമാണ് പൊലീസ് ശക്തമായ സുരക്ഷയൊരുക്കുന്നത്. ഇൻസ്പെക്ടർമാരായ കെ.എ. ബോസ്(നല്ലളം),സി.വി. പ്രതീശൻ (ചാലിയം കോസ്റ്റൽ), എസ്.ഐ മാരായ ആർ.എസ്. വിനയൻ(ഫറോക്ക്), പി.ടി. സജി(കടലുണ്ടി ഔട്ട് പോസ്റ്റ്) എന്നിവർക്കാണ് ചുമതല.
വാക്കടവിലും ചാലിയത്തും ഗോതീശ്വരത്തും തിങ്കളാഴ്ച പുലർച്ചെ മുതൽ ബലിതർപ്പണത്തിനെത്തുന്നവർക്ക് സുരക്ഷയൊരുക്കാൻ മീഞ്ചന്ത അഗ്നിരക്ഷ സേനയും കോസ്റ്റൽ ബോട്ടും തീരദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. വാവുത്സവം ഹരിത സൗഹൃദമാക്കാൻ ജാഗ്രതയോടെ ഇടപെടുന്നതിന്റെ ഭാഗമായി ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ കാമ്പയിൻ പ്രവർത്തനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ നിർവഹിച്ചു.
മൂന്നു ദിവസമായി നടന്നു വരുന്ന കടലുണ്ടി ഗ്രാമോത്സവം നിറപ്പകിട്ടാർന്ന കലാപരിപാടികളോടുകൂടി സമാപിച്ചു. സമാപന സമ്മേളനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ അധ്യക്ഷത വഹിച്ചു. ബേപ്പൂർ ഡെവലപ്മെന്റ് മിഷൻ ചെയർമാൻ ടി. രാധാഗോപി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.