ബസുകൾ തലങ്ങും വിലങ്ങും നിർത്തിയിട്ട കോ​ഴി​ക്കോ​ട് പാ​ള​യം ബ​സ്​​സ്​​റ്റാ​ൻ​ഡ്

സർ, പാളയം ബസ് സ്റ്റാൻഡ് വഴിയൊന്ന് വരുമോ?

കോഴിക്കോട്: നഗരത്തിന്റെ വികസനങ്ങളെ കുറിച്ച് നെടുങ്കൻ വാചകക്കസർത്ത് നടത്തുന്ന ജനപ്രതിനിധികൾ പാളയം ബസ് സ്റ്റാൻഡിലൊന്ന് കയറി നോക്കണം. ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റാൻഡിൽ പ്രാഥമികമായ സൗകര്യങ്ങൾ പോലുമില്ല. പേരിന് പോലും ഇവിടെ ഇരിപ്പിടമില്ല. പ്രായമായവരും ഗർഭിണികളും കുട്ടികളും തൊഴിലാളികളും ബസ് കയറാൻ വരുന്നിടമാണിത്.

നിലത്തോ സ്റ്റെപ്പിന് മുകളിലോ ആണ് അത്യാവശ്യം വന്നാൽ യാത്രക്കാർ ഇരിക്കുന്നത്. കിഴക്കൻ മേഖലയിലേക്കുള്ള നൂറ് കണക്കിന് ബസുകൾ പുറപ്പെടുന്ന സ്റ്റാൻഡിന്റെ അവസ്ഥയാണിത്. രാത്രിയായാൽ വേണ്ടത്ര വെളിച്ചമില്ല. ശുചിത്വം തീരെയില്ല. പണം കൊടുത്തുപയോഗിക്കുന്ന ശുചിമുറികളുടെ അവസ്ഥയും ദയനീയമാണ്.

അകത്തുകയറിയാൽ ദുർഗന്ധം കൊണ്ട് ശ്വാസം മുട്ടും. സാമൂഹിക വിരുദ്ധ ശല്യവും രൂക്ഷമാണ്. മയക്കുമരുന്ന് വിൽപനക്കാർ ബസ് സ്റ്റാൻഡ് താവളമാക്കുന്നുവെന്ന് പൊലീസ് തന്നെ പറയുന്നു. പഴ്സ് തട്ടിപ്പറിക്കൽ, ബലം പ്രയോഗിച്ച് ഗൂഗിൾ പേ വഴി പണം അപഹരിക്കൽ, സ്ത്രീകൾക്ക് നേരെയുള്ള അക്രമം എന്നിവയെല്ലാം ഇവിടെ റിപ്പോർട്ട് ചെയ്യാറുണ്ട്. ബസുകാർ തമ്മിലുള്ള തർക്കങ്ങൾ വേറെ. സമയക്രമത്തെ ചൊല്ലിയുള്ള തർക്കം പലപ്പോഴും ആയുധങ്ങൾ ഉപയോഗിച്ചുള്ള സംഘട്ടനമായി മാറുന്നുണ്ട്.

സ്ത്രീ യാത്രികർക്ക് നേരെ പോലും ആക്രമണമുണ്ടായി. ലോകോത്തര നിലവാരത്തിലുള്ള നഗരമാക്കി കോഴിക്കോടിനെ മാറ്റുമെന്നാണ് ജനപ്രതിനിധികളുടെ വാഗ്ദാനം. ഇത്തരം ബസ് സ്റ്റാൻഡുകളെ സാധാരണ നിലവാരത്തിലേക്കെങ്കിലും ഉയർത്തിയാൽ മതി എന്നാണ് യാത്രികർ ആവശ്യപ്പെടുന്നത്.

Tags:    
News Summary - Sir, can you come via Palayam bus stand?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.