താമരശ്ശേരി : അമ്പായത്തോട് ഇറച്ചിപാറയിൽ പ്രവർത്തിക്കുന്ന കോഴി അറവ് മാലിന്യ സംസ്കരണ കേന്ദ്രമായ ഫ്രഷ് കട്ട് പ്ലാന്‍റ് അടച്ചു പൂട്ടാനുള്ള തീരുമാനത്തിനുപിന്നാലെ ഹൈകോടതി സ്‌റ്റേയുടെ പശ്ചാത്തലത്തിൽ പ്രതികരണവുമായി നാട്ടുകാരും സമരസമിതിയും രംഗത്ത്.ഹൈക്കോടതി ഇടപെടലിലൂടെ കമ്പനി തുറന്നു പ്രവർത്തിച്ചാൽ ഇനിയും വൻ ജനകീയ സമരം നേരിടേണ്ടി വരുമെന്ന് ജനകീയ സമരസമതി ചെയർമാൻ ബാബു കുടുക്കിൽ വ്യക്തമാക്കി.
എന്തുവിലകൊടുത്തും നാട്ടുകാരുടെ ജീവന് ഭീഷണിയായമാലിന്യ സംസ്കരണ പ്ലാന്‍റ് തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ല. സർക്കാർ , ഹൈക്കോടതിയിൽ പ്രദേശവാസികളുടെ ജീവിക്കാനുള്ള അവകാശങ്ങൾക്ക് വേണ്ടി വാദിക്കുമെന്നാണ് പ്രതീക്ഷയെന്നും നിയമപരമായി നേരിടാൻ വേണ്ട എല്ലാ തെളിവുകളും തങ്ങളുടെ പക്കൽ ഉണ്ടെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു
വർഷങ്ങളായി നാട്ടുകാരുടെ സ്വൈര്യ ജീവിതം ദുസ്സഹമാക്കിയ ഫ്രഷ് കട്ട്കോഴി അറവ് മാലിന്യ സംസ്കരണ കേന്ദ്രം അടച്ചുപൂട്ടാനുള്ള സർക്കാരിന്‍റെ തീരുമാനം വന്നതോടെ ആഹ്ലാദപ്രകടനവുമായി നാട്ടുകാരും ആക്ഷൻ കമ്മറ്റിയും രണ്ട് ദിവസമായി സജീവമായിരുന്നു. പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ ഉത്തരവ് വന്നതോടെകൂടത്തായി, അമ്പലമുക്ക്, കരിമ്പാലകുന്ന്, താമരശേരി ഭാഗങ്ങളിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും ആഹ്ലാദ പ്രകടനങ്ങളും മധുര വിതരണവും അടക്കം ആഘോഷ പരിപാടികളായിരുന്നു.
എന്നാൽ കോടതിയുടെ സ്റ്റേ ഉത്തരവ് വന്നത്വീണ്ടും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ജന്മനാട്ടിൽ അന്തസ്സോടെ ജീവിക്കാനുംശുദ്ധജലത്തിനും ശുദ്ധവായുവിനും വേണ്ടിയുള്ള നിരന്തര സമരം അമ്പലമുക്ക്, കൂടത്തായി, കരിമ്പാലകുന്ന് തുടങ്ങിയ പ്രദേശ വാസികളെ സംബന്ധിച്ചിടത്തോളം അതിജീവനത്തിന്‍റെ ഭാഗമാണ്. സമരത്തിൽ പങ്കെടുത്ത നിരവധി യുവാക്കളെയാണ് പൊലീസ് വേട്ടയാടി മാസങ്ങളോളം ജയിലിൽ അടച്ചത്. നിരവധി കേസുകളാണ് നാട്ടുകാർക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ളത്.
തികച്ചും സാധാരണ കുടുംബങ്ങളിലുള്ള യുവാക്കൾ സമരത്തെ തുടർന്നുള്ള പൊലിസ് വേട്ട ഭയന്ന് ഒളിവിൽ പോയതോടെ പട്ടിണിയിലായത് നിരവധി കുടുംബങ്ങളാണ്. പണവും സ്വാധീനവും ഉപയോഗിച്ച് ഫ്രഷ് കട്ട് മുതലാളിമാർ സമരത്തെ തല്ലികെടുത്താൻ എല്ലാ വഴികളും നോക്കിയെങ്കിലും അവസാനം സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അനുകൂല തീരുമാനം വലിയ അനുഗ്രഹമാണെന്നുംഇപ്പോഴുള്ള കോടതിയുടെ ഇടപെടലിലൂടെയുണ്ടായ പ്രതിസന്ധിയും പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നുംഫ്രഷ് കട്ട് ഇരകളായ പ്രദേശവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.