വടകര കടത്തനാട് ലേബർ കോൺടാക്ട് കോ-ഓപറേറ്റിവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ മുഖ്യ പ്രതി റിനീഷിനെയും കൊണ്ട് തെളിവെടുപ്പ് നടത്തുന്നു
വടകര: വടകര കടത്തനാട് ലേബർ കോൺടാക്ട് കോഓപറേറ്റിവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ മുഖ്യ പ്രതിയെയും കൊണ്ട് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. കേസിലെ മുഖ്യ സൂത്രധാരൻ പേരാമ്പ്ര ചേന്നോളി സ്വദേശി റിനീഷിനെയും കൊണ്ടാണ് തെളിവെടുപ്പ് നടത്തിയത്. നിക്ഷേപകരിൽ നിന്നും തട്ടിയെടുത്ത സ്വർണം, പണയം വെച്ച പയ്യോളിയിലെ സ്വകാര്യ ബാങ്കുകളിലും സ്വർണം വിൽപന നടത്തിയ വടകര സെന്റ് ആന്റണീസ് സ്കൂളിനു സമീപത്തെ ജ്വല്ലറിയിലും എത്തിച്ചാണ് റൂറൽ ജില്ല ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. എൻ. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി.
പയ്യോളിയിലെ സ്വകാര്യ ബാങ്കിൽ പണയപെടുത്തിയ സ്വർണം അവിടെ നിന്നും തിരിച്ചെടുത്ത് പിന്നീട് കൂടുതൽ പണത്തിനായി വടകരയിലെ ജ്വല്ലറിയിൽ വിൽപന നടത്തുകയായിരുന്നു. നിക്ഷേപകരിൽ നിന്നും തട്ടിയെടുത്ത എത്ര ഗ്രാം സ്വർണം വിൽപന നടത്തി എന്നതു സംബന്ധിച്ച് പരിശോധന നടത്തി വരികയാണ്. മുട്ടുങ്ങൽ സ്വദേശി അമ്മദിന്റെയും ബന്ധുക്കളുടേയും നിക്ഷേപമായി 20 ലക്ഷം രൂപയും നൂറ് പ വൻ സ്വർണാഭരണവും സൊസൈറ്റിയിൽ നിക്ഷേപിച്ചിരുന്നു.
നിക്ഷേപ തുക നഷ്ടപെട്ടെന്ന ഇവരുടെ പരാതിയിലാണ് കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന റിനീഷിനെ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയത്. നിക്ഷേപ തട്ടിപ്പ് കേസിൽ ജൂലൈ എട്ടിനാണ് റിനീഷിനെ പൊലീസ് കോട്ടയത്തു നിന്നും അറസ്റ്റ് ചെയ്തത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ സ്വർണം നിക്ഷേപിച്ച രേഖകൾ അന്വേഷണ സംഘം കണ്ടെടുത്തു. നിക്ഷേപകർക്ക് റിനീഷ് സ്വന്തം പേരിലാണ് എഗ്രിമെന്റ് നൽകിയിരുന്നത്.
നിക്ഷേപകരിൽ നിന്നും ഉയർന്ന പലിശ വാഗ്ദാനം നൽകി 5.80 കോടി രൂപയാണ്സൊസൈറ്റി പിരിച്ചെടുത്തത്. സഹകരണ സംഘം ഓഡിറ്റർ നടത്തിയ പരിശോധനയിൽ 2.16 കോടിയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ഈ കേസിലെ രണ്ടാം പ്രതിയാണ് റിനീഷ്. ഒന്നാം പ്രതി സൊസൈറ്റി സെക്രട്ടറി പ്രീണ, സംഘം മുൻ പ്രസിഡന്റും കോൺഗ്രസ്സ് ഡി.സി.സി. സെക്രട്ടറിയുമായിരുന്ന ടി.വി. സുധീർകുമാർ എന്നിവർ റിമാൻഡിലാണ്. നേരത്തെ കേസ് അന്വേഷിച്ചിരുന്നത് ഡി.വൈ.എസ്.പി. ടി. മനോഹരന്റെ നേതൃത്വത്തിലായിരുന്നു. ഉദ്യോഗസ്ഥന് സ്ഥലം മാറ്റം ലഭിച്ചതോടെ അന്വേഷണം വഴി മുട്ടി നിൽക്കുകയായിരുന്നു. കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ കോടതിയിൽ ഹാജരാക്കി വീണ്ടും റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.