ചെമ്മല ബഷീർ


ആൾമാറാട്ടം നടത്തി ആർഭാടജീവിതം, രാത്രിയിൽ പിക്കാസുമായി വീടുകളിലേക്ക് ; കുപ്രസിദ്ധ കുറ്റവാളി ചെമ്മല ബഷീർ പിടിയിൽ

കോഴിക്കോട്: വീട്ടുകാർ ഉറങ്ങിക്കിടക്കുന്നതിനിടെ അതിവിദഗ്ധമായി വാതിൽ പൊളിച്ച് വീടുകളിൽ കവർച്ച നടത്തുന്ന മോഷ്ടാവ് പിടിയിൽ. മലപ്പുറം കാളികാവ് അരിമണൽ സ്വദേശി ചെമ്മല ബഷീർ (49) ആണ് പിടിയിലായത്.

സിറ്റി ക്രൈം സ്ക്വാഡും ടൗൺ എ.സി.പി ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിൽ കസബ പോലീസും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് കസ്റ്റഡിയിൽ എടുത്തത്.

കഴിഞ്ഞ ജൂലൈ 17 ന് രാത്രി കോഴിക്കോട് ചാലപ്പുറം കുഴിപ്പാട്ട് രവീന്ദ്രന്റെ വീടിന്റെ വാതിൽ കുത്തിപ്പൊളിച്ചു അകത്ത് കയറി യു.എസ് ഡോളറും 25000 രൂപയും രണ്ടു വാച്ചും മോഷ്ടിച്ചത് ബഷീർ ആണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ആഗസ്ത് 15ന് പുലർച്ചെ പുതിയറയിൽ കസബ പൊലീസ് സ്റ്റേഷന് സമീപത്തെ വീട്ടിൽനിന്ന് ഒരു പവൻ സ്വർണവും 2500 രൂപയും മോഷണം നടത്തിയതും സമീപത്തെ മറ്റൊരു വീട്ടിൽനിന്ന് എടുത്ത പിക്കാസ് ഉപയോഗിച്ച് വീടിന്റെ പിൻവശത്തെ വാതിൽ പൊളിച്ചുഅകത്തുകയറിയതും ബഷീർ ആണ്. ആ മോഷണം നടക്കുന്നതിനിടെ ഗൾഫിലുള്ള അയൽവാസികൾ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് സംഭവം ശ്രദ്ധയിൽപ്പെടുകയും ഉടൻ വീട്ടുകാരെ ഫോണിൽ വിവരമറിയിക്കുകയും ചെയ്തു. ഫോൺവിളി കേട്ടതോടെ പരിഭ്രാന്തനായ പ്രതി പിക്കാസുമായി രക്ഷപ്പെടുകയായിരുന്നു.

വിവരമറിഞ്ഞ് അയൽവാസികൾ വീടുകളിൽനിന്ന് പുറത്തിറങ്ങി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പിക്കാസ് തിരികെ കൊണ്ടുവെക്കാനെത്തിയ പ്രതി വീട്ടുകാരെ കണ്ടതോടെ പിക്കാസ് മുറ്റത്തിട്ട് വീണ്ടും രക്ഷപ്പെട്ടു.

തുടർന്ന് പൊലീസെത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നിൽ കുപ്രസിദ്ധ മോഷ്ടാവായ ചെമ്മല ബഷീറാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്.

മോഷണത്തിന് ശേഷം കോയമ്പത്തൂർ, മംഗലാപുരം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ മാറിമാറി താമസിച്ച് മോഷ്ടിച്ച പണം ഉപയോഗിച്ച് ആർഭാടജീവിതം നയിച്ചുവരികയായിരുന്നു പ്രതി. അടുത്ത മോഷണത്തിനായി കോഴിക്കോട് എത്തിയതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ക്രൈം സ്ക്വാഡ് വല വിരിച്ചത്.

പുതിയറയിലെ മറ്റൊരു വീട്ടിൽനിന്ന് പൈപ്പുകളും മറ്റ് വീട്ടുപകരണങ്ങളും മോഷ്ടിച്ചതും പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മോഷ്ടിച്ച സ്വർണം വീണ്ടെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പ്രതിക്കെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി നൂറോളം മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

കസബ ഇൻസ്പെക്ടർ സായൂജ് ആണ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ചത്.

എസ്.ഐമാരായ ഷൈജു, രണ്തീർ, എ.എസ്.ഐ സജേഷ് എസ്.സി.പി.ഒ രാജേഷ്, സന്ദീപ്, റെനീഷ്, ജിതിൻ, ലൈലാബി, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ അബ്‌ദുഹ്മാൻ, അനീഷ് മൂസൻവീട്, ഹാദിൽ ,ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, എന്നിവരായിരുന്നു അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

Tags:    
News Summary - 100-Case Thief Held in Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.