1.വോട്ടഭ്യർഥിച്ചെത്തിയ വിദ്യാ ബാലകൃഷ്ണനെ കക്കോടിയിലെ വീട്ടമ്മ അനുഗ്രഹിക്കുന്നു2. എ.കെ.ശശീന്ദ്രൻ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ പുല്ലാളൂർ
തൃക്കോവിൽ ക്ഷേത്രത്തിലെത്തിയപ്പോൾ
കോഴിക്കോട്: 80 വയസ്സു തികഞ്ഞ് വിശ്രമിക്കുകയല്ല വേണ്ടത് നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കുകയാണെന്ന സന്ദേശത്തിലാണ് നാലാം തവണയും എൽ.ഡി.എഫ് സ്ഥാനാർഥിയായി എ.കെ. ശശീന്ദ്രൻ എലത്തൂർ മണ്ഡലത്തിൽ മത്സരിക്കുന്നത്. ഈ തീരുമാനം സി.പി.എമ്മോ എ.കെ. ശശീന്ദ്രന്റെ തന്നെ പാർട്ടിയായ എൻ.സി.പിയോ പൂർണമായോ അംഗീകരിച്ചോ എന്നതു വേറെ വിഷയം. പിന്മാറാൻ സമ്മർദങ്ങൾ പലഭാഗത്തുനിന്നുവന്നെങ്കിലും ശശീന്ദ്രൻ വഴങ്ങിയില്ല.
അവസാനം മല്ലടിച്ച് എതിരുനിന്നവരെപോലും പ്രചാരണത്തിനിറക്കുന്നതിൽ വിജയം നേടിയ തനിക്ക് നാലാം തവണയും മണ്ഡലത്തിലെ വിജയം പ്രയാസമല്ലെന്ന ഉറപ്പിലാണ് മുന്നേറുന്നത്. 2011 മുതൽ ഓരോ തവണയും അദ്ദേഹത്തിന്റെ ഭൂരിപക്ഷം കൂടിവരുകയാണ്. 14,654 വോട്ടിന്റെ ഭൂരിപക്ഷം മൂന്നുതവണകൊണ്ട് 38,502 വോട്ടിന്റെ ഭുരിപക്ഷത്തിൽ എത്തിയിട്ടുണ്ട്. പക്ഷേ ഇതൊന്നും എന്‍സി.പിയുടെ കഴിവുകൊണ്ടായിരുന്നില്ല, സി.പി.എം പ്രവര്‍ത്തകരുടെ സ്വാധീനം കൊണ്ടായിരുന്നു.
ടി. ദേവദാസ് കൊളത്തൂരിൽ വോട്ടഭ്യർഥിക്കുന്നു
ശശീന്ദ്രനെതിരെയുള്ള ശക്തമായ പ്രാദേശിക വികാരം പരമാവധി ഉപയോഗപ്പെടുത്തിയാണ് യു.ഡി.എഫ് സ്ഥാനാർഥി വിദ്യാബാലകൃഷ്ണന്റെ പ്രചാരണം. അടപടലം ഇളക്കി എന്നു പറഞ്ഞാൽ അക്ഷരാർഥത്തിൽ ശരിയാണ്. യു.ഡി.എഫിൽ ഇത്രമാത്രം ഐക്യമുണ്ടാക്കാൻ ഇടവരുത്തുന്നത്, ആഞ്ഞുപിടച്ചാൽ എലത്തൂർ ഇളകുമെന്ന ചിന്തയാണ്. എതിരാളിയെപോലെ വെയിലും ചൂടും മഴയും മഞ്ഞും ഒന്നും നോക്കിയല്ല പ്രചാരണം. ഓരോ ദിവസവും പുറത്തിറങ്ങുന്ന റീലുകളിൽ വോട്ടർമാരുടെ അടുപ്പം ആത്മബന്ധവും അടയാളപ്പെടുത്തുകയാണ്. രാവും പകലും ഒന്നും നോക്കുന്നില്ല, ഭക്ഷണത്തിനും വിശ്രമത്തിനും പ്രത്യേക സമയമൊന്നുമില്ല, കഴിച്ചാലായി, ഇല്ലേൽ ഇല്ല. വീടും കടകളും കയറിയിറങ്ങിയും വാഹനയാത്രക്കാരെ തടഞ്ഞുമെല്ലാമാണ് വോട്ടഭ്യർഥന.
