കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി പിടിച്ചെടുത്ത് കൈയേറ്റക്കാരായ റിസോർട്ട്-ബാർ മുതലാളിമാർക്ക് തീറെഴുതിക്കൊടുക്കാനുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചിരകാല പദ്ധതി ലക്ഷ്യത്തിലെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി മുസ്‌ലിം ലീഗുമായും വഖഫ് മന്ത്രി എൻ. ശംസുദ്ദീനുമായും നടത്തിയ ഗൂഢാലോചന ഞെട്ടിപ്പിക്കുന്നതാണെന്ന് ഐ.എൻ.എൽ. കഴിഞ്ഞ ഇടതു സർക്കാർ കാലത്ത് നിയോഗിക്കപ്പെട്ട നിലവിലെ വഖഫ് ബോർഡ്, മുനമ്പം വഖഫ് വിഷയത്തിൽ വിട്ടുവീഴ്ചക്ക് തയാറാകില്ലെന്ന് മനസ്സിലാക്കിയ വി.ഡി. സതീശൻ ബി.ജെ.പി നേതാവ് ഷോൺ ജോർജിനെ മുന്നിൽനിർത്തി ഫയൽചെയ്ത ഹരജി മറയാക്കി കോടതിയിൽ നാടകം കളിക്കുകയായിരുന്നു.
കേന്ദ്ര സർക്കാറിന്റെ പ്രതിനിധി അഡീഷനൽ സോളിസിറ്റർ ജനറലും എതിർപ്പുകൾ വകവെക്കാതെ മുഖ്യമന്ത്രി നിയോഗിച്ച അഡ്വക്കറ്റ് ജനറലും ബി.ജെ.പി നേതാവിന്റെ വാദങ്ങൾ അക്ഷരംപ്രതി പിന്തുണച്ചത് 2025ൽ മോദി സർക്കാർ കൊണ്ടുവന്ന, കോൺഗ്രസും ലീഗുമടക്കം ശക്തമായി എതിർത്ത 2025ലെ നിയമത്തിലെ വിവാദ വകുപ്പ് എടുത്തുകാട്ടിയാണ്. അമുസ്‌ലിം അംഗങ്ങളുടെ ഒഴിവ് നികത്താതെ തന്ത്രപരമായ രാഷ്ട്രീയ നീക്കത്തിലൂടെ പിണറായി സർക്കാർ ഉണ്ടാക്കിയ വഖഫ് ബോർഡ് പിരിച്ചുവിട്ട് തങ്ങളുടെ ഇംഗിതങ്ങൾക്കൊത്ത് ആടുന്ന ബോർഡിനെ അടിച്ചേൽപ്പിക്കാനുള്ള ഗൂഢാലോചനയാണ് അണിയറയിൽ അരങ്ങേറുന്നത്. തീരദേശത്തെ പതിനായിരക്കണക്കിന് ഏക്കർ ഭൂമി വഖഫ് ബോർഡിന്റെ കൈയിലാണന്നിരിക്കെ, ബോർഡിന്റെ കടിഞ്ഞാൺ കൈക്കലാക്കാനാണ് മുഖ്യമന്ത്രി സതീശന്റെ ശ്രമം.
ന്യൂനപക്ഷങ്ങളുടെ കൈയിൽ നിന്ന് ലക്ഷക്കണക്കിന് വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള മോദി സർക്കറിന്റെയും ആർ.എസ്.എസിന്റെയും അജണ്ടയാണ് കേരളത്തിലും നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും അതിനെതിരെ ജാഗരൂകരാകണമെന്നും ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.