പയ്യോളി: തിമർത്തു പെയ്ത കാലവർഷം ഏതാനും ദിവസങ്ങളായി മാറി നിന്നപ്പോൾ കുഴിക്കും വെള്ളക്കെട്ടിനും പകരം ദേശീയപാതയാകെ പൊടിയിൽ മുങ്ങിക്കുളിക്കുകയാണ്. തിക്കോടി ടൗണിന് തെക്കുഭാഗത്ത് നിർമാണം പൂർത്തിയാവാത്ത ആറുവരിപ്പാതയുടെ തുടക്കത്തിലാണ് പൊടി ശല്യം ഏറെ രൂക്ഷമായിരിക്കുന്നത്. ഇവിടെ അടിപ്പാത അനുവദിച്ചതിനാൽ ആറുവരിപ്പാതയുടെ നിർമാണം പൂർത്തീകരിക്കാൻ പറ്റാത്ത അവസ്ഥയാണ്. എന്നാൽ, അടിപ്പാതയുടെ പ്രാരംഭ ജോലികൾ പോലും ഇതുവരെ ആരംഭിച്ചിട്ടുമില്ല. ഇതുകാരണം പ്രദേശമാകെ പൊടിയിൽ മുങ്ങുകയാണ്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊടി നിറയുന്നത് കാരണം വാഹനങ്ങൾക്ക് പരസ്പരം കാണാൻ പറ്റാത്ത അവസ്ഥയാണ്. ഇത് വൻ അപകടങ്ങൾ ക്ഷണിച്ചുവരുത്താൻ സാധ്യത ഏറെയാണ്.
കുഴിയടക്കാൻ ഉപയോഗിക്കുന്ന സിമന്റ് മിശ്രിതം കലർന്ന പൊടിയാണ് വാഹനങ്ങൾ പോകുമ്പോൾ ആളുകളുടെ മൂക്കിലേക്കും വായയിലേക്കും അടിച്ചുകയറുന്നത്. ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന സിമന്റ് പൊടി ശ്വസിക്കേണ്ട ഗതികേടിലാണ് യാത്രക്കാരും നാട്ടുകാരും. വേനൽക്കാലത്ത് റോഡ് നിർമാണ കരാറുകാർ പൊടിശല്യം ഒഴിവാക്കാൻ വെള്ളമൊഴിക്കാറുണ്ടായിരുന്നു. എന്നാൽ, മൺസൂൺ സീസണായതുകൊണ്ട് മഴ പെയ്യുമെന്ന കണക്കുകൂട്ടലിൽ കരാറുകാർ ഇപ്പോൾ റോഡിൽ വെള്ളമൊഴിക്കാറുമില്ല . കുഴിയടക്കാൻ ടാർ ചെയ്യുന്നതിന് പകരം സിമൻറ് മിശ്രിതം ചേർത്ത മണലാണ് കരാറുകാരായ വഗാഡ് കമ്പനി വ്യാപകമായി ദേശീയപാതയിൽ ഉപയോഗിക്കുന്നത്. ഇത് അക്ഷരാർത്ഥത്തിൽ കണ്ണിൽ പൊടിയിടുന്നതിന് തുല്യമായ അവസ്ഥയിലാണ്.
മൂരാട് മുതൽ നന്തി വരെയുള്ള ദേശീയപാതയിൽ പൊടിശല്യവും, മഴപെയ്താൽ വെള്ളക്കെട്ടും കുഴികളും കാരണമുള്ള യാത്രാദുരിതം കഴിഞ്ഞ നാല് വർഷമായി വിവരണാതീതമാണ്. നിർമാണം പൂർത്തീകരിക്കാനോ വേണ്ടത്ര വേഗത കൂട്ടാനോ ബന്ധപ്പെട്ട അധികൃതരോ കരാർ കമ്പനിയോ ചെറുവിരലനക്കുന്നില്ല എന്നത് നാട്ടുകാരിൽ ഏറെ പ്രതിഷേധമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.