രാഷ്ട്രീയം വലുതായി പറയുന്നില്ല, ചോദിക്കുന്നത് ഒരു കുടുംബസൃഹൃത്തിനെപോലെ ഒരു വോട്ട്. എം.എൽ.എ ആയാലും ഇല്ലേലും എലത്തൂരിലെ ജനങ്ങൾക്കിടയിൽ ഉണ്ടാകുമെന്ന ഉറപ്പ്. അഭിഭാഷക ആയതുകൊണ്ടുതന്നെ സ്ത്രീകൾക്കിടയിലും പെൺകുട്ടികൾക്കിടയിലും ഈ ആത്മബന്ധം വിളക്കിച്ചേർക്കൽ വല്ലാതെ ഏശുന്നുണ്ട്. ഓട്ടപ്രദക്ഷിണത്തിനിടക്ക് വയോധികരെയും അവശതയനുഭവിക്കുന്നവരെയെല്ലാം കാണുമ്പോൾ അവർക്കിടയിൽ സമയം ചെലവഴിക്കുന്നുണ്ട്. വിദ്യ മണ്ഡലത്തിൽ നിറഞ്ഞുനിന്നാൽ എലത്തുരിൽ എന്തും സംഭവിക്കാമെന്ന അവസ്ഥയാണ്. വിജയത്തെക്കുറിച്ച് ആർക്കും തീർത്തു പറയാൻ ഉറപ്പില്ലാത്ത അവസ്ഥയിലെത്തി എലത്തുർ മണ്ഡലം. മന്ത്രി എ.കെ. ശശീന്ദ്രന്‍ ജാതികാര്‍ഡ് പുറത്തെടുത്തതായി വോട്ടർമാർക്കിടയിൽ ആക്ഷേപമുണ്ട്. എ.കെ. ശശീന്ദ്രന്റെ അപരന്റെ നാമനിർദേശ പത്രിക രസീത് എതിരാളികൾ തട്ടിക്കൊണ്ടുപോയതായ പ്രചാരണവും ചില നീരസങ്ങൾക്കിടയാക്കിയിട്ടുണ്ട്.
എൻ.ഡി.എ സ്ഥാനാർഥി ടി. ദേവദാസും ആത്മവിശ്വാസത്തിലാണ്. മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലും കോർപറേഷൻ ഡിവിഷനുകളിലും ബി.ജെ.പി ഗണ്യമായ വോട്ടുണ്ട്. മറ്റു പാർട്ടികളുടെയും അനുഭാവികളുടെയും വോട്ടുകൾ ചോർത്താനാണ് അധ്യാപകനായ ടി. ദേവദാസിനെത്തന്നെ ബി.ജെ.പി നിയോഗിച്ചത്.
എ.കെ. ശശീന്ദ്രൻ
കെ.എസ്.യു സംസ്ഥാന ജന. സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ്, പ്രസിഡന്‍റ്, എം.എൽ.എ, മന്ത്രി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചു. 1978 ൽ കോൺഗ്രസ് പിളർനപ്പോൾ ഇന്ദിരാഗാന്ധിക്കെതിരെ -ദേവരാജ് അരശ് വിഭാഗത്തോടൊപ്പം ചേർന്നു. 1981ൽ ശരത് പവാറിന്‍റെ നേതൃത്വത്തിൽ പാർട്ടി കോൺഗ്രസ് എസ് ആയി. ’86ൽ ശരത് പവാർ പാർട്ടി വിട്ടപ്പോൾ ശരത്ചന്ദ്ര സിൻഹക്കൊപ്പം കോൺഗ്രസ് എസിൽ ഉറച്ചുനിന്നു.
