വടകരയിൽ സ്വകാര്യ ബസ് പണിമുടക്കിനെ തുടർന്ന് വലഞ്ഞ യാത്രക്കാർ
വടകരയിൽ സ്വകാര്യ ബസ് പണിമുടക്ക് യാത്രക്കാർ വലഞ്ഞു; സമരം പിൻവലിച്ചു
വടകര: ലിങ്ക് റോഡിൽനിന്ന് സ്വകാര്യ ബസുകൾ പഴയ സ്റ്റാൻഡിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് വടകരയിൽ ബസ് പണിമുടക്ക്; യാത്രക്കാർ വലഞ്ഞു. റൂറൽ ജില്ല പൊലീസ് മേധാവി മെറിൻ ജോസഫ് നടത്തിയ ചർച്ചയിൽ സമരം പിൻവലിച്ചു. ട്രാഫിക് റഗുലേറ്ററി യോഗം ചേരുന്നതുവരെ സമരം നിർത്തിവെക്കാനും ചൊവ്വാഴ്ച മുതൽ പഴയ സ്റ്റാൻഡിൽനിന്ന് ബസുകൾ സർവിസ് നടത്താനും തീരുമാനിച്ചു.
വടകരയിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച് രണ്ട് ദിവസത്തിനകം പൊലീസ് പരിശോധന നടത്തി പരിഹാരം കണ്ടെത്തും. തിങ്കളാഴ്ച രാവിലെ വടകര സി.ഐയുമായി സംയുക്ത സമരസമിതി നടത്തിയ ചർച്ച പരാജപ്പെട്ടതിന് പിന്നാലെയാണ് റൂറൽ ജില്ല പൊലീസ് മേധാവി യോഗം വിളിച്ചത്. സമരം തുടരുകയാണെങ്കിൽ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുകയായിരുന്നു.
വടകരയിൽനിന്ന് കൊയിലാണ്ടി, പയ്യോളി, പേരാമ്പ്ര, കൊളാവിപ്പാലം ഭാഗത്തേക്ക് സർവിസ് നടത്തുന്ന സ്വകാര്യ ബസുകളാണ് പണിമുടക്കിയത്. തിങ്കളാഴ്ച ലിങ്ക് റോഡിൽ നിന്നുള്ള സർവിസ് പഴയ സ്റ്റാൻഡിലേക്ക് മാറ്റണമെന്ന് പൊലീസ് സ്വകാര്യ ബസുകൾക്ക് നിർദേശം നൽകിയെങ്കിലും തൊഴിലാളികൾ നിർദേശം അവഗണിച്ച് പണിമുടക്കുകയായിരുന്നു. ബസുകൾ ഓട്ടം നിർത്തിവെച്ചതോടെ രാവിലെ സ്റ്റാൻഡിലെത്തിയ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വലഞ്ഞു. പുതിയ സ്റ്റാൻഡിലും പഴയ സ്റ്റാൻഡിലുമായി നിരവധി യാത്രക്കാരാണ് രാവിലെ മുതൽ കുടുങ്ങിയത്.
ഓണത്തിന് മുന്നോടിയായി ജില്ല കലക്ടർ വിളിച്ചുചേർത്ത യോഗത്തിൽ ദേശീയ പാതയിലെ ശോച്യകവസ്ഥയും ഓണത്തിരക്കും കാരണം റൂട്ടുകളിലെ ബസുകൾ താൽക്കാലികമായി ലിങ്ക് റോഡിലേക്ക് സർവിസ് മാറ്റിയിരുന്നു. ഓണത്തിനു ശേഷം എല്ലാ ബസുകളും പഴയ സ്റ്റാൻഡിലേക്ക് മാറ്റുമെന്ന് അറിയിച്ചിരുന്ന പശ്ചാത്തലത്തിലാണ് വീണ്ടും സർവിസ് പുതിയ സ്റ്റാൻഡിലേക്ക് മാറ്റിയത്.
പൊലീസ് മേധാവിയുമായി നടത്തിയ ചർച്ചയിൽ സംയുക്ത യൂനിയൻ നേതാക്കളായ എ. സതീശൻ, എം. ബാലകൃഷ്ണൻ, അഡ്വ. ഇ. നാരായണൻ നായർ, വിനോദ് ചെറിയത്ത്, മടപ്പള്ളി മോഹനൻ, പി. സജീവ് കുമാർ, മജീദ് അറക്കിലാട്, കെ. പ്രകാശൻ, ബാബു നരിപ്പറ്റ, ഇ. പ്രദീപ് കുമാർ, ബസ് ഉടമ സംഘം സെക്രട്ടറി എ.പി. ഹരിദാസൻ, പ്രസിഡന്റ് സൽവ കുഞ്ഞമ്മദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.