മനോഹര കാഴ്ച നൽകുന്ന ബേപ്പൂർ ബീച്ച്
കോഴിക്കോട്: ലോക വിനോദസഞ്ചാര ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തിയ ബേപ്പൂർ വീണ്ടും പുരസ്കാരത്തിളക്കത്തിൽ. ആഗോള വിനോദ സഞ്ചാര പ്രദര്‍ശനമായ ഐടിബി ബെര്‍ലിന്‍ 2026ല്‍ ഇരട്ട പുരസ്കാരങ്ങളുമായാണ് ബേപ്പൂർ തിളങ്ങിയത്. സുസ്ഥിര വികസന പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന തീരദേശ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് നല്‍കുന്ന ‘ക്വാളിറ്റി കോസ്റ്റ്’ സര്‍ട്ടിഫിക്കേഷനില്‍ വെങ്കല മെഡൽ നേടി ബേപ്പൂർ രാജ്യത്തിന്റെ അഭിമാനമായി.
ഇതോടെ ഈ പദവി നേടുന്ന ദക്ഷിണേഷ്യയിലെ ആദ്യ വിനോദസഞ്ചാര കേന്ദ്രം എന്ന ചരിത്ര നേട്ടംകൂടി ബേപ്പൂരിന്റെ പേരിലായി. ‘ഐടിബി ഗ്രീന്‍ ഡെസ്റ്റിനേഷന്‍ സ്റ്റോറി’ പുരസ്‌കാരമാണ് ബേപ്പൂരിന് ലഭിലച്ച രണ്ടാമത്തെ നേട്ടം. ഉരു നിർമാണ പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് ബേപ്പൂരിന് രണ്ടാമത്തെ പുരസ്‌കാരം. സാമ്പത്തികം, പരിസ്ഥിതി, സാമൂഹിക-സാംസ്‌കാരിക സുസ്ഥിരത തുടങ്ങിയ മേഖലകളിലെ മികവ് പരിഗണിച്ചാണ് ക്വാളിറ്റി കോസ്റ്റ് പുരസ്‌കാരം നല്‍കുന്നത്.
വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പരിപാലനം, പ്രകൃതിഭംഗി, കാലാവസ്ഥ, സംസ്‌കാരം, സാമൂഹിക ക്ഷേമം തുടങ്ങിയ തീമുകളിലായി 75 മാനദണ്ഡങ്ങള്‍ പരിശോധിച്ചാണ് അംഗീകാരം നല്‍കുന്നത്.
2025 ഒക്ടോബറില്‍ ദുബായില്‍ നടന്ന സുസ്ഥിര വിനോദസഞ്ചാര ഫോറത്തില്‍ ലോകത്തിലെ മികച്ച 100 കേന്ദ്രങ്ങളില്‍ ഒന്നായും ബേപ്പൂരിനെ തെരഞ്ഞെടുത്തിരുന്നു.
പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ബേപ്പൂരിൽ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് ഈ പുരസ്കാര നേട്ടങ്ങൾക്കുപിന്നിൽ.
കോഴിക്കോട് ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഏകോപനത്തിലാണ് ഓരോ പ്രവര്‍ത്തനങ്ങളും നടന്നത്. ബേപ്പൂരിനെ ലോക ടൂറിസം ഭൂപടത്തിൽ കൂടുതൽ മികവോടെ അടയാളപ്പെടുത്താൻ ഈ രണ്ടു പുരസ്കാരങ്ങളും കാരണമാകുമെന്നും അതുവഴി കൂടുതൽ ലോക സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാൻ കഴിയുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. അതോടെ കൂടുതൽ പ്രാദേശിക തൊഴിലുകളും വരുമാനവും ഉറപ്പുവരുത്താനും ബേപ്പൂരിന് കൂടുതൽ ലോകശ്രദ്ധനേടാനും സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിന്റെ പ്രധാന വരുമാനം ടൂറിസത്തില്‍ നിന്നാകുന്ന രീതിയിലുള്ള സാഹചര്യം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ ജീവിതത്തെ സ്പര്‍ശിക്കുന്ന ഒന്നായി ടൂറിസം മാറണം. ടൂറിസം വകുപ്പിന്റെ നിരന്തര പരിശ്രമത്തെ തുടര്‍ന്നാണ് സംസ്ഥാനത്തെ മികച്ച ടൂറിസം കേന്ദ്രമായി ബേപ്പൂര്‍ മാറിയത്.
സമൂഹത്തിന്റെ എല്ലാ തട്ടിലുള്ളവര്‍ക്കും അതിന്റെ ഗുണഫലം ലഭിക്കും. ‘ജനകീയ ടൂറിസം’ എന്ന ആശയം സാധ്യമാക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.