കോഴിക്കോട്ട്​ ജിംനേഷ്യം തുറന്നപ്പോൾ

ടർഫുണർന്നു; ജിംനേഷ്യവും

കോഴിക്കോട്​: അഞ്ചു​ മാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന ടർഫുകളിൽ വീണ്ടും കളിയനക്കം. ജില്ലയിലെ 300ലേറെ ടർഫുകളാണ്​ ലോക്​ഡൗണും കോവിഡും കാരണം അടച്ചിരുന്നത്​. ഇളവുകൾ ലഭിച്ചപ്പോൾ കുറച്ച്​ കളിക്കളങ്ങൾ തുറന്നിരുന്നു. എന്നാൽ, ചിലയിടങ്ങളിൽ കോവിഡ്​ മാനദണ്ഡം പാലിക്കാതിരുന്നതും ടർഫിൽ കളിച്ച ഒരാൾക്ക്​ കോവിഡ്​ ബാധിച്ചതും കാരണം ജില്ല ഭരണകൂടം കർശന നിലപാടിലായിരുന്നു.

സമീപ ജില്ലകളിലെ ടർഫുകളിൽ പരിശീലനം പുനരാരംഭിച്ചിട്ടും കോഴിക്കോട്ട്​ അടഞ്ഞുകിടക്കുകയായിരുന്നു. തുടർന്നാണ്​ ജില്ല ഭരണകൂടം നിബന്ധനകളോടെ​ ടർഫും ജിംനേഷ്യവും തുറക്കാൻ അനുമതി നൽകിയത്​. ലക്ഷക്കണക്കിന്​ രൂപയുടെ നഷ്​ടമാണ്​ ടർഫ് ​ഉടമകൾക്കുണ്ടായതെന്ന്​ ടർഫ്​ ഓണേഴ്​സ്​ അസോസിയേഷൻ ജില്ല ജനറൽ സെക്രട്ടറി എ.​െക. മുഹമ്മദലി പറഞ്ഞു.

പലരും വാടകക്ക്​ സ്​ഥലമേറ്റെടുത്താണ്​ ടർഫ്​ നടത്തിയത്​. മികച്ച തൊഴിലവസര​െമന്ന നിലയിൽ നിരവധി പേരാണ്​ ഇൗ രംഗത്തേക്ക്​ എത്തിയത്​. വൻ തുക മുടക്കിയവർക്ക്​ അഞ്ചു​ മാസത്തോളം ചില്ലിക്കാശുപോലും വരുമാനമുണ്ടായിരുന്നില്ല. ചില സ്​ഥല ഉടമകൾ വാടക ഇളവ്​ നൽകിയതു​ മാത്രമാണ്​ ഏക ആശ്വാസം.

ഫുട്​ബാൾ ടർഫുകളാണ്​ ജില്ലയിൽ കൂടുതലുള്ളത്​. ക്രിക്കറ്റ്​, വോളിബാൾ ടർഫുകളും അപൂർവമായുണ്ട്​. പരിശീലനത്തിന്​ ടർഫ​ുകൾ തുറന്നു​െകാടുക്കാമെന്നാണ്​ കലക്​ടറു​ടെ ഉത്തരവ്​. മാസ്​ക്​ അടക്കം ധരിക്കണ​െമന്ന നിർദേശം പ്രായോഗികമാകില്ല. മാസ്​ക്കണിഞ്ഞ്​ കളിച്ചാൽ ശ്വാസംകിട്ടാത്ത അവസ്​ഥ വരും. ഒരേസമയം പത്തു​ പേർക്ക്​ മാത്രമേ കളിക്കാൻ അനുമതിയുള്ളൂ. ചില കളിക്കാർ ടർഫുകളിൽ തുപ്പുന്നതിനെതിരെ അധികൃതർ നേരത്തേ മുന്നറിയിപ്പ്​ നൽകിയിരുന്നു. കലക്​ടറുടെ ഉത്തരവ്​ വന്നതിന്​ പിന്നാലെ ടർഫുകളിൽ കളി പുനരാരരംഭിച്ചു. ചില ടർഫുകൾ അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട്​.

ജിംനേഷ്യങ്ങളും തുറന്നു​പ്രവർത്തിച്ചിട്ടുണ്ട്​. മാസങ്ങളായി വീടുകളിൽതന്നെ ബോഡി ബിൽഡിങ്​ പരിശീലനത്തിലായിരുന്നു പലരും. അകലം പാലിച്ച്​, ഒരേസമയം 20 പേർക്കുവരെ ജിംനേഷ്യത്തിൽ പരിശീലനത്തിന്​ അനുമതിയുണ്ട്​. മാനാഞ്ചിറ സ്​ക്വയറിൽ കഴിഞ്ഞ മാസം ഉദ്​ഘാടനം ചെയ്​ത്​ വെറുതെകിടക്കുന്ന ഓപൺ ജിംനേഷ്യവും ഉടൻ തുറക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.