പി.കെ. ഫിറോസ് എം.എൽ.എ പടനിലം പാലം നിർമാണ പ്രദേശം സന്ദർശിക്കുന്നു
പടനിലം പാലം നിർമാണം അപ്രോച്ച് റോഡ് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കും
കൊടുവള്ളി: കൊടുവള്ളി-കുന്നമംഗലം നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത പാതയായ പടനിലം പാലത്തിന്റെ ശേഷിക്കുന്ന നിർമാണ പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിനുള്ള ഇടപെടലുകൾ ശക്തമാക്കിയതായി പി.കെ. ഫിറോസ് എം.എൽ.എ. പാലം സന്ദർശിച്ച് പ്രവൃത്തി പുരോഗതി വിലയിരുത്തിയ എം.എൽ.എ, ശേഷിക്കുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കരാറുകാർക്കും നിർദേശം നൽകി. പാലത്തിന്റെ പ്രധാന നിർമാണം പൂർത്തിയായിട്ടുണ്ട്. ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡ്, റീടെയ്‌നിങ് വാൾ, ഡ്രെയിനേജ് തുടങ്ങിയ അനുബന്ധ പ്രവൃത്തികളാണ് നിലവിൽ പുരോഗമിക്കുന്നത്.
നിർമാണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി മേയ് 26ന് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർക്കൊപ്പം എം.എൽ.എ സ്ഥലം സന്ദർശിച്ചിരുന്നു. തുടർന്ന് ജൂൺ അഞ്ചിന് കോഴിക്കോട് പി.ഡബ്ല്യു.ഡി കോംപ്ലക്സിൽ അവലോകന യോഗവും ആഗസ്റ്റ് 11ന് തിരുവനന്തപുരത്ത് പൊതുമരാമത്ത് മന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗവും ചേർന്നു.
മന്ത്രിതല യോഗത്തിലെ തീരുമാനങ്ങളുടെ തുടർനടപടിയായി ആഗസ്റ്റ് 14ന് കോഴിക്കോട് എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലും യോഗം ചേർന്നിരുന്നു. കരാർ കമ്പനിയുടെ ഭാഗത്തുനിന്നുള്ള പ്രവൃത്തികൾ കൂടുതൽ വേഗത്തിലാക്കുന്നതിന് വെള്ളിയാഴ്ച കോഴിക്കോട് യു.എൽ.സി.സി.എസ് ചെയർമാനുമായി എം.എൽ.എയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരും. പാലത്തിന്റെ ശേഷിക്കുന്ന പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിച്ച് ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിനുള്ള നടപടി യോഗത്തിൽ ചർച്ച ചെയ്യും.
നിർമാണം അനാവശ്യമായി വൈകുന്നത് അനുവദിക്കാനാകില്ലെന്നും കരാർ വ്യവസ്ഥകൾ പ്രകാരം പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കാൻ കരാറുകാർ തയാറാകണമെന്നും പി.കെ. ഫിറോസ് എം.എൽ.എ പറഞ്ഞു. ആവശ്യമായ സാങ്കേതിക നടപടികൾ പൂർത്തിയാക്കി പ്രവൃത്തി വേഗത്തിലാക്കുന്നതിനുള്ള ഇടപെടലുകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ്, വൈസ് പ്രസിഡന്റ് ഗിരീഷ് കുമാർ, വാർഡ് അംഗം സക്കീന മുഹമ്മദ്, മെംബർമാരായ സാലിഹ ഇബ്രാഹിം, അസറുദ്ദീൻ തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും എം.എൽ.എക്കൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.