പാളയം മാർക്കറ്റിലെത്തുന്നവരുടെ ജീവൻ അപകടത്തിൽ; കെട്ടിടം പൊളിച്ചുനീക്കണമെന്ന് എൻ.ഐ.ടി റിപ്പോർട്ട്

കോഴിക്കോട്: പാളയം മാർക്കറ്റ് കെട്ടിടം പൊളിച്ചുനീക്കണമെന്ന് എൻ.ഐ.ടി റിപ്പോർട്ട്. പാളയം മാർക്കറ്റ് കോംപ്ലക്‌സിനെ ഘടനാപരമായി ഉപയോഗശൂന്യമായി പ്രഖ്യാപിച്ചിട്ടുള്ളതും ശക്തമായ മഴ, കാറ്റ് തുടങ്ങിയ പ്രകൃതിദത്ത സാഹചര്യങ്ങളിൽ കെട്ടിടം ഭാഗികമായോ പൂർണമായോ തകർച്ച സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ വ്യാപാരികളും പൊതുജനങ്ങളും ഉപയോഗിക്കുന്നത് ജീവഹാനിക്ക് ഇടയാക്കുന്ന ഗുരുതരമായ അപകടസാധ്യത സൃഷ്ട‌ിക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്. കെട്ടിടങ്ങളുടെ പ്രായാധിക്യം, പ്രകടമായ ഘടനാപരമായ കേടുപാടുകൾ, പൊതുസുരക്ഷ സംബന്ധിച്ച ആശങ്കകൾ എന്നിവ പരിഗണിച്ച് കോഴിക്കോട് നഗരസഭ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിലെ സിവിൽ എൻജിനീയറിങ് വകുപ്പിനെ ഘടനാപരമായ സ്ഥിരത പരിശോധന നടത്തുന്നതിന് ചുമതലപ്പെടുത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ വിദഗ്‌ധസംഘം സ്ഥലപരിശോധന, ദൃശ്യപരിശോധന, ഘടനാപരമായ അപാകതകളുടെ വിലയിരുത്തൽ എന്നിവ നടത്തി സമർപ്പിച്ച റിപ്പോർട്ടിലാണ് ഗുരുതരമായ വിവരങ്ങളുള്ളത്.

1961ൽ നിർമിച്ച കെട്ടിടം പൊതുജനങ്ങളും വ്യാപാരികളും ഉപയോഗിക്കുന്നതിന്റെ ആശങ്ക റിപ്പോർട്ടിൽ പ്രകടമാണ്. മാർക്കറ്റിലെ ലാറ്ററൈറ്റ് കൽഭിത്തികളിൽ വ്യാപകമായ വിള്ളലുകൾ, തേപ്പ് പൂർണമായി അടർന്നുപോകൽ, കല്ലുകളുടെ ശോഷണം, ജൈവവളർച്ച എന്നിവ മൂലം ഭിത്തികളുടെ ഘടനാപരമായ ശേഷി ഗണ്യമായി കുറഞ്ഞതായാണ് റിപ്പോർട്ടിലുള്ളത്. മരത്തടികളിൽ അധിഷ്‌ഠിതമായ മേൽക്കൂരകളിൽ കാലപ്പഴക്കം, ഈർപ്പപ്രവേശനം, ഫംഗസ് ബാധ, മരത്തിന്റെ ദ്രവീകരണം എന്നിവ കാരണം ഗുരുതരമായ താഴ്ച അനുഭവപ്പെടുന്നുവെന്നും മേൽക്കൂരയുടെ സ്ഥിരത നഷ്‌ടപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിൽ അനധികൃതമായി നിർമിച്ച സൺഷേഡുകളും താൽക്കാലിക ഘടനകളും മതിയായ ഘടനപരമായ സുരക്ഷയില്ലാത്തതിനാൽ ശക്തമായ കാറ്റിലും മഴയിലും തകർച്ചക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്നു. എന്നിട്ടും നൂറുകണക്കിന് പേർ മാർക്കറ്റിൽ പ്രവേശിക്കുന്നതിന് കോർപറേഷൻ അനുവദിക്കുന്നത് വിവാദമാകുകയാണ്. തൊഴിലാളികളുടെയും കടയുടമകളുടെയും ജനങ്ങളുടെയും ജീവന് ഭീഷണിയായാണ് കെട്ടിടം നിലനിൽക്കുന്നത്. ബീമുകൾ, സ്ലാബുകൾ പഴകി ദ്രവിച്ച നിലയിലാണ്.

