രാമനാട്ടുകരയിൽ
എം.ഡി.എം.എയുമായി
പിടിയിലായവർ
കോഴിക്കോട്: രാത്രി കാറിലെത്തി രാമനാട്ടുകര നിസരി ജങ്ഷനിൽ ലഹരിവിൽപനക്ക് ശ്രമിച്ച രണ്ടുപേർ പിടിയിൽ. 50 ഗ്രാം എം.ഡി.എം.എ സഹിതം പള്ളിക്കൽ എരഞ്ഞിക്കൽ വീട്ടിൽ മുഹമ്മദ് ഷാഫി (37), കൊണ്ടോട്ടി മാണിക്കപറമ്പ് വീട്ടിൽ മുഹമ്മദ് ഷാഫി (36) എന്നിവരെയാണ് അസി. കമീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ആന്റി നാർകോട്ടിക് ഷാഡോ ടീമും സബ് ഇൻസ്പെക്ടർ പി.ടി. സൈഫുല്ലയുടെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേർന്ന് പിടികൂടിയത്. വിപണിയിൽ ഇതിന് ഒന്നരമുതൽ രണ്ടുലക്ഷം രൂപ വരെ വിലമതിക്കുമെന്ന് പൊലീസ് അറിയിച്ചു.
രാമനാട്ടുകര, ഫറോക്ക് ഭാഗങ്ങളിൽ രാത്രിയും പുലർച്ചയും വൻതോതിൽ ലഹരി കൈമാറ്റം നടക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി ഇവിടം പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അതിനിടെയാണ് സംഘം പിടിയിലായത്. ബംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്ന് എം.ഡി.എം.എ എത്തിച്ച് 20, 30, 50 ഗ്രാമുകളായി വിൽപന നടത്തുന്ന സംഘത്തിലെ കണ്ണികളാണിരുവരും.
ഇവർക്ക് ലഹരി നൽകുന്നവരെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരുകയാണ്. ഡൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, ആൻറി നാർകോട്ടിക് ഷാഡോ വിങ് അംഗങ്ങളായ ഷിനോജ്, സരുൺ, ശ്രീശാന്ത്, ലതീഷ്, തൗഫീഖ്, ഇബ്നു ഫൈസൽ, അഭിജിത്ത്, പി. അതുൽ, ഇ.വി. അതുൽ, ദിനീഷ്, മിഥുൻരാജ്, പി.പി. അജിത്ത്, ശ്യാംജിത്ത്, ഫറോക്ക് സ്റ്റേഷനിലെ സി.പി.ഒമാരായ ബിനീഷ് ഫ്രാൻസിസ്, സുമേഷ്, സന്തോഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.