ഉപ്പിലാറ മലയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലം
വടകര: ദേശീയപാത നിർമ്മാണത്തിന് മണ്ണെടുത്ത ഉപ്പിലാറ മലയിൽ മണ്ണിടിച്ചിൽ കുടുംബങ്ങൾ അപകട ഭീഷണിയിൽ. വഗാഡ് കമ്പനി മണ്ണെടുത്ത കുന്നിൻ ചെരുവിലാണ് മണ്ണിടിഞ്ഞത്.
ബെഞ്ച് രീതിയിൽ മണ്ണെടുത്ത ഭാഗത്തേക്ക് കടക്കുന്ന പ്രവേശന കവാടത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിൽ മണ്ണും ചളി വെള്ളവും സമീപത്തെ മീങ്കണ്ടി-കീഴൽ മുക്ക് റോഡിലേക്ക് ഒലിച്ചിറങ്ങുകയുണ്ടായി. മണ്ണിന്റെ ഉറപ്പ് കുറഞ്ഞ ഭാഗങ്ങൾ ഏത് നിമിഷവും ഇടിഞ്ഞ് വീഴാൻ പാകത്തിലാണുള്ളത്. റവന്യൂ അധികൃതർ സ്ഥലം സന്ദർശിച്ചെങ്കിലും നേരത്തെ യാതൊരുവിധ പരിശോധനയും ഇവിടെ നടത്തിയിരുന്നില്ലെന്ന് പരാതിയുണ്ട്. കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ ബെഞ്ച് രീതിയിൽ മണ്ണെടുത്ത ഭാഗങ്ങൾ ഇടിഞ്ഞ് തുടങ്ങിയിരുന്നു.
റോഡിലേക്ക് മണ്ണും ചളിയും കുത്തിയൊലിച്ചതോടെയാണ് മലയുടെ മുകൾ ഭാഗത്തുണ്ടായ മണ്ണിടിച്ചിൽ നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ചളിവെള്ളം ഒഴുകി കുറ്റ്യാടി ജലസേചന പദ്ധതിയുടെ മണിയൂർ ഡിസ്ട്രിബ്യൂട്ടറി കനാലിലേക്ക് എത്തിയതിനാൽ കനാൽ നികന്നു തുടങ്ങിയിട്ടുണ്ട്. കനാലിന്റെ പാർശ്വഭാഗങ്ങളും തകർച്ചയുടെ വക്കിലാണ്.
മഴ കനക്കുന്ന സാഹചര്യത്തിൽ അപകട ഭീഷണി നിലനിൽക്കുന്ന പ്രദേശത്ത് അധികൃതരുടെ ഭാഗത്ത് നിന്നും അടിയന്തിര ഇടപെടലുകൾ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്ഥലം സന്ദർശിച്ച റവന്യൂ വകുപ്പ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ആർ.ഡി.ഒയ്ക്കും കലക്ടർക്കും ജിയോളജി വ കുപ്പിനും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.