സാക്ഷരത മിഷൻ ഗവേണിങ് ബോഡി മെംബറായിരുന്നു, കണ്ണൂർ ജവഹർലാൽ നെഹ്റു പബ്ലിക് ലൈബ്രറി വൈസ് ചെയർമാനായും പ്രവർത്തിച്ചു. എഫ്.സി.ഐ അഡ്വൈസറി ബോർഡ് മെംബർ, കെ.പി.സി.സി (എസ്) ജന. സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, എൻ.സി.പി പാർലമെന്‍ററി പാർട്ടി ലീഡർ, ദേശീയ വർക്കിങ് കമ്മറ്റി അംഗം എന്നീ ചുമതലയും വഹിച്ചു. കുഞ്ഞമ്പു ജാനകി ദമ്പതികളുടെ മകനായി കണ്ണൂർ ഇളയാവൂരിൽ ജനിച്ചു. ഭാര്യ അനിത കൃഷ്ണൻ, മകൻ: വരുൺ.
വിദ്യാ ബാലകൃഷ്ണൻ
നിയമസഭയിലേക്ക് കന്നിയങ്കം. നിലവിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയാണ്. കോർപറേഷനിൽ രണ്ട് തവണ തുടർച്ചയായി കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. കെ.എസ്.യു താലൂക്ക് ഭാരവാഹിയായി രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന വിദ്യ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി, ജില്ല ജനറൽ സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. പിന്നീട് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി കർണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് തുടങ്ങിയ സംസ്ഥാനങ്ങളുടെ സംഘടനാ ചുമതലകൾ വഹിച്ചു.
കാലിക്കറ്റ് സർവകലാശാലയിൽ യൂനിവേഴ്‌സിറ്റി യൂനിയൻ കൗൺസിലറായിരുന്നു. എം.ബി.എ (ഫിനാൻസ് ആൻഡ് ഹ്യൂമൻ റിസോഴ്‌സ്), എൽ.എൽ.ബി, എം.കോം, കംമ്പ്യൂട്ടർ എൻജിനീയറിങിൽ ഡിപ്ലോമ തുടങ്ങിയവയാണ് വിദ്യാഭ്യാസ യോഗ്യത. ബവീഷാണ് ഭർത്താവ്. നിയമസഭയിലേക്ക് കന്നിയങ്കം.
ടി. ദേവദാസ് മാസ്റ്റർ
ബിജെപി കോഴിക്കോട് റവന്യു ജില്ലാ വൈസ് പ്രസിഡന്‍റ്, എലത്തൂർ നിയോജക മണ്ഡലം പ്രസിഡന്‍റ്, നന്മണ്ട പഞ്ചായത്ത് പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ കോഴിക്കോട് റൂറൽ ജില്ല പ്രസിഡന്‍റാണ്. നന്മണ്ട ഈസ്റ്റ് എ.യു.പി സ്കൂളിൽനിന്നും ഗണിതശാസ്ത്ര അധ്യാപകനായി വിരമിച്ചു. ആർ.എസ്.എസ്, ബാലഗോകുലം, എ.ബി.വി.പി തുടങ്ങിയ സംഘടനകളിലൂടെയാണ് പൊതുപ്രവർത്തനരംഗത്തേക്ക് കടന്നുവന്നത്.
നന്മണ്ട കൃഷ്ണകൃപയിൽ പരേതനായ വി.വി. വാസുദേവൻ മാസ്റ്ററുടെയും നാരകശ്ശേരി തേവറത്ത് അമ്മുക്കുട്ടിയമ്മയുടെയും മകനാണ്. നന്മണ്ട ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക ജസി ദേവദാസ് ഭാര്യയും ശിവപുരം എസ്എംഎംഎ യു പി സ്കൂൾ അധ്യാപകൻ നിരഞ്ജൻ ദേവ് മകനുമാണ്. നിയമസഭയിലേക്ക് കന്നിയങ്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.