കാടുകയറി നശിക്കുന്ന മെഡിക്കൽ കോളജിലെ സ്പോർട്സ് മെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ട്

അടച്ചുപൂട്ടി മെഡിക്കൽ കോളജിലെ സ്പോർട്സ് മെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ട്

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജിലെ സ്പോർട്സ് മെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ട് പൂർണമായും അടച്ചുപൂട്ടി. കോടികൾ ചെലവഴിച്ച് ആരംഭിച്ച സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾക്ക് കീഴിലുള്ള ഏക സ്പോർട്സ് മെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ടായിരുന്നു ഇത്. അധികൃതരുടെ അവഗണന മൂലം ഒരു വർഷത്തോളമായി ഏറെക്കുറെ പ്രവർത്തനം നിലിച്ച നിലയിലായിരുന്നു.

കെട്ടിടവും പരിസരവും കാടുകയറി തെരുവുനായ്ക്കളുടെയും മറ്റും വിഹാര കേന്ദ്രമാണിപ്പോൾ ഇവിടം. മാസങ്ങളായി അടച്ചിട്ടതിനാൽ കേന്ദ്രത്തിലെ ചികിത്സ ഉപകരണങ്ങളടക്കം നശിക്കുകയാണ്.കായികതാരങ്ങൾക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 2010ൽ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിന് കീഴിലാണ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. ഒ.പി, ഫിസിയോതെറാപ്പി യൂനിറ്റ്, ജിം, ഓപറേഷൻ തിയേറ്റർ, പ്ലാസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനം എന്നിവ ഇവിടെ ഒരുക്കിയിരുന്നു.

എന്നാൽ, ആവശ്യത്തിന് ജീവനക്കാരെ മാത്രം നിയോഗിച്ചില്ല. 15 വർഷമായിട്ടും ഡോക്ടർമാരുടെ തസ്തികയും സൃഷ്ടിച്ചില്ല. നേരത്തെ ആരോഗ്യവകുപ്പിൽനിന്നുള്ള ഒരു ഡോക്ടർ ഡെപ്യൂട്ടേഷനിൽ ഇവിടെ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് തിരിച്ചുവിളിച്ചു. തുടർന്ന് ഫിസിക്കൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരുടെ സേവനം ഉപയോഗിച്ച് ഒ.പി മാത്രം പ്രവർത്തിച്ചിരുന്നു.

എന്നാൽ, ഒരു വർഷമായി അതും നിലച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കാര്യങ്ങൾ പരിശോധിക്കാൻ ഡയറക്ടറെ നിയോഗിക്കുമെന്നും സ്ഥാപനം തുറക്കാൻ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കിയിട്ടുണ്ട്. സാധാരണക്കാരായ കുട്ടികളടക്കമുള്ള കായികതാരങ്ങളുടെ ആശ്രയമായിരുന്ന സ്ഥാപനത്തിന്‍റെ പ്രവർത്തനം പുനരാരംഭിക്കുന്നത് വൈകരുതെന്നാണ് ആവശ്യം.

Tags:    
News Summary - Sports Medicine Institute at the Medical College shut down.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.