കോഴിക്കോട്: കോർപറേഷൻ അക്കൗണ്ടിലെ തട്ടിപ്പിനെ ചൊല്ലി ജില്ല പഞ്ചായത്ത് യോഗത്തിലും ബഹളം. കുന്ദമംഗലം ഡിവിഷൻ അംഗം എം. ധനീഷ് ലാലാണ് വിഷയം യോഗത്തിലുന്നയിച്ചത്. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അക്കൗണ്ടുകളെക്കുറിച്ച് അതത് ബോഡികൾ പരിശോധന നടത്തണമെന്ന മന്ത്രി എം.ബി. രാജേഷിന്‍റെ പ്രസ്താവനയുടെ ചുവടുപിടിച്ചായിരുന്നു ധനീഷ് ലാലിന്‍റെ വിമർശനം.

ജില്ല പഞ്ചായത്തിന്‍റെ അക്കൗണ്ടുകൾക്ക് കോർപറേഷന്റെ ഗതി വരരുതെന്നും കൃത്യമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോർപറേഷനിൽ നടക്കുന്നത് അഴിമതിയുടെ ആഗോള പ്രദർശനമേളയാെണന്നും വിമർശിച്ചു. ഇതോടെ ഭരണപക്ഷത്തുനിന്ന് പി. ഗവാസ് ഇടപെട്ടു. കോർപറേഷനിൽ നടന്നത് അഴിമതിയല്ലെന്നും പ്രശ്നത്തെ വക്രീകരിക്കുകയാണെന്നും പറഞ്ഞ അദ്ദേഹത്തെ കോർപറേഷനിലെ കെട്ടിടനമ്പർ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് ധനീഷ് ലാൽ നേരിട്ടത്.

ക്വട്ടേഷനില്ലാതെ ഷോപ്പുകൾ സ്വന്തക്കാർക്ക് വാടകക്ക് കൊടുത്തതും അനധികൃതമായി ബിൽഡിങ്ങുകൾക്ക് നമ്പർ നൽകിയതും ചൂണ്ടിക്കാട്ടി. ഇതോടെ കോർപറേഷനിലെ കാര്യങ്ങൾ ഇവിടെ ചർച്ച ചെയ്യേണ്ടതില്ലെന്ന് പ്രസിഡന്‍റ് ഷീജ ശശി പറഞ്ഞു.

ധനീഷ് ലാലിന്‍റെ പ്രസ്താവന പിൻവലിക്കണമെന്നും രേഖകളിൽനിന്നും നീക്കം ചെയ്യണമെന്നും ഭരണപക്ഷം ആവശ്യപ്പെട്ടു. ഇത്തരം ചർച്ചകൾ പ്രോത്സാഹിപ്പിക്കരുതെന്നും കാടടച്ചു വെടിവെക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രസ്താവന പിൻവലിക്കണമെന്നും പി.പി. പ്രേമ ആവശ്യപ്പെട്ടു.

ഇതോടെ ഫിനാൻസ് ഓഫിസർ എം.ടി. പ്രേമൻ വിഷയത്തിൽ വിശദീകരണം നൽകി. എസ്.ബി.ഐയിലും പി.എൻ.ബിയിലുമായി ജില്ല പഞ്ചായത്തിന് രണ്ട് അക്കൗണ്ടുകളാണുള്ളതെന്നും കൂടുതൽ അക്കൗണ്ടുകൾ ഇല്ലാത്തതിനാൽ തന്നെ കൃത്യമായി പരിശോധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരുവിധത്തിലുള്ള കൃത്യവിലോപവും നടക്കുന്നില്ലെന്നും വിശദീകരിച്ചു.

കടലുണ്ടി സ്റ്റേഡിയത്തിൽ നിർമിച്ച ഗ്രൗണ്ടിൽ കളിക്കാൻ കഴിയുന്നില്ലെന്നും ഇതിനായി 10 ലക്ഷം രൂപകൂടി അനുവദിക്ക‍ണമെന്നും പി. ഗവാസ് ആവശ്യപ്പെട്ടു. കായികപ്രേമികൾ ആവശ്യപ്പെട്ടതരത്തിൽ മൈതാനം പണിതുനൽകാമെന്നു പറഞ്ഞാണ് എസ്റ്റിമേറ്റ് തയാറാക്കിയത്. ഇതനുസരിച്ച് 20 ലക്ഷത്തോളം രൂപ ചെലവാക്കി മൈതാനം നവീകരിച്ചെങ്കിലും മത്സരങ്ങൾ നടത്തുന്നതിന് സജ്ജമായിട്ടില്ല.

ഇത്തവണ കേരളോത്സവത്തിലെ കായിക മത്സരങ്ങൾ ഈ ഗ്രൗണ്ടിൽ നടത്താൻ കഴിയാത്തതിനാൽ മറ്റൊരിടത്താണ് നടത്തിയത്. ഇതിന് പരിഹാരമുണ്ടാക്കണം. ജൽജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട് റോഡ് വെട്ടിപ്പൊളിക്കുന്നുവെന്ന് വ്യാപകമായ പരാതിയാണ് ഉയരുന്നത്. വെട്ടിപ്പൊളിച്ച റോഡ് പിന്നീട് ടാർ ചെയ്യുമ്പോഴും കോൺക്രീറ്റ് ചെയ്യുമ്പോഴും ശരിയായ വിധത്തിലല്ലെന്നും ആക്ഷേപമുണ്ട്.

ഈ പ്രശ്നം ചർച്ചചെയ്യാനായി ജൽജീവൻ അധികൃതരെയും പൊതുമരാമത്ത് വകുപ്പിനെയും ഉൾപ്പെടുത്തിക്കൊണ്ട് 21ന് യോഗം ചേരാൻ തീരുമാനിച്ചു. സംസ്ഥാന കലോത്സവ നടത്തിപ്പിൽ ജില്ല പഞ്ചായത്ത് അംഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും വിമർശനമുയർന്നു. സ്വാഗത സംഘത്തിലും യോഗങ്ങളിലും വിളിക്കുന്നില്ലെന്നും ഭാരവാഹിത്വം നൽകിയില്ലെന്നുമാണ് വിമർശനം.

Tags:    
News Summary - Uproar in Kozhikode district panchayat over corporation account fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.