മിംസ് ആശുപത്രിക്കു സമീപം ആംബുലൻസ് കത്തിയമർന്നതിന്റെ ദൃശ്യം. വാഹനം തീഗോളമായതിനെതുടർന്ന് കെട്ടിടത്തിന്റെ മുകൾനിലയിലേക്ക് തീപടർന്ന് കത്തിയതും കാണാം. ഇൻസൈറ്റിൽ രാമകൃഷ്ണൻ.
കോഴിക്കോട്: രാത്രി ഉറക്കമൊഴിച്ചുള്ള ഡ്യൂട്ടി കഴിഞ്ഞുവന്നാൽ രാമകൃഷ്ണന് പകലുറക്കം പതിവാണ്. തലേന്ന് ഉറക്കമൊഴിഞ്ഞതിന്റെ ക്ഷീണമുണ്ടെങ്കിലും അപകടം നേരിൽ കണ്ടതിന്റെ ഭീതിയിൽ രാമകൃഷ്ണന് ചൊവ്വാഴ്ച പകൽ ഒരുതരിപോലും ഉറങ്ങാനായില്ല.
കണ്ണടക്കുമ്പോഴേക്കും റോഡിൽ കിടന്നുള്ള കൂട്ടക്കരച്ചിലും തീ ആളിപ്പടരുന്നതിന്റെ ഭയാനക ചിത്രവും കണ്ണിലെത്തും. ആംബുലൻസ് മറിഞ്ഞ് തീപിടിച്ച് രോഗി വെന്തുമരിച്ച അപകടസ്ഥലത്തിന്റെ തൊട്ടുമുന്നിലുള്ള ഹ്യുണ്ടായ് ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരനാണ് രാമകൃഷ്ണൻ.
പുലർച്ച മൂന്നേകാലോടെ ദൂരെനിന്ന് ആംബുലൻസിന്റെ സൈറൺ മുഴക്കം സെക്യൂരിറ്റി കാബിനിലിരുന്നു കേട്ടിരുന്നതായി രാമകൃഷ്ണൻ പറയുന്നു. ഉടൻതന്നെ ഉഗ്രശബ്ദം റോഡിൽനിന്ന് കേട്ടു. പിന്നീട് കേട്ടത് സ്ത്രീകളുടെ കൂട്ടക്കരച്ചിലാണ്. പുറത്തുവന്ന് നോക്കുമ്പോഴേക്കും തീ പടരുന്നതാണ് കണ്ടത്.
റോഡിൽ ഒരു പുരുഷൻ കിടന്നു പിടയുന്നതും കാണുന്നുണ്ടായിരുന്നു. പല വാഹനങ്ങൾ കടന്നുപോയെങ്കിലും ഒന്നും നിർത്തിയില്ലെന്ന് രാമകൃഷ്ണൻ പറഞ്ഞു. തന്റെ കൈയിലുണ്ടായിരുന്ന ഫോൺ ചെയ്യാൻപോലും കഴിയാതെ പരിഭ്രാന്തനായി.
അതുവഴിവന്ന ഇരുചക്രവാഹനം നിർത്തി. കാര്യങ്ങൾ മനസ്സിലായതോടെ ഇദ്ദേഹം ആശുപത്രിഭാഗത്തേക്ക് പോയി. ഇതിനിടെ, ഓട്ടോ ഡ്രൈവർ മിംസ് ആശുപത്രിയിൽ വിവരം അറിയിച്ചതിനെതുടർന്ന് ആംബുലൻസ് എത്തി പരിക്കേറ്റവരെ കൊണ്ടുപോയി. വാഹനത്തിനുള്ളിൽ രോഗിയുണ്ടെന്ന വിവരം രക്ഷപ്പെട്ടവർ അറിയിച്ചെങ്കിലും നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ.
തീ ആളിപ്പടർന്ന് മൂന്നുനില കെട്ടിടത്തിന്റെ മുകൾഭാഗം വരെ കത്തി കമ്പികളും ഷീറ്റുകളും ഉരുകി അടർന്നുവീഴുകയായിരുന്നു. നിരവധി കാറുകൾ ഷോറൂമിൽ ഉള്ളതിനാൽ തീപടർന്നാൽ അപകടമാകുമെന്ന് കരുതി ബന്ധപ്പെട്ടവരെ വിവരമറിയിച്ചു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെത്തുടർന്ന് അഗ്നിശമന ഉദ്യോഗസ്ഥരും പൊലീസും വൈദ്യുതി ജീവനക്കാരും സ്ഥലത്തെത്തി.
കനത്ത മഴയിലും ഏറെനേരം പണിപ്പെട്ടാണ് കെട്ടിടത്തിലെയും ആംബുലൻസിലെയും തീയണച്ചത്. രോഗിയുടെ കത്തിക്കരിഞ്ഞ ശരീരഭാഗം പുറത്തെടുത്ത ദാരുണകാഴ്ച താങ്ങാനായില്ലെന്ന് രാമകൃഷ്ണൻ പറഞ്ഞു. ഭർത്താവ് സംഭവം വിവരിച്ചത് കരച്ചിലോടെയായിരുന്നുവെന്ന് രാമകൃഷ്ണന്റെ ഭാര്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.