നരിക്കുനി ബസ് സ്റ്റാൻഡ് നവീകരണത്തിന്റെ ഭാഗമായി ക്രെയിൻ ഉപയോഗിച്ച് കൂറ്റൻ ഇരുമ്പുതൂണുകൾ സ്ഥാപിക്കുന്നു
മാറുന്ന നരിക്കുനി; വികസനക്കുതിപ്പിൽ ബസ് സ്റ്റാൻഡും അങ്ങാടിയും
നരിക്കുനി: കത്തുന്ന വെയിലിലും കനത്ത മഴയിലും ദുരിതം അനുഭവിച്ച നരിക്കുനിയിലെ യാത്രക്കാരുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. നരിക്കുനി ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡ് ആധുനിക രീതിയിൽ നവീകരിക്കുന്നതിനുള്ള പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി യാത്രക്കാർക്ക് സുരക്ഷിതമായ തണൽ ഒരുക്കാനുള്ള കൂറ്റൻ ഇരുമ്പുതൂണുകൾ സ്റ്റാൻഡിൽ സ്ഥാപിച്ചു തുടങ്ങി. ആധുനിക രീതിയിലുള്ള വലിയ മേൽക്കൂരയും മികച്ച സീറ്റുകളും പുതിയ കവാടവും നിർമിക്കുന്നതോടെ ബസ് സ്റ്റാൻഡിന്റെ മുഖച്ഛായ പൂർണമായും മാറും. മുൻ എം.എൽ.എ ഡോ. എം.കെ. മുനീറിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 50 ലക്ഷം രൂപയാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്. കോഴിക്കോട്, പൂനൂർ, കൊടുവള്ളി, ബാലുശ്ശേരി തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്ക് ബസുകൾ സർവിസ് നടത്തുന്ന പ്രധാന യാത്രാ കേന്ദ്രങ്ങളിലൊന്നാണ് നരിക്കുനി. മുമ്പ് മഴക്കാലത്ത് ട്രാക്കുകൾ ചെളിക്കുളമാകുന്നതും കൃത്യമായ കാത്തിരിപ്പ് കേന്ദ്രമില്ലാത്തതും യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ബസ് സ്റ്റാൻഡ് നവീകരണത്തോടൊപ്പം ടൗൺ സൗന്ദര്യവൽകരണ പദ്ധതിയും ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് വിഭാവനം ചെയ്തിട്ടുണ്ട്. കടകളുടെ പരസ്യ ബോർഡുകൾ ഒരേ മാതൃകയിൽ ഏകീകരിക്കുന്നതോടെ അങ്ങാടിക്ക് പുത്തൻ കാഴ്ച ഭംഗി കൈവരും.
നവീകരണ പ്രവൃത്തികൾ കാരണം വ്യാപാരികൾക്കുണ്ടായ താൽകാലിക പ്രയാസങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാക്കും. കൂറ്റൻ ഇരുമ്പ് തൂണുകളും ഷീറ്റുകളും വലിയ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി സ്ഥാപിക്കുന്നതിനാലാണ് പണികളിൽ നേരിയ കാലതാമസം നേരിടുന്നത്. എങ്കിലും ഈ മാസം 15ാം തീയതിയോടെ തൂണുകളുടെ പണി പൂർത്തിയാക്കി മേൽക്കൂരയിൽ ഷീറ്റ് ഇടാനുള്ള തീവ്രശ്രമത്തിലാണ് പഞ്ചായത്ത്. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം കച്ചവടക്കാരുടെ വരുമാന വർധനവിന് കൂടി വഴിയൊരുക്കുന്ന രീതിയിലാണ് ടൗൺ സൗന്ദര്യവൽകരണവും കടകളുടെ ബോർഡുകളുടെ ഏകീകരണവും വിഭാവനം ചെയ്തിരിക്കുന്നതെന്ന് നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. ലൈല പറഞ്ഞു.
നിർമാണ പ്രവർത്തനങ്ങൾ സുഗമമാക്കാൻ സെപ്റ്റംബർ ഒന്നു മുതൽ 15 വരെ ബസ് സ്റ്റാൻഡ് ഭാഗികമായി അടച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ടൗണിൽ വിപുലമായ താൽകാലിക ട്രാഫിക് ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ബസ് സ്റ്റാൻഡ് പരിസരത്തുണ്ടായിരുന്ന ഓട്ടോകൾ പഞ്ചായത്ത് ഓഫിസിന് മുന്നിലേക്ക് മാറ്റി. ബസുകൾ സ്റ്റാൻഡിന് മുന്നിൽ യാത്രക്കാരെ ഇറക്കിയ ശേഷം മാറി പാർക്ക് ചെയ്യുകയും, പുറപ്പെടേണ്ട സമയത്ത് മാത്രം വന്ന് ആളുകളെ കയറ്റുകയുമാണ് ചെയ്യുന്നത്. കൂടാതെ, ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിലും ആശുപത്രിക്ക് മുന്നിലും ഇരുചക്ര വാഹനങ്ങളുടെ പാർക്കിങ് പൂർണമായി നിരോധിച്ചിട്ടുണ്ട്.
താൽക്കാലിക ബുദ്ധിമുട്ടുകൾ നാടിന്റെ വലിയൊരു വികസനത്തിന് വേണ്ടിയാണെന്ന തിരിച്ചറിവിൽ ബസ്, ഓട്ടോ തൊഴിലാളികളും വ്യാപാരികളും പൊതുജനങ്ങളും നിർമാണവുമായി പൂർണമായി സഹകരിക്കുന്നുണ്ട്. വർഷങ്ങളായുള്ള യാത്രാക്ലേശത്തിനാണ് ഈ പുനരുദ്ധാരണത്തോടെ ശാശ്വത പരിഹാരമാകുന്നത്. സ്റ്റാൻഡിന്റെ നിലം ടൈൽ ചെയ്യുകയും ഷോപ്പുകളുടെ ബോർഡുകൾ ഏകീകരിക്കുകയും ചെയ്യും. വെയിലും മഴയും ഏൽക്കാതെ ജനങ്ങൾക്ക് ബസ് കാത്തിരിക്കാനുള്ള ആധുനിക സൗകര്യവും അങ്ങാടിയുടെ സൗന്ദര്യവൽക്കരണവും വ്യാപാരികളുടെ ബിസിനസ് വർധിപ്പിക്കാനും ഈ മാറ്റങ്ങൾ ഉപകരിക്കുമെന്ന് 13ാം വാർഡ് മെംബർ പി.കെ. സുനിൽകുമാർ പറഞ്ഞു.
നിശ്ചിത സമയത്തിനുള്ളിൽ തന്നെ നിർമാണം പൂർത്തിയാക്കി ബസ് സ്റ്റാൻഡ് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനുള്ള തീവ്രശ്രമത്തിലാണ് ഗ്രാമപഞ്ചായത്ത്. പ്രവൃത്തി പൂർത്തിയാകുന്നതോടെ നരിക്കുനി ടൗണിലെ ഗതാഗതക്കുരുക്കിന് വലിയൊരു പരിധി വരെ ശമനമാകുമെന്നും പ്രദേശത്തെ വ്യാപാര മേഖലക്ക് ഇത് കൂടുതൽ ഉണർവേകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.