ട്യൂഷൻ സെന്‍ററുകളിൽ ചൂരൽ കഷായം; വഴിതെറ്റി വിദ്യാർഥികളും പഠനപ്രവർത്തനവും

കോഴിക്കോട്: ചൂരൽ പ്രയോഗത്തിൽ വിദ്യാർഥികളെ വളച്ച് ട്യൂഷൻ സെന്‍ററുകൾ. കോവിഡ് കാലത്തെ പഠനപിന്നാക്കം മറികടക്കാനാണ് മിക്ക ട്യൂഷൻ സെന്‍ററുകളും ചൂരൽവടി പ്രയോഗം നടത്തി കുട്ടികളെ വരുതിയിലാക്കുന്നത്.

വടിയുപയോഗിച്ചുള്ള ശിക്ഷണം പാടില്ലെന്ന സർക്കാർ ഉത്തരവ് കാറ്റിൽ പറത്തിയാണ് അധ്യാപകർ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കെതിരെ മർദനമുറകൾ സ്വീകരിക്കുന്നത്. മനഃശാസ്ത്ര സമീപനങ്ങളിലൂടെ വിദ്യാർഥികളുടെ നൈപുണ്യം വളർത്തിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പും സർക്കാറും ശ്രമിക്കവെയാണ് കുട്ടികളുടെ നൈപുണിയും വ്യക്തിത്വവും തകർക്കുന്ന രീതിയിലുള്ള സമ്മർദങ്ങളും അശാസ്ത്രീയ പഠന രീതികളും ചില സ്ഥാപനങ്ങൾ സ്വീ കരിക്കുന്നത്.

അധ്യാപക പരിശീലനമോ അടിസ്ഥാന യോഗ്യതയോ ഇല്ലാത്തവരും കുട്ടികളുടെ മനഃശാസ്ത്രമറിയാതെ തങ്ങളുടെ വരുതിയിലാക്കാൻ മർദനമുറകൾ ഉപയോഗിക്കുകയാണ്. വിജയശതമാനം കൂട്ടി കൂടുതൽ കുട്ടികളെ സ്ഥാപനങ്ങളിലേക്ക് ആകർഷിക്കാനുള്ള ട്യൂഷൻ സെന്‍ററുകളുടെ മത്സരവും വിദ്യാർഥികളുടെ പീഡനത്തിന് കാരണമാകുകയാണ്. അടിസ്ഥാന സൗകര്യവും അനുമതിയുമില്ലാതെ പ്രവർത്തിക്കുന്ന മിക്ക ട്യൂഷൻ സെന്‍ററുകളിലും ബാലമുറ തുടരുകയാണ്.

അപകടകരമായ അവസ്ഥയിലാണ് പലതും പ്രവർത്തിക്കുന്നത്. തകർന്നുവീഴാറായ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ക്ലാസ് മുറികളിൽ കുട്ടികളെ കുത്തിനിറച്ചാണ് പ്രവർത്തനം. കുട്ടികളുടെ ജീവനുതന്നെ അപകടകരമായ നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പരിശോധിക്കാനോ നടപടികൾ സ്വീകരിക്കോനോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ ബാലാവകാശ കമീഷനോ തയാറാകുന്നില്ലെന്നാണ് വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.

ചൂരൽ പ്രയോഗം പരിഹാരമല്ലെന്നും അധ്യാപകരുടെ ദാരിദ്ര്യമാണ് ഇതു കാണിക്കുന്നതെന്നും സൈക്കോളജിസ്റ്റ് ഷാജൽ ബാലുശ്ശേരി പറഞ്ഞു. ബുദ്ധിപരമായ വഴക്കവും ഭാവനയും കൈവശമുള്ള അധ്യാപകർക്ക് വടിയെടുക്കേണ്ടി വരില്ലെന്നും പഠന സമ്മർദംമൂലം ചികിത്സതേടുന്ന കുട്ടികളുടെ എണ്ണം ഏറിവരുകയാണെന്നും ഷാജൽ ബാലുശ്ശേരി പറഞ്ഞു.

യോഗ്യതയും അടിസ്ഥാനസൗകര്യങ്ങളും ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ ബാലാവകാശ കമീഷൻ നടപടികൾ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞനായ ബാലകൃഷ്ണൻ പറഞ്ഞു.

Tags:    
News Summary - Tuition centers; Misguided students and learning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.