കമ്പികൾ ഗുരുതരമായ രീതിയിൽ തുരുമ്പിച്ച നിലയിലാണെന്നും റിപ്പോർട്ടിലുണ്ട്. കാന്റിലിവറുകളിലും സൺഷേഡുകളിലും അമിതഭാരം കയറ്റിവെക്കൽ, മാലിന്യങ്ങൾ നിക്ഷേപിക്കൽ, സസ്യവളർച്ച എന്നിവ കെട്ടിടങ്ങളുടെ ഘടനാപരമായ നാശം കൂടുതൽ വേഗത്തിലാക്കിയതായി വിദഗ്‌ധസംഘം വിലയിരുത്തിയിട്ടുണ്ട്. നിലവിലുള്ള ലാറ്ററൈറ്റ് നിർമിത കെട്ടിടങ്ങളെ നിലവിലെ സ്റ്റാൻഡേഡുകൾ പ്രകാരം സുരക്ഷിതമായി ബലപ്പെടുത്തുന്നതിനോ പുനരുദ്ധരിക്കുന്നതിനോ പ്രായോഗികവും വിശ്വാസ്യതയുള്ളതുമായ സാങ്കേതിക മാർഗങ്ങൾ ലഭ്യമല്ലെന്നും ആവശ്യമായ ബലപ്പെടുത്തൽ നടപടികൾ സ്വീകരിക്കുന്നതിനുള്ള ചെലവ് നിലവിലുള്ള കെട്ടിടങ്ങളുടെ സാമ്പത്തിക മൂല്യത്തെ അപേക്ഷിച്ച് അത്യന്തം ഉയർന്നതും സാമ്പത്തികമായി ന്യായീകരിക്കാനാകാത്തതുമാണെന്നും വിദഗ്ധസംഘം കണ്ടെത്തി. നിലവിലെ കെട്ടിടങ്ങൾ അവയുടെ സേവനകാലാവധി പിന്നിട്ടതും ഘടനാപരമായ സുരക്ഷ പൂർ‌ണമായും നഷ്‌ടപ്പെട്ടതുമാണെന്നും റിപ്പോർട്ടിലുണ്ട്.

നിലവിലുള്ള കെട്ടിടങ്ങളിൽ അറ്റകുറ്റപ്പണികളോ ഭാഗിക പുനരുദ്ധാരണ പ്രവർത്തനങ്ങളോ നടത്തുന്നത് സാങ്കേതികമായി ശിപാർശ ചെയ്യാനാവില്ലെന്നും പകരം മാർക്കറ്റ് കോംപ്ലക്‌സിലെ എല്ലാ കെട്ടിടങ്ങളും ഹോട്ടൽ കെട്ടിടവും, ഓവർഹെഡ് വാട്ടർ ടാങ്കും ഉൾപ്പെടെ സുരക്ഷിതമായി ഉപയോഗത്തിൽ നിന്ന് ഒഴിവാക്കി നിയമാനുസൃത നടപടികൾ പൂർത്തിയാക്കി ഘട്ടംഘട്ടമായി പൊളിച്ചുനീക്കേണ്ടതാണെന്നും എൻ.ഐ.ടി കാലിക്കറ്റ് ശിപാർശ ചെയ്‌തിരിക്കുകയാണ്.

Tags:    
News Summary - NIT report calls for Palayam market building to be demolished

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.