കോഴിക്കോട്: കേന്ദ്ര ധനകാര്യ കമീഷൻ ഗ്രാൻഡ് വിനിയോഗത്തിലെ നിബന്ധനകളിൽ ഭേദഗതിയും വ്യക്തതയും വരുത്തി സർക്കാർ. പതിനാറാം ധനകാര്യ കമീഷൻ ഗ്രാൻഡ് ഉപയോഗിച്ച് പുതിയ പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിനും സ്പിൽ ഓവർ പ്രോജക്ടുകൾ നടപ്പാക്കുന്നതിനും അനുമതി നൽകിയിരുന്നെങ്കിലും പതിനാറാം ധനകാര്യ കമീഷൻ ഗ്രാൻഡ് വിനിയോഗിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ അന്തിമമാകാത്ത സാഹചര്യത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളിൽ പതിനാറാം കമീഷൻ ഗ്രാൻഡ് വിനിയോഗിക്കുന്നതിനുള്ള പ്രോജക്ടുകൾ ഇപ്പോൾ വാർഷിക പദ്ധതിയുടെ ഭാഗമാക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2026- 27 വാർഷിക പദ്ധതി സ്പിൽ ഓവർ പ്രോജക്ടുകൾ കൂടി ഉൾപ്പെടുത്തിയാണ് പുതിയ മാർഗനിർദേശങ്ങൾ. പരിഷ്കരിച്ച വാർഷിക പദ്ധതി ജില്ല ആസൂത്രണ സമിതികളുടെ അംഗീകാരത്തിനായി സമർപ്പിക്കുന്നതിനുള്ള സമയപരിധി 2026 ജൂലൈ 31 വരെ ദീർഘിപ്പിച്ചിരുന്നു. . പതിനാറാം ധനകാര്യ കമീഷൻ ഗ്രാൻഡ് വിനിയോഗിക്കുന്നതു സംബന്ധിച്ച് മാർഗ നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിക്കുന്ന മുറക്ക് പുതിയ പ്രോജക്ടുകൾ രൂപവത്കരിച്ച് വാർഷിക പദ്ധതി ഭേദഗതി ചെയ്യുന്നതിന് വീണ്ടും അവസരം നൽകും.
വികസന ഫണ്ടിന്റെ ഭാഗമായ പൊതുവിഭാഗം, സാധാരണ വിഹിതം, പട്ടികജാതി ഉപപദ്ധതി വിഹിതം, പട്ടിക വർഗ ഉപപദ്ധതി വിഹിതം എന്നിവയുടെ കാര്യത്തിലും 2026-27 പുതുക്കിയ ബജറ്റ് വിഹിതത്തിന് അനുസൃതമായി ക്രമപ്പെടുത്താനും നിർദേശം നൽകി. സാധാരണ വിഹിതം, പൊതുവിഭാഗം സാധാരണ വിഹിതം, പട്ടികജാതി ഉപപദ്ധതി വിഹിതം, പട്ടിക വർഗ ഉപപദ്ധതി വിഹിതം എന്നിവയിൽ കുറവുവന്ന തുകക്കുള്ള പ്രോജക്ടുകൾ പറ്റുമെങ്കിൽ ലഭ്യമായ തനത് ഫണ്ട് വകയിരുത്തി വാർഷിക പദ്ധതിയിൽ നിലനിർത്താനും അനുമതി നൽകി.
തനത് ഫണ്ട് വകയിരുത്തുന്നതിന് കഴിയില്ലെങ്കിൽ കുറവുവന്ന തുകക്ക് അനുസൃതമായ പതിനാറാം ധനകാര്യ കമീഷൻ ഗ്രാൻഡ് വിനിയോഗിക്കുന്നതിനുള്ള പ്രോജക്ടുകൾ ഉൾപ്പെടുത്തുന്നതിന് അവസരം ലഭിക്കുമ്പോൾ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി വാർഷിക പദ്ധതിയുടെ ഭാഗമാക്കാവുന്നതാണെന്നും ഉത്തരവിട്ടു. വികസന ഫണ്ടിന്റെ ഭാഗമായ പൊതു വിഭാഗം സാധാരണ വിഹിതം, പട്ടിക ജാതി ഉപപദ്ധതി വിഹിതം, പട്ടികവർഗ ഉപപദ്ധതി വിഹിതം എന്നിവയുടെ കാര്യത്തിലും മെയിൻറനൻസ് ഫണ്ടിന്റെ കാര്യത്തിലും അനുവദനീയമായ ക്യാരി ഓവർ തുക പരമാവധി 20 ശതമാനം വരെ കണക്കാക്കുന്നതിന് 2025-26 ബജറ്റ് വിഹിതം അടിസ്ഥാനമാക്കാവുന്നതാണെന്നും നിർദേശം നൽകി.
നഗരസഞ്ചയ ഗ്രാൻഡിൽ(ടൈഡ് ഫണ്ട് ) നിന്നു വിഹിതം ലഭിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഗ്രാൻഡ് വിനിയോഗിക്കുന്നതിനുള്ള പ്രോജക്ടുകൾ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതാണ്. പതിനഞ്ചാം ധനകാര്യ കമീഷൻ ഹെൽത്ത് ഗ്രാൻഡ് ഇനത്തിൽ 2025-26ലെ വിഹിതം വിനിയോഗം ഉപയോഗിക്കുന്നത് സംബന്ധിച്ച് വിശദമായ മാർഗ നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിക്കുന്ന മുറക്ക് മാത്രം ഹെൽത്ത് ഗ്രാൻഡ് സംബന്ധിച്ച പ്രോജക്ടുകൾ തയാറാക്കിയാൽ മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.