പിടികൂടിയ പാമ്പുമായി ബാബു എള്ളങ്ങൽ
മുക്കം: ഞങ്ങൾ സ്വന്തം കാശും മുടക്കി, ജീവനും പണയം വെച്ചാണ് ജനങ്ങളെ സഹായിക്കാൻ പോകുന്നത്. പക്ഷേ പാമ്പിനെ പിടിച്ചുകഴിഞ്ഞാൽ വനം വകുപ്പ് അധികൃതർ വന്ന് കൊണ്ടുപോകില്ല. ഞങ്ങൾ തന്നെ താമരശ്ശേരി വരെ വണ്ടി വിളിച്ച് കൊണ്ടുപോയി കൊടുക്കേണ്ട അവസ്ഥയാണ്. മുക്കത്തെ സ്‌നേക് റെസ്ക്യൂ വളണ്ടിയറായ ബാബു എള്ളങ്ങലിന്റെ വാക്കുകളാണിത്.
വിഷപ്പാമ്പുകളെ പിടികൂടി മലയോര മേഖലകളിൽ ജനങ്ങളുടെ ജീവന് കാവലാളാകുന്ന സ്നേക്ക് റെസ്ക്യൂ വളണ്ടിയർമാരാണ് അധികൃതരുടെ അനാസ്ഥയിൽ പ്രതിസന്ധിയിലായത്. താമരശ്ശേരി ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള മുക്കം മേഖലയിലെ അംഗീകൃത പാമ്പ് പിടുത്തക്കാർക്കാണ് ഈ ദുരിതം. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പിടികൂടുന്ന വിഷപ്പാമ്പുകളെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഏറ്റെടുക്കാൻ തയ്യാറാകുന്നില്ലെന്നാണ് ഇവരുടെ പരാതി.
സർക്കാരിന്റെ ‘സർപ്പ’ ആപ്പ് വഴി രജിസ്റ്റർ ചെയ്ത്, നിയമപരമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഈ വളണ്ടിയർമാർ പാമ്പുകളെ പിടികൂടുന്നത്. പാമ്പിനെ പിടികൂടാൻ പോകുമ്പോഴും, പിടിച്ച ശേഷവും കൃത്യമായ വിവരങ്ങൾ ആപ്പിൽ അപ്‌ലോഡ് ചെയ്യണം. ഇങ്ങനെ നിയമം കൃത്യമായി പാലിച്ചിട്ടും, പിടികൂടിയ പാമ്പുകളെ വനംവകുപ്പ് വന്ന് കൊണ്ടുപോകുന്ന പതിവ് പാടേ നിലച്ചിരിക്കുകയാണ്.
മറ്റു ജോലികൾ ചെയ്ത് ജീവിക്കുന്ന ഈ വളണ്ടിയർമാർക്ക് ഈ സേവനത്തിന് പ്രതിഫലം ലഭിക്കുന്നില്ല. ഇതിനിടയിലാണ് പിടികൂടിയ പാമ്പുകളെ മുക്കത്തുനിന്നും 25 കിലോമീറ്ററിലധികം ദൂരമുള്ള താമരശ്ശേരി റേഞ്ച് ഓഫീസിൽ സ്വന്തം ചെലവിൽ എത്തിക്കേണ്ട ദുരവസ്ഥ. വനംവകുപ്പിന്റെ കടുത്ത അവഗണന കാരണം റെസ്ക്യൂ പ്രവർത്തനങ്ങളിൽ നിന്ന് തന്നെ പിന്മാറേണ്ടി വരുന്ന അവസ്ഥയിലാണ് വളണ്ടിയർമാർ. ജനവാസ കേന്ദ്രങ്ങളിൽ പാമ്പുകൾ ഇറങ്ങുന്നത് പതിവായ സാഹചര്യത്തിൽ, അധികാരികളുടെ ഈ അനാസ്ഥ വരും ദിവസങ്ങളിൽ വലിയ അപകടങ്ങൾക്ക് കാരണമായേക്കും. എത്രയും പെട്ടെന്ന് വനംവകുപ്പ് ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും സർപ്പമിത്ര വളണ്ടിയർമാരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.